ശംഖുംമുഖം: കാലവര്‍ഷം തുടങ്ങിയതോടെ വലിയതുറ തീരപ്രദേശം കടല്‍ക്ഷോഭ ഭീതിയിലായി. ശക്തമായ തിരയില്‍ തീരത്തോടുള്ള വീടുകള്‍ ഏത് നിമിഷവും തകരുമെന്ന സ്ഥിതിയിലായിരിക്കുകയാണ്.
കൊച്ചുതോപ്പ് മുതല്‍ ചെറിയതുറ വരെയുള്ള പ്രദേശങ്ങളാണ് കടല്‍ക്ഷോഭ ഭീതിയിലായിരിക്കുന്നത്. തിര ശക്തമായതോടെ തീരദേശ റോഡ് നഷ്ടമായി. കഴിഞ്ഞ കാലങ്ങളില്‍ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കൊണ്ടിട്ട കരിങ്കല്ലുകള്‍ വരെ കടലെത്തു. ലിസി റോഡില്‍ രണ്ട് വീടുകള്‍ തകര്‍ച്ചയുടെ വക്കിലായി. കെട്ടിടത്തിന്റെ അടിഭാഗത്തെ മണ്ണൊലിച്ചു പോയ നിലയിലാണ്. ബിനു ജോസഫ്, അയോണ എന്നിവരുടെ കോണ്‍ക്രീറ്റ് വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഈ വീടുകള്‍ തകരും.
കാലങ്ങളായുള്ള കടല്‍ക്ഷോഭത്തില്‍ തീരപ്രദേശത്തെ അഞ്ചാമത്തെ വരി വീടുകളാണ് തകര്‍ച്ചയിലേക്ക് മാറിയിരിക്കുന്നത്. ഇനിയും തീരപ്രദേശത്തെ സുരക്ഷ സര്‍ക്കാര്‍ വൈകിപ്പിച്ചാല്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വഴിയാധാരമാകും. തീരത്ത് നിന്നും അഞ്ഞൂറ് മീറ്റര്‍ മാറി മാത്രമേ വീട് വെയ്ക്കാന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ നിയമത്തിനുസ്സരിച്ച് വെച്ച വീടുകളാണ് ഇപ്പോള്‍ തകരുന്നത്. നിയമം പാലിച്ച് വീടു വച്ചിട്ടും തീരത്തെ വീടുകള്‍ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. തീരശോഷണത്തെക്കുറിച്ച് പഠനങ്ങള്‍ അനവധി നടന്നെങ്കിലും ഇതുവരെ അതനുസരിച്ചുള്ള ഫലം ഉണ്ടായിട്ടില്ല. പഠനത്തിന് വേണ്ടി ചെലവിട്ട തുക മതി തീരം സംരക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ തീരം സംരക്ഷിക്കുന്നതിനേക്കാള്‍ വലുതാണ് പഠനം നടത്തുകയെന്നതാണ് അധികൃതര്‍ കണ്ടത്.
സര്‍ക്കാര്‍ ഫണ്ട് പോക്കറ്റിലാക്കാനും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കണ്ണില്‍ പൊടിയിടാനുമാണ് പഠനമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഓരോ ഭരണകാലത്തും തീരദേശവാസികളുടെ സുരക്ഷയ്ക്കായി പുലിമുട്ടുകള്‍ സ്ഥാപിക്കും, കരിങ്കല്‍ ഭിത്തി നിര്‍മിക്കും എന്നുള്ള വാഗ്ദാനങ്ങളായിരുന്നു ഭരണകര്‍ത്താക്കള്‍ നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വലിയതുറ മുതല്‍ ശംഖുംമുഖം വരെയുള്ള തീരമേഖലയിലെ വീടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ പ്രതിസന്ധിഘട്ടങ്ങളിലും തീരപ്രദേശം സന്ദര്‍ശിക്കുന്ന നേതാക്കള്‍ വാഗ്ദാനങ്ങളുമായി എത്തുന്നത് മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി മാത്രമായിരുന്നുവെന്നു മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: