ബെയ്ജിങ്: അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുന്നതിനിടെ ഇന്ത്യക്കെതിരേ ചൈന നടത്താനുദ്ദേശിക്കുന്ന ചതി പ്രയോഗം എന്തായിരിക്കുമെന്ന് വ്യക്തമാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം ഗ്ലോബല്‍ ടൈംസ്. ഏതെങ്കിലും തരത്തില്‍ സംഘര്‍ഷമുണ്ടായാല്‍ ചൈന മാത്രമാകില്ല ഇന്ത്യയെ നേരിടുക എന്നും ഒപ്പം പാക്കിസ്ഥാനും നേപ്പാളും ഉണ്ടാകുമെന്നും പത്രം വ്യക്തമാക്കുന്നു. ചൈനയും പാക്കിസ്ഥാനും നേപ്പാളുമായി ഇന്ത്യയ്ക്ക് അതിര്‍ത്തി പ്രശ്നങ്ങളുണ്ട്. സംഘര്‍ഷമുണ്ടായാല്‍ ഈ രാജ്യങ്ങളും സംഘര്‍ഷത്തില്‍ പങ്കാളികളാകും.
ചൈനയും പാക്കിസ്ഥാനും നേപ്പാളുമായി ഇന്ത്യയ്ക്ക് അതിര്‍ത്തി പ്രശ്നങ്ങളുണ്ട്. പാക്കിസ്ഥാന് ചൈനയുടെ വിശ്വസ്ത പങ്കാളിയും ആയുധകച്ചവടത്തില്‍ പങ്കാളികളുമാണ്. നേപ്പാളുമായും ചൈനയ്ക്ക് അടുത്ത ബന്ധമുണ്ട്. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയില്‍ പങ്കാളികളാണ് ഇരുരാജ്യങ്ങളും. അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനു തുനിഞ്ഞാല്‍ മൂന്നിടത്തു നിന്നും ഒരേ സമയം ഇന്ത്യ സൈനിക ആക്രമണം നേരിടേണ്ടിവരുമെന്നാണ് പത്രം പറയുന്നത്. മൂന്നു രാജ്യങ്ങളും കൂടി ചേര്‍ന്നാല്‍ ഇന്ത്യയുടെ സൈനികശേഷിയെക്കാള്‍ വളരെ മുന്നിലാണെും ന്യൂഡല്‍ഹിക്കു കനത്ത പരാജയമാകും ഏറ്റുവാങ്ങേണ്ടിവരികയെന്നും ഗ്ലോബല്‍ ടൈംസ് വാദിക്കുന്നു. ഷാങ്ഹായി അക്കാഡമി ഓഫ് സോഷ്യല്‍ സയന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഗവേഷകന് ഹു ഷിയോങ്ങിനെ ഉദ്ധരിച്ചാണു ചൈനയുടെ വാദങ്ങള്‍.
അതേസമയം, ഏറ്റുമുട്ടലില്‍ മരണമടഞ്ഞ സൈനികരുടെ എണ്ണം പുറത്തുവിടാത്തത് പ്രശ്നം കൂടുതല്‍ വഷളാക്കാന്‍ ചൈന ആഗ്രഹിക്കുന്നില്ലാത്തതിനാലാണെന്ന് ബീജിങ് ആസ്ഥാനമായുള്ള സൈനിക വൃത്തങ്ങള്‍ പറയുന്നത്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവരുന്നത് താരതമ്യത്തിനിടയാക്കും. ഇത് ഇരുരാജ്യങ്ങളിലും തര്‍ക്കം കൂട്ടും. അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ വഷളാക്കാന്‍ ചൈനയ്ക്കു താത്പര്യമില്ലെന്നു പറയുന്ന ഗ്ലോബല്‍ ടൈംസ് ഗാല്‍വനില്‍ ഇന്ത്യന്‍ സേനയാണ് പ്രകോപനമുണ്ടാക്കിയതെന്നും ആരോപിക്കുന്നു. ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചേര്‍ന്നു വിശദമായ അന്വേഷണം നടത്തണമെന്നും പ്രശ്നങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: