പെരുങ്കടവിള: പൂട്ടിക്കിടക്കുന്ന വീടിനുള്ളിൽ ആയിരക്കണക്കിന് വവ്വാലുകളും ഉഗ്രവിഷമുള്ള ഇഴജന്തുക്കളും. പതിനഞ്ചു വർഷമായി ഭീതിയിൽ നാട്ടുകാർ. ധനുവച്ചപുരം മുള്ളൻകുഴിവിളാകത്ത് പൂട്ടിക്കിടക്കുന്ന വീട്ടിലാണ് ഇഴജന്തുക്കളും കടവാതിലുകളും താവളമടിച്ചിരിക്കുന്നത്. സുജാത എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ വീട്ടിൽ ആയിരക്കണക്കിന് വവ്വാലുകളാണ് സ്ഥിരതാമസമുറപ്പിച്ചിരിക്കുന്നത്.
വീടിനടുത്തായി ഏകദേശം മുപ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. പരിസരത്തെ കിണറുകളിൽ വവ്വാൽ വീഴുന്നതും കിണർ ശുചീകരിക്കുകയും ചെയ്യുന്നത് പതിവാണ്.
കൂടാതെ വവ്വാലുകൾ പരിസരത്തെ വീടുകളിൽ മലമൂത്ര വിസർജനം നടത്തുന്നത് രോഗഭീതി വർധിപ്പിക്കുന്നുവെന്നും നാട്ടുകാർ പറയുന്നു. നിപ്പ പോലുള്ള മാരക രാഗങ്ങൾ വവ്വാലിൽ നിന്നും പകരുമെന്ന ഭീഷണി നിലനിൽക്കെ ആരോഗ്യവകുപ്പിലും കൊല്ലയിൽ പഞ്ചായത്തിലും നാട്ടുകാർ പരാതി നൽകി. എന്നാൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ജീവനക്കാരും പരിശോധന നടത്തിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പൂട്ടിക്കിടക്കുന്ന വീടിന്റെ പരിസരം ഉഗ്രവിഷമുള്ള പാമ്പുകളുടെ വാസസ്ഥലമായും മാറിയിരിക്കുകയാണ്. കൊച്ചുകുട്ടികളുൾപ്പെടെയുള്ള പരിസരവാസികൾ ഭയപ്പാടോടെയാണ് കഴിയുന്നത്.
പ്രദേശത്തെ വീടുകളിൽ ഇഴജന്തുക്കൾ നിത്യസന്ദർശകരാണ്. പ്രദേശത്ത് വവ്വാലുകളെക്കൊണ്ടോ ഇഴജന്തുക്കളെക്കൊണ്ടോ ദുരന്തം സംഭവിക്കും മുമ്പ് പഞ്ചായത്ത് അധികൃതർ അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പക്ഷം. ഇല്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: