കട്ടപ്പന: കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നിന്ന് സ്രവം പരിശോധിക്കുവാന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിയ അഞ്ചുപേര്‍ പരിശോധനക്കായി പെരുവഴിയില്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറോളം. മുമ്പ് പഞ്ചായത്തില്‍ നിന്നുള്ളവരെ അടുത്തുള്ള ചിത്തിരപുരം, അടിമാലി എന്നിവിടങ്ങളിലാണ് സ്രവ പരിശോധന നടത്തിവന്നിരുന്നത്.
എന്നാല്‍ ഇന്നലെ ഡിഎംഒ ഓഫീസില്‍ നിന്നും പ്രത്യേക ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് പഞ്ചായത്തിലെ അഞ്ചുപേരുടെ സ്രവ പരിശോധനക്ക് മെഡിക്കല്‍ കോളജിലേക്ക് അയച്ചത്. 25 കിലോമീറ്ററിലധികം യാത്രചെയ്താണ് ഇവിടുള്ള ആളുകള്‍ ഇന്നലെ രാവിലെ പത്തരയ്ക്ക് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ സ്രവം പരിശോദിച്ചതാവട്ടെ ഉച്ചകഴിഞ്ഞ് രണ്ടരമണിക്ക്.
ഇത്രയും നേരം ഇവര്‍ ഭക്ഷണം പോലും കഴിക്കാതെ കാത്തിരിയ്ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. കമ്പിളികണ്ടത്തുള്ള രണ്ടുപേരും മുള്ളരികുടിയിലുള്ള മൂന്നുപേരുമാണ് ഇത്തരത്തില്‍ ദുരിതം അനുഭവിച്ചത്. ക്വാറന്റൈന് പീരിയഡില്‍ ഏഴ് ദിവസം കഴിഞ്ഞ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത അഞ്ചുപേരെയാണ് ഇന്നലെ പരിശോധനക്ക് വിധേയനാക്കിയത്.
കൊന്നത്തടിയില്‍ നിന്ന് പതിനഞ്ച് കിലോമീറ്ററില്‍ താഴെയെയുള്ള അടിമാലിക്കും ചിത്തിരപുരത്തിനും എത്തുവാന്‍ എന്നിരിക്കെയാണ് ഈ നടപടി. ഡെപ്യൂട്ടി ഡിഎംഒ ഷെഡ്യുള്‍ ഉണ്ടാക്കിയതില്‍ വന്ന പാളിച്ചയാണ് കൊന്നത്തടി പഞ്ചായത്തിലെ ആളുകള്‍ഇടുക്കി ജില്ലാ ആശുപത്രിയില്‍ എത്തേണ്ടിവന്നത്. ഇതിന് മുന്‍പ് പഞ്ചായത്തിലെ അന്‍പതോളം ആളുകളുടെ സ്രവം പരിശോധിച്ചത് ചിത്തിരപുരത്താണ്. അതാത് മെഡിക്കല്‍ ഓഫീസര്‍മാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇത്തരത്തിലുള്ള കഷ്ടതകള്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുകയില്ല.
ആവശ്യത്തിന് വാഹന സൗകര്യമില്ല
ജില്ലയില്‍ സ്രവം പരിശോധിക്കുവാന്‍ ആളുകളെ എത്തിക്കുവാന്‍ വാഹന സൗകര്യമില്ലാത്തതാണ് താമസം നേരിടുന്നത്. ജില്ലയില്‍ ആറ് 108 ആംബുലന്‍സ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ജില്ലയില്‍ അത് പോരാത്ത അവസ്ഥയാണുള്ളത്.
പരിശോധിക്കുന്ന ആളുകളെ ആശുപത്രിയില്‍ എത്തിച്ച ശേഷം വീണ്ടും അടുത്ത ആളിനെ കൊണ്ടുവരികയും അതാത് ദിവസം തീരുമാനിച്ച ആളുകള്‍ എത്തിയതിന് ശേഷമാണ് പരിശോധന നടത്തുന്നത്. അതിനാലാണ് ആളുകള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത്. നാല് മണിക്കൂര്‍ മാത്രമേ പിപിഇ കിറ്റുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ എല്ലാ ആളുകളും എത്തിയതിനു ശേഷമേ സ്രവം കളക്ട് ചെയ്യുകയുള്ളൂ. അടിയന്തരമായി സ്വകാര്യ വാഹങ്ങള്‍ അടക്കം ഇതിനായി ഉപയോഗിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: