തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലയില്‍ ഏറ്റവും അധികം ജീവനക്കാരുള്ള വിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമനങ്ങള്‍ക്ക് വിലങ്ങിടണമെന്ന് ചെലവുചുരുക്കല്‍ പഠന സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളില്‍ സമൂലമാറ്റം വേണം. നിയമനം ആദ്യ മൂന്നുവര്‍ഷം തല്ക്കാലികമായിരിക്കണമെന്നും നാലാംവര്‍ഷവും ഒഴിവു നിലനില്ക്കുന്നുണ്ടെങ്കില് മാത്രം സ്ഥിര നിയമനം നല്കിയാല് മതിയെന്നും നിര്‍ദേശം. സിഡിഎസ് ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണി അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ ജീവനക്കാരില്‍ 46 ശതമാനം വിദ്യാഭ്യാസ വകുപ്പിലാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ശമ്പളം ഇരട്ടിയായി. കുട്ടികളുടെ എണ്ണം 31 ആയാല്‍ അധ്യാപക നിയമനം എന്നത് വലിയ ഭാരമാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. നിലവിലുള്ള അധ്യാപക നിയമനരീതിയില്‍ സമൂലമാറ്റത്തിനാണ് സമിതി ശുപാര്‍ശ. മൂന്നു വര്‍ഷം വിവിധ സ്റ്റാന്‍ഡേര്‍ഡുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ ശരാശരി, വിദ്യാര്‍ഥി പ്രവേശനത്തിനുള്ള ഉയര്‍ന്ന പരിധിയാക്കണം. ഇതിനു മുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കരുത്.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഒരു അക്കാദമിക വര്‍ഷത്തേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. അടുത്ത വര്‍ഷം തസ്തിക നിലനില്‍ക്കുമോയെന്നത് ഉറപ്പില്ലാത്തതിനാല്‍ മൂന്നു വര്‍ഷത്തേക്ക് ദിവസവേതന നിയമനം നല്‍കണം. നാലാം വര്‍ഷവും തസ്തികയുണ്ടെങ്കില്‍ സ്ഥിര നിയമനം നല്‍കാം. വെക്കേഷന് ഈ അധ്യാപകര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ല. ലീവ് വേക്കന്‍സിയില്‍ കയറിയശേഷം തസ്തികയ്ക്ക് അവകാശം ഉന്നയിക്കുന്ന സംവിധാനം നിര്‍ത്തലാക്കണം. ലീവെടുത്ത് മറ്റ് ജോലിക്ക് പോകുന്നതും പകരം അധ്യാപകരെ നിയമിക്കുന്നതും തടയണം.
എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ ആധാര്‍ അധിഷ്ഠിത പരിശോധനയ്ക്ക് ശേഷംമേ തസ്തിക അനുവദിക്കാവൂ. തൊഴില്‍ നഷ്ടപ്പെട്ട അധ്യാപകരെ സംരക്ഷിക്കേണ്ടതില്ല. ഇവര്‍ക്ക് ശമ്പളമില്ലാത്ത അവധി നല്‍കണം. പിന്നീട് എയ്ഡഡ് സ്കൂളുകളിലുണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നല്‍കണം. തൊഴില്‍ നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് നല്‍കിവരുന്ന പ്രൊട്ടക്ഷന്‍ നിര്‍ത്തലാക്കണം. വ്യാജ വിദ്യാര്‍ഥി പ്രവേശനം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം.
25 കുട്ടികളില്ലാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കണം. സംസ്ഥാനത്ത് 382 സര്‍ക്കാര്‍ സ്കൂളുകളിലും 614 എയിഡഡ് സ്കൂളുകളിലും വേണ്ടത്ര വിദ്യാര്‍ഥികളില്ല. ഒരു പ്രദേശത്തെ ലാഭകരമല്ലാത്ത സ്കൂളുകള്‍ ഒന്നിച്ചാക്കുകയും മറ്റു സ്കൂളുകളുടെ സ്ഥലം സര്‍ക്കാരിനു മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യണമെന്നും നിര്‍ദേശത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: