കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ സൈബര്‍ അക്രമണത്തില്‍ മനംനൊന്താണ് സുരേന്ദ്രന്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ടതെന്ന ആരോപണവുമായി കെപിസിസി നിര്‍വ്വാഹക സമിതിയംഗം കെ. പ്രമോദ് രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കെ. സുധാകരന്‍ എംപി രംഗത്തെത്തിയതോടെ ഇടക്കാലത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസ്സിലെ വിഴുപ്പലക്കല്‍ ശക്തമാകുകയാണ്.
സുരേന്ദ്രനെ ജാതീയമായി അധിക്ഷേപിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്നും സൈബര്‍ ആക്രമണം നടത്തിയ ആളെ നേരത്തെ തന്നെ പര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നുമാണ് സുധാകരന്‍ മാധ്യമങ്ങളോട് പ്രതകരിച്ചത്. പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയില്‍ നേരത്തെ ഡിസിസിക്ക് പരാതി ലഭിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. അടുത്ത കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് പാര്‍ട്ടി ഉദ്ദേശിച്ചിരുന്നതെന്ന സുധാകരന്റെ പ്രസ്താവന കണ്ണൂരിലെ സ്ഥാനമോഹികളായ ചില പ്രാദേശിക നേതാക്കളെ ലക്ഷ്യമിട്ടാണ്. സുരേന്ദ്രനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട ദീവേഷ് ചേനോളി ചിലരുടെ ബിനാമിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
നിലവില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം വനിതാസംവരണമാണ്. മേയര്‍ സ്ഥാനത്ത് കോണ്‍ഗ്രസ്സിലെ സുമാ ബാലകൃഷ്ണനും ഡെപ്യൂട്ടി മേയറായി കോണ്‍ഗ്രസ്സ് വിമതനായി മത്സരിച്ചു ജയിച്ച പി.കെ. രാഗേഷുമാണ് ഇപ്പോഴുള്ളത്. അടുത്ത തവണ വനിതാസംവരണം മാറുന്നതോടെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിരവധി നേതാക്കള്‍ അണിയറയില്‍ കരുക്കള്‍ നീക്കുന്നുണ്ട്. ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, കൗണ്‍സിലര്‍ ടി.ഒ. മോഹനന്‍, കഴിഞ്ഞതവണ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് റിജില്‍ മാക്കുറ്റി തുടങ്ങിയവരെല്ലാം ഈ പാട്ടികയില്‍ വരും. കണ്ണൂരില്‍ കെ. സുധാകരന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് കണ്ണൂര്‍ കോര്‍പറേഷനില്‍ സ്വതതന്ത്രനായി മത്സരിച്ച് ജയിച്ചയാളാണ് പി.കെ. രാഗേഷ്. പിന്നീട് കോര്‍പറേഷനില്‍ അധികാരം നിലനിര്‍ത്തുന്നതിന് പാര്‍ട്ടി രാഗേഷുമായി വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. ഗ്രൂപ്പ് പോര് രൂക്ഷമായാല്‍ പി.കെ. രാഗേഷ് നേരത്തെ സ്വീകരിച്ചതുപോലെ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്. ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയെ മാറ്റി നര്‍ത്തി സുധാകരന്‍ പ്രതികരണം നടത്തിയതിലും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: