Categories: Kozhikode

പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം ഉടന്‍ തുടങ്ങാന്‍ ധാരണ

പുതുതായി നിര്‍മിക്കുന്ന പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളില്‍ മൂന്ന് ലോക്കപ്പുകള്‍ വേണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. പുതുതായി നിര്‍മ്മിക്കുന്ന പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും വെവ്വേറെ ലോക്കപ്പുകള്‍ വേണമെന്നാണ് സുപ്രീം കോടതിയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശം.

Published by

മുക്കം: സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നിര്‍മ്മാണ പ്രവൃത്തി അനന്തമായി നീളുന്ന മുക്കം പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിട നിര്‍മ്മാണം ഉടന്‍ തുടങ്ങാന്‍ ധാരണയായി. ജോര്‍ജ് എം. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. സ്റ്റേഷന് പുതിയ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി 97 ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ട് കോടി രൂപയുമടക്കം നാല് കോടി രൂപയുടെ ഫണ്ടാണുള്ളത്. ഇതനുസരിച്ച് സാങ്കേതിക അനുമതിയും ഭരണാനുമതിയും ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനിടക്ക് സുപ്രീംകോടതിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നത് തിരിച്ചടിയായി.  

പുതുതായി നിര്‍മിക്കുന്ന പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളില്‍ മൂന്ന് ലോക്കപ്പുകള്‍ വേണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. പുതുതായി നിര്‍മ്മിക്കുന്ന പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും വെവ്വേറെ ലോക്കപ്പുകള്‍ വേണമെന്നാണ് സുപ്രീം കോടതിയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശം. ഇതിന് പുറമെ പ്രളയവും നിപ്പയും കൊറോണ വൈറസ് വ്യാപനവും മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും മൂലം സര്‍ക്കാര്‍ അനുവദിച്ചിരുന്ന തുക തിരിച്ചെടുക്കുകയും ചെയ്തു.

ഇതോടെ നിര്‍മ്മാണം അനന്തമായി നീണ്ടുപോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ യോഗം ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാന്‍ തീരുമാനിച്ചത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ട് കോടി രൂപ പൊതുമരാമത്ത് വകുപ്പിന്റെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്ത് സംസ്ഥാന പോലീസ് വകുപ്പില്‍ നിന്ന് ലഭിക്കുന്ന 50 ലക്ഷത്തോളം രൂപയും ഉപയോഗപ്പെടുത്തി താഴത്തെ നിലയുടെ നിര്‍മ്മാണം പുര്‍ത്തിയാക്കും. ഇവിടെ മൂന്ന് ലോക്കപ്പുകളും സ്റ്റേഷന്‍ ഓഫീസര്‍ക്കുള്ള റൂമും സജ്ജീകരിക്കും. ഒന്നും രണ്ടും നിലകള്‍ക്ക് മേല്‍ക്കൂര നിര്‍മ്മിച്ച് മേല്‍ക്കൂരയില്‍ മണ്‍ ടൈലുകള്‍ പാകുകയും ചെയ്യുമെന്ന് എംഎല്‍എ പറഞ്ഞു.  

പുതിയ പ്ലാന്‍ തയ്യാറായാല്‍ പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് വടകര റൂറല്‍ എസ്പി ഡോ. എ. ശ്രീനിവാസ് അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഒരു വര്‍ഷം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും 12,000 സ്‌ക്വയര്‍ ഫീറ്റാണ് കെട്ടിടമെന്നും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ലേഖയും പറഞ്ഞു.  അസി. എക്‌സി.എന്‍ജിനീയര്‍ എന്‍. ശ്രീജയന്‍, അസി. എഞ്ചിനീയര്‍ എ.ശശി, ഓവര്‍സിയര്‍ കെ. ജയകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.  

35 വര്‍ഷത്തോളം പഴക്കമുള്ള ഇപ്പോഴത്തെ പോലീസ് സ്റ്റേഷന്റെ തറയും ചുമരുകളും കോണ്‍ക്രീറ്റ് മേല്‍ക്കൂരയുമെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പോലീസുകാര്‍ക്ക് വിശ്രമിക്കാനും ആവശ്യമായ മുറികളോ, ഇരിക്കാന്‍ ആവശ്യത്തിന് കസേരകളോ ഇവിടെ ഇല്ല.  ഓരോ തവണയും കോണ്‍ക്രീറ്റ് മേല്‍ക്കൂര അടര്‍ന്നു വീഴുമ്പോഴും ഇവര്‍ രക്ഷപ്പെടുന്നത് തലനാരിഴയ്‌ക്കാണ്.  

2017 ലെ സംസ്ഥാന ബജറ്റിലാണ് മുക്കം പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് സര്‍ക്കാര്‍ തുക അനുവദിച്ചത്. മൂന്ന് നിലകളിലായി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുമ്പോള്‍ ഡിവൈഎസ്പി, സിഐ, എസ്‌ഐ എന്നിവര്‍ക്കുള്ള ഓഫീസ് മുറി, വനിത പോലീസുകാര്‍ക്കുള്ള മുറി, കമ്പ്യൂട്ടര്‍ റൂം, ഓഡിറ്റോറിയം എന്നിവയുണ്ടാകും. നിലവിലെ പോലീസ് സ്റ്റേഷന്‍ കെട്ടിടം പൊളിയ്‌ക്കാതെ തൊട്ടു പിന്നിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by