കൊല്ലം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ആസന്നമായ തെരഞ്ഞെടുപ്പിനൊപ്പം തന്നെ കൊല്ലം ജില്ലയിലെ ചവറ, ആലപ്പുഴ ജില്ലയിലെ കുട്ടനാട് അസംബ്ലി മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനും സാധ്യത. ഇതിനായുള്ള തയാറെടുപ്പുകള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി.
കോവിഡ് വ്യാപനം കുറയുന്ന സമയത്ത് അനുകൂല റിപ്പോര്‍ട്ട് ലഭിച്ചാല്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന കണക്കുകൂട്ടലിലാണ് മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നത്. തീയതിയും മറ്റും ഇപ്പോള്‍ തീരുമാനമായിട്ടില്ല. ചര്‍ച്ചകള്‍ക്ക് ശേഷമേ അത്തരം നടപടികള്‍ക്ക് തുടക്കമിടുകയുള്ളൂ. ആദ്യ പടിയായി വോട്ടെടുപ്പിനു വേണ്ട ബാലറ്റ് യൂണിറ്റുകള്‍, കണ്ട്രോള് യൂണിറ്റുകള്‍, വിവിപാറ്റ് മെഷീനുകള്‍ എന്നിവ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലയിലെത്തും. അതിനു ശേഷം ആദ്യഘട്ട പരിശോധനകളും തുടങ്ങും.
ചവറയില്‍ എംഎല്‍എയായിരുന്ന എന്‍. വിജയന്‍പിള്ള മാര്‍ച്ച് എട്ടിനാണ് അന്തരിച്ചത്. കുട്ടനാട്ടെ എംഎല്‍എ തോമസ് ചാണ്ടി 2019 ഡിസംബര്‍ 20നും. ഒഴിവുവന്ന ഈ രണ്ടു സീറ്റുകളും എല്‍ഡിഎഫിന്റെതാണ്. ചവറയില്‍ സിപിഎമ്മും കുട്ടനാട്ടില്‍ എന്‍സിപിയുമാണ് മത്സരിക്കുക. കരിമണലിന്റെ നാടായ ചവറയില്‍ കഴിഞ്ഞ തവണ തീപാറുന്ന പോരാട്ടമായിരുന്നു വിജയന്‍പിള്ള കാഴ്ചവച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രി കൂടിയായിരുന്ന ഷിബു ബേബി ജോണിനെയാണ് ഇടതുസ്വതന്ത്രനായി മത്സരിച്ച അദ്ദേഹം പരാജയപ്പെടുത്തിയത്. ഷിബു 58,447 വോട്ടുകള്‍ നേടിയപ്പോള്‍ 64,666 വോട്ടുകളാണ് വിജയന്‍പിള്ള സ്വന്തമാക്കിയത്. വിജയത്തിനുശേഷം വിജയന്‍പിള്ള പിന്നീട് എം.വി. രാഘവന് നയിക്കുന്ന സിഎംപിയുടെ ഭാഗമായി. പി
ളര്പ്പിനുശേഷം അരവിന്ദാക്ഷന് വിഭാഗത്തില്‍ നിലകൊണ്ട അദ്ദേഹം പിന്നീട് ആ പാര്‍ട്ടി സിപിഎമ്മില്‍ ലയിച്ചതോടെ സിപിഎം എംഎല്‍എയായി മാറി. ഏറെ കാലം കോണ്‍ഗ്രസിനൊപ്പവും ആര്എസ്പിക്കൊപ്പവും നിലകൊണ്ട വിജയന്‍പിള്ള 2016ല്‍ ആദ്യമായാണ് നിയമസഭയിലെത്തുന്നത്. 2006 മുതല്‍ മൂന്നു തവണ നിയമസഭയിലേക്ക് തുടര്‍ച്ചയായി കുട്ടനാട് സീറ്റില്‍ നിന്നു വിജയിച്ച ആളാണ് തോമസ് ചാണ്ടി. 2016ല്‍ 50,114 വോട്ടുകളാണ് അദ്ദേഹം നേടിയത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജേക്കബ് എബ്രഹാമിനെ (45,223) തോല്‍പ്പിച്ചായിരുന്നു ഹാട്രിക് നേട്ടം. എന്‍സിപി നേതാവായ തോമസ് ചാണ്ടി ഇടക്കാലത്ത് മന്ത്രിയായും ചുമതലയേറ്റു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ചവറ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഷിബു ബേബിജോണും യുഡിഎഫും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: