ബെംഗളൂരു: സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കളുടെ കയ്യേറ്റം സംബന്ധിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ലോകായുക്ത അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും വഖഫ് ബോര്‍ഡിന്റെയും അവലോകന യോഗത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് മുന്‍ ചെയര്‍പേഴ്സണ്‍ അന്‍വര്‍ മണിപ്പാടി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റം സംബന്ധിച്ച് ഒരു ലോകായുക്ത അന്വേഷണത്തിന് നേരത്തെ മന്ത്രി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് ഒരു ഇടക്കാല റിപ്പോര്‍ട്ട് അന്വേഷണ സമിതി സമര്‍പ്പിച്ചിട്ടുണ്ട്.
ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മന്ത്രിസഭ ഇതിനകം തന്നെ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവലോകനയോഗത്തില്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ വക്ഫ് സ്വത്തുക്കള്‍ സംസ്ഥാനത്തുടനീളം കൈയേറ്റം ചെയ്തതായി അന്‍വര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കൊറോണ സാഹചര്യം കാരണം ഹജ്ജിന് പോകുന്നതിനെ കുറിച്ച് സൗദി അറേബ്യ ഇതുവരെ ഒരു വിവരവും നല്കാത്തതിനാല് ഹജ്ജിനു മുന്‍കൂട്ടി ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് അവരുടെ പണം തിരികെ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും മറ്റുമായുള്ള പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: