ചെന്നൈ: തമിഴ്നാട്ടില്‍ വൈറസ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ബാധിതരുടെ എണ്ണത്തില്‍ അവ്യക്തത തുടരുന്നു. സംസ്ഥാനത്തിന്റെ കണക്കുകളും വിവിധ ജില്ലകളുടെ കണക്കുകളും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 17ന് തമിഴ്നാട്ടിലെ കൂടല്ലൂരില്‍ 61 പേര് വൈറസ് ബാധിതരായെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ അന്നത്തെ കണക്കുകള്‍ പ്രകാരം ഇത് 77 ആണ്. 18ന് 13 പേര്‍ക്ക് പോസിറ്റീവായപ്പോള്‍ 17 എന്നാണ് സംസ്ഥാനത്തിന്റെ കണക്ക്.
ഇതുപോലെ ജൂണ്‍ 16ന് കോയമ്പത്തൂരില്‍ 15 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്തിന്റെ കണക്ക് പ്രകാരം രണ്ട് പേരാണ് വൈറസ് ബാധിതരായത്. അടുത്ത ദിവസം 31 പേര് രോഗികളായപ്പോഴും സംസ്ഥാനത്തിന്റെ കണക്കില്‍ രണ്ട് പേര്. മറ്റു ജില്ലകളിലെയും അവസ്ഥ ഏതാണ്ട് ഇതു തന്നെ.
ജൂണ്‍ 19ന് 94 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സംസ്ഥാനം പുറത്തുവിട്ടത് 58 പേര് രോഗികളായി എന്നാണ്. എന്നാല്‍, വൈറസ് ബാധിതരാരും കണക്കില്‍ നിന്ന് പുറത്ത് പോയിട്ടില്ലെന്നും എല്ലാവരും സംസ്ഥാനത്തിന്റെ കണക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. ഒരു ദിവസം എന്തെങ്കിലും കാരണവശാല്‍ പട്ടികയിലുള്പ്പെടുത്താതെ പോയവരെ അടുത്ത ദിവസം കണക്കില്‍പ്പെടുത്തുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍, കണക്കില്‍ കൃത്യതയില്ലെന്നാണ് പല കോണില്‍ നിന്നുമുള്ള ആരോപണം.
കഴിഞ്ഞ ദിവസം മാത്രം 2,532 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗം ബാധിച്ചത്. 53 പേര് മരിച്ചു. ചെന്നൈയില്‍ മാത്രം 1,493 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ ബാധിതര്‍ 59,377. മരണം 757. 25,686 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 32,754 പേര് രോഗമുക്തരായി.
ദല്‍ഹിയില്‍ പ്രതിരോധത്തിന് പുതിയ വഴികള്‍
സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ വൈറസ് പ്രതിരോധത്തിന് പുതിയ വഴികളുമായി ദല്‍ഹി. വൈറസ് ബാധിതരായി വീട്ടില്‍ ഐസൊലേഷനിലുള്ളവര്‍ക്ക് രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാനുള്ള പള്‍സ് ഓക്സിമീറ്റര്‍ എത്തിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അറിയിച്ചു.
ഓക്സിജന്റെ അളവില്‍ കുറവ് കണ്ടാല്‍ ഉടന്‍ തന്നെ ഹെല്പ്പ്ലൈന് നമ്പറില്‍ വിളിക്കണം. ഇത്തരത്തില്‍ ചികിത്സ ലഭ്യമാക്കാനായി പ്രത്യേക ആരോഗ്യപ്രവര്‍ത്തക സംഘത്തെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ 23,000ത്തോളം പേര്‍ക്കാണ് ദല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 900 പേര് മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബാക്കിയെല്ലാവരും വീടുകളില്‍ ഐസൊലേഷനിലാണ്. ദല്‍ഹിയിലെ വൈറസ് വ്യാപനം എത്രമാത്രമെന്ന് അറിയാനായി ജൂണ്‍ 27നും ജൂലൈ 10നുമിടയില്‍ സര്‍വേ നടത്തും. 19,20,000 സാമ്പിളുകളായിരിക്കും ഇതിന് വേണ്ടി ശേഖരിക്കുകയെന്നും കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മൂവായിരത്തിലധികം പേര്‍ക്കാണ് ദല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ദല്‍ഹി വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതായി. ആകെ ബാധിതര്‍ 59,746. മരണം 2,175. 33,013 പേര്‍ക്ക് രോഗം മുക്തമായി. നിലവില്‍ ചികിത്സയിലുള്ളത് 24,58 പേര്.
മഹാരാഷ്ട്രയില്‍ വൈറസ് ബാധിതര്‍ കൂടുന്നു
രാജ്യത്തേറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 3,870 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ബാധിതര്‍ 1,32,075. 186 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണം 6,170.
ഇതിനിടെ, മുംബൈയില്‍ വൈറസ് ബാധിതരായ 1000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റായിട്ടില്ല. മരിച്ചിട്ടുമില്ല. ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും മുംബൈ കോര്പ്പറേഷന് അറിയിച്ചു. വിവിധ വാര്‍ഡുകളിലെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും പേരെ കാണാനില്ലെന്ന് വ്യക്തമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ നാപ്പിയാനിലെ മലബാര്‍ ഹില്‍ ബില്‍ഡിങ് അടച്ചു. ഇവിടത്തെ 21 ജിവനക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. പൂനെയില്‍ 160 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ ബാധിതര്‍ 15,842. സംസ്ഥാനത്ത് 60,161 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 65,744 പേര് രോഗമുക്തി നേടി.
ഗുജറാത്തിലും വൈറസ് വ്യാപനം ശക്തമാകുന്നു. 580 പേര്‍ക്കാണ് പുതുതായി വൈറസ് ബാധയേറ്റത്. ആകെ ബാധിതര്‍ 27,260. മരണം 1,663. 6248 പേരാണ് ചികിത്സയിലുള്ളത്. 19,349 പേര് രോഗമുക്തരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: