നടുവണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളം ജീവനക്കാരനായ നടുവണ്ണൂര്‍ സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ നടുവണ്ണൂരില്‍ പെട്രാള്‍ പമ്പും ബേക്കറിയും ഫ്രൂട്ട്സ് കടയും അടച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡിലെ താമസക്കാരനായ എയര്‍പോര്‍ട്ട് ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ എയര്‍പോര്‍ട്ട് ജീവനക്കാരനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നയാളാണ് ഈ ജീവനക്കാരന്. ജൂണ്‍ 18 ന് ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്വന്തം വാഹനത്തില്‍ എത്തുകയും സ്രവപരിശോധന നടത്തി പോസിറ്റീവായതിനാല്‍ ചികിത്സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റുകയുമായിരുന്നു.
16ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് ഇയാള്‍ രാവിലെ 9.30നും 10.30നും ഇടയില്‍ നടുവണ്ണൂര്‍ ടൗണിലെ പെട്രോള്‍പമ്പ്, ഫെയ്മസ് ബേക്കറി, വരാന്തയിലെ ഫ്രൂട്ട്സ് സ്റ്റാള്‍ എന്നിവിടങ്ങളിലെത്തിയത്. 18ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 ടെസ്റ്റ് നടത്തി തിരിച്ചുവരുംവഴി കൊണ്ടോട്ടിയിലെ പെട്രോള്‍ പമ്പ്, പുളിക്കലിലെ ഫ്രൂട്ട്സ് കടയിലും ഇയാള്‍ കയറിയിട്ടുണ്ട്.
ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ പെട്രാള്‍ പമ്പ് ജീവനക്കാരന്, ഫെയ്മസ് ബേക്കറി ജീവനക്കാര്‍, ഫ്രൂട്ട്സ് സ്റ്റാള്‍ ജീവനക്കാര്‍, അദ്ദേഹത്തിന്റെ പിതാവ്, കൂടെ താമസിച്ചവര്‍ എന്നിവരോട് 14 ദിവസം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്കി. ഈ സ്ഥാപനങ്ങള്‍ അടച്ചിടാനും അണുനശീകരണം നടത്തിയതിനുശേഷം പകരം ജീവനക്കാരെ വെച്ചുതുറന്നു പ്രവര്‍ത്തിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയതായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ മരണമടഞ്ഞ നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയും അടച്ചു. ഇയാള്‍ക്ക് കോവിഡ് 19 ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ആശുപത്രി അടച്ചത്. ഈറോഡ് സ്വദേശി ഷണ്മുഖം (50) ആണ് തിങ്കളാഴ്ച രാത്രി 8.45ഓടെ കുഴഞ്ഞുവീണ് മരിച്ചത്. നടുവണ്ണൂര്‍ – പേരാമ്പ്ര സംസ്ഥാനപാതയില്‍ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയാണ് അണുനശീകരണത്തിനായി അടച്ചിട്ടത്.
സംസ്ഥാന പാതയിലൂടെ പോവുകയായിരുന്ന ഷണ്മുഖം ആശുപത്രിക്ക് മുന്നില്‍ ലോറി നിര്‍ത്തി പെട്ടെന്ന് രക്ഷിക്കണേയെന്നു പറഞ്ഞ് ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനാല്‍ ഇസിജിയെടുത്തു. തൊട്ടുപിന്നാലെ ഷണ്മുഖം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇത് ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി.
മരണശേഷം ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ല. ഷണ്മുഖത്തിന്റെ മൃതദേഹം ആംബുലന്‍സില്‍ മൃതദേഹം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് ആശുപത്രി അടച്ചിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: