കോട്ടയം: ചൈനയെ ദക്ഷിണ ചൈനാക്കടലില്‍ വരിഞ്ഞ് മുറുക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ദക്ഷിണ ചൈനാക്കടലില്‍ അവരുടെ ആധിപത്യം പ്രതിരോധിക്കാന്‍ ക്വാഡ് (ക്യു.യു.എ.ഡി) ആണ് രംഗത്ത് എത്തിയത്. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ക്വാഡ് നിയന്ത്രിക്കുന്നത്.
അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ ക്വാഡിലെ അംഗരാജ്യങ്ങള്‍ സൈനിക വിന്യാസം ആരംഭിച്ചു കഴിഞ്ഞു. നീക്കങ്ങളുടെ ഭാഗമായി പസഫിക്ക് സമുദ്രത്തില്‍ ചൈനയ്ക്കെതിരെ വലിയ സൈനിക വിന്യാസവുമായി അമേരിക്ക എത്തി.
യുഎസ്എസ് റൊണാള്‍ഡ് റിഗന്‍, യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസഫിക്കിലും, യുഎസ്എസ് നിമിറ്റ്സ് കിഴക്കുഭാഗത്തുമാണ് വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമേ ഇന്ത്യയുടെ പടക്കപ്പലുകളും ദക്ഷിണ ചൈന കടലില്‍ വിന്യസിച്ചു. ചൈനയുടെ ബദ്ധവൈരികളായ വിയറ്റ്നാമിന് ബ്രഹ്മോസ് മിസൈലുകള്‍ അടക്കം നല്‍കാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചിട്ടുമുണ്ട്.
ഇന്ത്യക്കുനേരെ മാത്രമല്ല ചൈനയുടെ അക്രമം
ചുറ്റുമുള്ള ഒരുവിധം എല്ലാ അതിര്‍ത്തി രാജ്യങ്ങളോടും യുദ്ധവെറി കാട്ടുകയാണ് ചൈന. തെയ്വാന്, വിയറ്റ്നാം, ജപ്പാന്, ഹോങ്കോങ് എന്നിങ്ങനെ പലരാജ്യങ്ങളുമായി ചൈന സംഘര്‍ഷത്തിലാണ്. ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളുമായിട്ടാണ് ചൈനയ്ക്ക് അതിര്‍ത്തിയുള്ളത്. ചൈനയുടെ ജെ 10 ഫൈറ്റര്‍ വിമാനം അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് തെയ്വാന്റെ യുദ്ധവിമാനങ്ങള്‍ തുരത്തിയത് കഴിഞ്ഞിടയ്ക്കാണ്. അതിനു മുമ്പ് ജൂണ്‍ 12 നും ജൂണ്‍ ഒമ്പതിനുമൊക്കെ ഇതുപോലുള്ള വ്യോമാതിക്രമണങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായി. കഴിഞ്ഞ മാസത്തെ പ്രകോപനം ജപ്പാനോടായിരുന്നു.
തങ്ങളുടെ വിമാനവാഹിനിക്കപ്പലായ ലിയോണിങ്ങിനെയും അതിലെ പോര്‍സംഘത്തെയും ഒരു റൗണ്ട് ട്രിപ്പ് മിഷനുവേണ്ടി അവര്‍ പറഞ്ഞയച്ചത് മിയാക്കോ കടലിടുക്കിലേക്കാണ്. ഈ അപ്രതീക്ഷിത നീക്കത്തെ ഒരു യുദ്ധത്തിനുള്ള ക്ഷണമായിട്ടാണ് ജപ്പാന് കണക്കാക്കിയത്. കുറെ മാസങ്ങളായി ഈ പ്രദേശത്ത് നിരന്തരം പോരാട്ട പരിശീലനങ്ങള്‍ ചൈനീസ് നേവിയുടെ യുദ്ധക്കപ്പലുകള്‍ നടത്തി വരികയാണ്.
ദക്ഷിണ ചൈനാ കടലില്‍ അമേരിക്കന്‍, ചൈനീസ് നാവികസേനകള്‍ നൂറു മീറ്റര്‍ അടുത്തുവരെ യുദ്ധകാഹളവുമായി എത്തിയിരുന്നു. പത്തു വര്‍ഷത്തിനിടെ ആദ്യമായി വിയറ്റ്നാമിന് ഒരു പ്രതിരോധ ധവളപത്രം പുറപ്പെടുവിക്കേണ്ടി വന്നത് ചൈനയുടെ അതിര്‍ത്തിക്കകത്തേക്ക് കയറിയുള്ള അതിക്രമങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിട്ടാണ്. വാങ് ഗാര്‍ഡ് ബാങ്കിന് അടുത്തുള്ള വിയറ്റ്നാമിന്റെ സ്പെഷ്യല്‍ എക്കണോമിക് സോണിലേക്ക് തങ്ങളുടെ ജിയോളജിക്കല്‍ സര്‍വേ കപ്പല്‍ ഓടിച്ചുകയറ്റിയാണ് ചൈന അവസാനമായി പ്രകോപനമുണ്ടാക്കുന്നത്.
വിയറ്റ്നാമിനോട് ചേര്‍ന്നുള്ള സകല സൈനിക ബേസുകളിലും ചൈനയുടെ ശക്തിപ്രകടനങ്ങള്‍ സജീവമായി നടക്കുന്നതും ഹാനോയിയെ അസ്വസ്ഥമാക്കുന്നുണ്ട്. വിയറ്റ്നാമിനോട് ചേര്‍ന്ന് കിടക്കുന്ന പല ആളില്ലാ ദ്വീപുകളും അനധികൃതമായി പിടിച്ചെടുത്ത് അവിടെ സൈനിക പ്രസ്ഥാനങ്ങളും മിസൈല്‍ ലോഞ്ചറുകളും സ്ഥാപിച്ചുകൊണ്ട് പരസ്യമായ ഭീഷണി സൃഷ്ടിക്കുന്നതാണ് ചൈനയുടെ നയം. അവസാനം ഇന്ത്യയോടാണ് ചൈന യുദ്ധ കാഹളം മുഴക്കിയിരിക്കുന്നത്. ചൈനയുടെ പ്രകോപനത്തില്‍ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: