തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ ആധുനിക സാങ്കേതികവിദ്യയിലൂടെ സൃഷ്ടിച്ച ചെലവു കുറഞ്ഞ നൂതന സേവനങ്ങളും ഉല്‍പ്പന്നങ്ങളും പ്രയോജനപ്പെടുത്താന്‍ വ്യവസായങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ട് കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ് യുഎം) സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംഘടിപ്പിക്കുന്ന ‘ബിഗ് ഡെമോ ഡേ’യ്ക്ക് ഇന്ന് (വ്യാഴം) തുടക്കം.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക മികവും നൂതനാശയങ്ങളും പരിചയപ്പെടുത്തുകയും അതുപയോഗപ്പെടുത്തി ബിസിനസ് അഭിവൃദ്ധിപ്പെടുത്തുകയുമാണ് അഞ്ചു ദിവസത്തെ പരിപാടിയുടെ ലക്ഷ്യം.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവേശിക്കാനാകുന്നതും ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ഉല്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതുമായ ക്രോസ് സെല്‍ പ്ലാറ്റ്ഫോമായ www.business.startupmission.in വെബ്സൈറ്റും ഇന്ന് പ്രകാശനം ചെയ്യും. ഈ പ്ലാറ്റ്ഫോമില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും. വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യകതയ്ക്ക് അനുയോജ്യമാണ് ഇവയെങ്കില്‍ സ്റ്റാര്‍ട്ടപ്പുകളുമായി ആശയവിനിമയം നടത്താം.
വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവയുടെ ആവശ്യകതകള്‍ ഈ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്യാം. അനുയോജ്യമായ പ്രതിവിധികളുമായി സ്റ്റാര്‍ട്ടപ്പുകള്‍ എത്തും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്തുന്നതിന് നിക്ഷേപകരുമായി സംവദിക്കാനുള്ള അവസരവും ക്രോസ് സെല്‍ പ്ലാറ്റ്ഫോമിലുണ്ട്.
മെച്ചപ്പെട്ട സാങ്കേതികവിദ്യയിലൂടെ ഉല്പന്നങ്ങള് നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിന് വ്യവസായങ്ങളെ സഹായിക്കാനും അതിലൂടെ സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് അഭിവൃദ്ധിപ്പെടുത്തുന്നതിനുമാണ് ‘ബിഗ് ഡെമോ ഡേ’ ഊന്നല്‍ നല്‍കുന്നത്. വ്യവസായം, കോര്‍പ്പറേറ്റുകള്‍, അസോസിയേഷനുകള്‍, നിക്ഷേപകര്‍, കണ്‍സള്‍ട്ടന്റുമാര്‍, രാജ്യാന്തര ഏജന്‍സികള്‍ എന്നിവയ്ക്ക് സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കുന്നതിന് പരിപാടി വേദിയാകും.
ഓരോരുത്തരുമായുള്ള ആശയ, ഉല്‍പ്പന്ന അവതരണങ്ങളും ജൂണ്‍ 30 വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായിരിക്കും. ഐടി സംരംഭകരുടെ കൂട്ടായ്മയായ ജിടെക്കും വിവിധ ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
വ്യവസായികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും ആവശ്യങ്ങള്‍ മനസ്സിലാക്കാനും വ്യവസായ സംഘടനകളുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പ് മിഷന് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. തിരഞ്ഞെടുക്കപ്പെടുവര്‍ക്ക് അഞ്ചു ദിവസത്തെ ഡെമോ ഡേയില്‍ വിവിധ വ്യവസായ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ഓണ്‍ലൈനായി സംവദിക്കാനുള്ള അവസരം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ് യുഎമ്മിന്റെ ബിസിനസ് കോ-ഓര്‍ഡിനേറ്ററായ സവാദ് സയ്യിദുമായി ബന്ധപ്പെടാം. ഫോണ്‍: 7736495689, ഇമെയില്‍: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: