ബെംഗളൂരു: സംസ്ഥാനത്ത് പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയ ആദ്യ കൊറോണ രോഗി പൂര്‍ണ രോഗമുക്തി നേടി. ഹുബ്ബള്ളി കിംസ് ആശുപത്രിയിലുള്ള ആള്‍ ഉടന്‍ ആശുപത്രി വിടും.
മഹാരാഷ്‌ട്രയില്‍ നിന്നും സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ 65കാരനായ ലോറി ഡ്രൈവറെ മെയ് 27നാണ് ന്യുമോണിയ, പനി തുടങ്ങിയ രോഗലക്ഷണങ്ങളോടെ ഹുബ്ബള്ളി കിംസില്‍ പ്രവേശിപ്പിക്കുന്നത്. മെയ് 28, 29 തീയതികളില്‍ രോഗിയില്‍ പ്ലാസ്മ തെറാപ്പി പരീക്ഷിച്ചു. ഏകദേശം 200 മില്ലി പ്ലാസ്മ തുടര്‍ച്ചയായി രണ്ട് ദിവസം വീതം നല്‍കുകയും തെറാപ്പി കഴിഞ്ഞ് ഒരാഴ്ചയ്‌ക്കുള്ളില്‍ ഇദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളുടെ പരിശോധന ഫലം നെഗറ്റീവായത്.
കിംസ് ആശുപത്രിയില്‍ നിന്ന് രോഗ മുക്തി നേടിയ എല്ലാവരോടും പ്ലാസ്മ നല്‍കാന്‍ ആശുപത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്. മറ്റു ആശുപത്രികളോടും രോഗമുക്തി നേടുന്നവരുടെ പ്ലാസ്മ ശേഖരിച്ചുവെക്കാന്‍ കിംസ് ആവശ്യപെട്ടു. ഒരേസമയം 500 പ്ലാസ്മ പാക്കറ്റുകള്‍ സൂക്ഷിക്കാന്‍ നിലവില്‍ കിംസ് ആശുപത്രിക്ക് കഴിയും.
















