കോന്നി: ഒരുകുടുംബത്തിലെ നാലുപേരെ വീടുകയറി അക്രമിച്ച് പരിക്കേൽപ്പിക്കുകയും പിന്നീട് ആശുപത്രിയിലും ഇവരെ മർദ്ദിക്കുകയും ചെയ്ത സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പോലീസ്. ഊട്ടുപാറയിൽ പരസ്യമദ്യപാനം ചോദ്യം ചെയ്ത കുടുംബത്തിന് നേരെയാണ് രണ്ടുതവണ ആക്രമണം ഉണ്ടായത്. ഊട്ടുപാറ ചരിവുകാലാ പുത്തൻവീട്ടിൽ ബിനു, ഭാര്യ രാജി, ഇവരുടെ അച്ഛൻ വിജയകുമാർ, അമ്മ രാജമ്മ എന്നിവർക്കാണ ് മർദ്ദനമേറ്റത്. ഊട്ടുപാറ സ്ക്കൂളിന് സമീപം ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
ഊട്ടുപാറ സ്വദേശികളായ അഭിലാഷ്, റെജി, സാബു, സതീഷ് എന്നിവരാണ് അക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. മുഖത്തും തലയിലും പരിക്കേറ്റ നാലുപേരും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രിയോടെ അക്രമിസംഘം ആശുപത്രിയിലെത്തി അഴിഞ്ഞാടുകയായിരുന്നു. പരിക്കേറ്റവരെ വീണ്ടും മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ആണെന്ന് പറഞ്ഞുകൊണ്ടാണ് ആശുപത്രിയിൽ ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അക്രമികളെ പിടികൂടിയില്ലെന്ന് പരാതിയുണ്ട്. കേസെടുത്തതായി പോലീസ് പറഞ്ഞെങ്കിലും ഇന്നലെയും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.
സിപിഎമ്മിന്റെ സ്വാധീനത്തിൽ അക്രമികളെ രക്ഷപെടാൻ പോലീസ് അവസരമൊരുക്കുന്നതിൽ പ്രതിഷേധം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: