ഇടുക്കി: ദേവികുളം ഗ്യാപ്പ് റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ മലയിടിച്ചില്‍ സംബന്ധിച്ച് പൊതുമരാമത്ത് (എന്‍എച്ച് വിഭാഗം) നല്കിയ റിപ്പോര്‍ട്ട് വകുപ്പ് മന്ത്രി തിരിച്ചയച്ചു. റിപ്പോര്‍ട്ട് കരാര്‍ കമ്പനിക്ക് അനുകൂലമാണെന്നും മലയിടിച്ചിലില്‍ കൂടുതല്‍ വിശദീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് മന്ത്രി ജി. സുധാകരന് തിരിച്ചയച്ചത്.
ലോക്ക് ഡൗണ്‍മൂലം ഗ്യാപ്പ് റോഡിലെ പാറകള്‍ നീക്കം ചെയ്യാന്‍ വൈകി എന്നാണ് നിര്‍മാണം കരാര്‍ എടുത്ത കമ്പനിയുടെ വാദം. ഇത് ഉള്‍പ്പെടുത്തി നല്കിയ റിപ്പോര്‍ട്ടാണ്, അപകടത്തിന്റെ വ്യക്തമായ കാരണം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് മന്ത്രി മടക്കിയത്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കി നല്‍കുമെന്ന് ദേശീയപാത മൂവാറ്റുപുഴ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി. ദീപ പറഞ്ഞു.
ഈ മാസം അവസാനം കോഴിക്കോട് എന്‍ഐടിയില്‍ നിന്നുള്ള വിദഗ്ധ സംഘം റോഡ് സന്ദര്‍ശിക്കും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നിര്‍മാണം പുനരാരംഭിക്കുക. കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ അശാസ്ത്രീയമായ പാറപൊട്ടിക്കലിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി വന്‍തോതില്‍ മലയിടിയുകയാണ്. നിലവില്‍ ഇടിഞ്ഞ പാറകള്‍ പൊട്ടിച്ച് നീക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മഴക്കാലം പൂര്‍ത്തിയാകുന്നതോടെ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നാണ് ദേശീയപാത വിഭാഗം അറിയിക്കുന്നത്.
അതേസമയം, മലയിടിച്ചിലുണ്ടായ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊതുമരാമത്ത് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ചീഫ് എഞ്ചിനീയര്‍ക്കും പരാതി നല്കി. കഴിഞ്ഞ ദിവസമുണ്ടായ മലയിടിച്ചിലില്‍ മാത്രം രണ്ട് കര്‍ഷകര്‍ക്കാണ് ഭൂമി നഷ്ടപ്പെട്ടത്. വീടിനടുത്ത് വരെ മണ്ണിടിഞ്ഞെത്തിയിട്ടും ഇവരെ മാറ്റിപാര്‍പ്പിക്കാനും അധികൃതര്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: