തൃശൂര്‍: കൊറോണയെ തുടര്‍ന്ന് സിനിമാ തിയറ്ററുകള്‍ അടച്ചു പൂട്ടിയിട്ട് 100 ദിനങ്ങള്‍. സൂപ്പര്‍ ഹിറ്റു സിനിമകള്‍ 100 ദിവസം പിന്നിടുമ്പോള്‍ വലിയ ആഘോഷങ്ങള്‍ നടക്കുന്ന തിയറ്ററുകളാണ് പ്രവൃത്തിക്കാതെ 100 ദിനങ്ങള്‍ പിന്നിടുന്നത്. ഓരോ തീയറ്ററുകള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്തിരുന്നവരുടെ കുടുംബങ്ങള്‍ ഇപ്പോള്‍ പട്ടിണിയിലാണ്.
യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത ഇവര്‍ ഏറെ ദുരിതത്തിലാണിപ്പോള്‍. തിയറ്റര്‍ ഉടമകളും പ്രതിസന്ധിയിലാണ്. പുതിയ റീലിസിന് കൊടുത്തിരിക്കുന്ന അഡ്വാന്‍സ് തുകകള്‍ ഇനി എന്ന് തിരിച്ച് കിട്ടുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയില്‍ ഉടമകള്‍ ആശങ്കയോടെയാണ് കഴിയുന്നത്. ചില തിയറ്ററുകളില്‍ മുപ്പതോളം ജീവനക്കാര്‍ വരെയുണ്ട്. മൂന്ന് മാസമായി ഇവരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്.
തിയറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും പ്രൊജക്ടറുകള്‍ ഇടയ്ക്ക് പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ തകരാറുകള്‍ സംഭവിക്കാം. തിയറ്ററുകള്‍ തുറക്കാതെ കിടക്കുന്നതിനാല്‍ ഉടമകളും ഭീതിയിലാണ്. തിയറ്റര്‍ ജീവനക്കാരെ സംരക്ഷിക്കാന്‍ ഈ മേഖലയിലെ സംഘടനകളൊന്നും രംഗത്തില്ല. സിനിമ രംഗവുമായി പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഷൂട്ടിങുകള്‍ നടക്കാത്തതിനാല്‍ ഔട്ട് ഡോര്‍ യൂണിറ്റികളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം കഷ്ടപ്പാടില്ലാണ്.
ദിവസക്കൂലിക്ക് പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ഷൂട്ടിങ് ഇല്ലാത്തയതോടെ വരുമാനവും നിലച്ചു. മാളുകള്‍ നിബന്ധനകളോടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടും സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കാത്തതോടെ സാധാരണക്കാരായ ജോലിക്കാരുടെ വരുമാനം നിലച്ചിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ തിയറ്റര്‍ ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: