കൊല്ലം: കൊറോണഭീതി ഒഴിയാത്തതുകാരണം ഇളവുകള്‍ ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ഹോട്ടലുകള്‍ പ്രതിസന്ധിയില്‍ തന്നെ. ഇരുന്നുകഴിക്കാനുള്ള അനുവാദമുണ്ടെങ്കിലും മുന്‍കാലങ്ങളിലെപോലെ ഹോട്ടലുകളില്‍ ആളുകളെത്തുന്നില്ല. കൂടുതലും പാഴ്സല്‍ മാത്രമാണ് കച്ചവടം.
കുണ്ടറ, കണ്ണനല്ലൂര്‍, പെരുമ്പുഴ, കേരളപുരം പ്രദേശങ്ങളിലെ ഹോട്ടലുടമകള്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ കൈ അണുവിമുക്തമാക്കിയ ശേഷമേ ഹോട്ടലിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ.
ജീവനക്കാര്‍ മുഖാവരണവും കയ്യുറകളും ഉപയോഗിക്കുന്നുണ്ട്. ഇരിപ്പിടങ്ങള്‍ തമ്മില്‍ ആവശ്യത്തിന് അകലവുമിടുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ഇരിപ്പിടങ്ങള്‍ അണുവിമുക്തമാക്കുന്നുമുണ്ട്. എങ്കിലും രോഗപകര്‍ച്ചയുടെ സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കാകാത്തതിനാലാണ് ആളുകള്‍ ഹോട്ടലുകളിലേക്ക് എത്താത്തതെന്ന്് കരുതപ്പെടുന്നു.
മുമ്പുള്ളതിനെക്കാള്‍ പകുതിപേര് പോലും ഇപ്പോള്‍ കടകളില്‍ വരാറില്ലെന്ന് ഹോട്ടലുകാര്‍ പറയുന്നു. ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയെന്ന് മുഖത്തലയിലെ ഒരുഹോട്ടലുടമ പറഞ്ഞു.
രണ്ടോ അതിലധികമോ ഹോട്ടലുടമകള്‍ ഒരിടത്ത് മാത്രം ആഹാരം പാകം ചെയ്ത് ചെലവ് കുറയ്ക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും തുറന്നതോടെ പാഴ്സല്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയതാണ് ഏക ആശ്വാസം. ഡിസ്പോസിബിള്‍ പ്ലേറ്റുകളിലും ഷീറ്റുകളിലുമാണ് ഹോട്ടലുകളില്‍ ഭക്ഷണം പാഴ്സല്‍ നല്‍കുന്നത്. ചിലയിടത്ത് പാഴ്സലിന് ചാര്‍ജും ഈടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: