കട്ടപ്പന: ലോക്ഡൗണ്‍ കാലം ചിലര്‍ക്ക് വിവിധങ്ങളായ കലാസൃഷ്ടികള്‍ രൂപപ്പെടുത്തി എടുക്കുവാന്‍ സഹായിച്ച ഒരു സമയമായിരുന്നു. ഇങ്ങനെ വിവിധ ആളുകളുടെ കലാസൃഷ്ടികള്‍ നമ്മള് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കണ്ട് കഴിഞ്ഞതുമാണ്.
എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്ഥനാകുകയാണ് വാഴവര സ്വദേശിയായ പാറയ്ക്കല്‍ ധനുഷ് പി. രഘുനാഥ്. മുട്ട കൃത്രിമമായി വിരിയിക്കുന്ന മിനി ഇന്‍ക്യുബേറ്ററാണ് ധനുഷ് നിര്‍മ്മിച്ചത. ഇതില്‍ ആദ്യഘട്ടത്തില്‍ പതിനേഴോളം താറാവിന് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുകയും ചെയ്തു.
മുട്ടം പോളിടെക്നിക് കോളേജില്‍ ഇലക്ട്രിക് ആന്റ് ഇലട്രോണിക്സ് വിദ്യാര്‍ത്ഥിയാണ് ധനുഷ്. ലോക് ഡൗണ്‍ വേളയില്‍ വീട്ടില്‍ ഇരുന്ന സമയത്ത് തന്റെ മനസ്സില്‍ ഉദിച്ച ഈ വ്യത്യസ്ഥമായ ആശയം ചുരുങ്ങിയ സമയത്തിനുള്ളില്‍ ധനുഷ് പ്രാവര്‍ത്തികമാക്കുകയായിരുന്നു. 3 ദിവസം കൊണ്ട് ഒരു മിനി ഇന്‍ക്യുബേറ്റര്‍ തയ്യാറാക്കി. മൂന്നടി പൊക്കവും ഒന്നര അടി ചതുരവുമുള്ള ബോക്സ് ഇതിനായി നിര്‍മ്മിച്ചു.
ഇതിനു ശേഷം ഇതിനുള്ളില്‍ തെര്‍മോക്കോള്‍ ഒട്ടിച്ച് മുട്ടകള്‍ അടുക്കി വെയ്ക്കാന്‍ വിവിധ ട്രേകള്‍ നിര്‍മ്മിച്ചു. 250 മുട്ടകള്‍ വരെ വെയ്ക്കാന്‍ സാധിക്കുന്ന ഇന്‍ക്യുബേറ്ററാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുട്ട വിരിയാന്‍ വേണ്ട കൃതിമ ചൂട് വൈദ്യുതിയുടെ സഹായത്താല്‍ ബള്‍ബ് പ്രകാശിപ്പിച്ചാണ് ഉണ്ടാക്കുന്നത്. പെട്ടിക്കുള്ളിലെ ചൂട് ഡിജിറ്റലായി അറിയുവാനുള്ള സംവിധാനവും പെട്ടിക്ക് പുറത്ത് ഉണ്ട്.
കൂടാതെ തെര്‍മോസ്റ്റാറ്റ് ഉള്‍പ്പെടെയുള്ളവ ഈ പെട്ടിക്ക് പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. ചൂട് കൂടിയാല്‍ ഓട്ടോമാറ്റിക്കായി ബള്‍ബ് ഓഫാകാനുള്ള സംവിധാനവും ഒരുക്കി. പെട്ടിക്കുള്ളില്‍ ചൂട് എല്ലാ ഭാഗത്തേക്ക് ചെല്ലുവാന്‍ ചെറിയ ഒരു ഫാനും ഹ്യൂമിഡിറ്റി നിയന്ത്രിക്കുവാന്‍ പാത്രത്തില്‍ വെള്ളവും തയ്യാറാക്കി. ആദ്യ ഘട്ട പരീക്ഷണത്തില്‍ 20 മുട്ടകളാണ് വെച്ചത് ഇതില്‍ പതിനേഴ് മുട്ടകള്‍ വിരിയുകയും ചെയ്തു. മിനി ഇന്‍ക്യുബേറ്ററിന്റെ നിര്‍മ്മാണത്തില്‍ അച്ഛന്, അമ്മ, സഹോദരങ്ങള്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നെന്ന് ധനുഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: