തിരുവനന്തപുരം : ഉപയോഗിക്കാത്ത വൈദ്യുതിക്കു ബില്‍ നല്‍കിയ നടപടിയെ എന്തു ന്യായം പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്. അതിനാല്‍ വൈദ്യുതി ഉപഭോഗത്തിന് അമിതമായി വന്ന വൈദ്യുത ബില്ല് പുന പരിശോധിക്കണമെന്ന് ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി ഉപയോഗത്തിനു കെഎസ്ഇബി നല്‍കിയിരിക്കുന്ന ബില്ലിനെക്കുറിച്ചു വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരാതി പരിഹരിക്കാന്‍ സര്‍ക്കാരിനോട് സിപിഐ ആവശ്യപ്പെട്ടത്. വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം കൊണ്ട് സംസ്ഥാനത്തെ ഉപഭോക്താക്കള്‍ തൃപ്തരല്ല. വൈദ്യുത ബില്ലുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ മോശമായ പ്രതികരണമാണ് ഉയര്‍ന്നു വരുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു വരാനിരിക്കെ പ്രതിപക്ഷം വിഷയം പ്രചരണായുധമാക്കുകയാണ്. മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്നും സിപിഐ ആവശ്യപ്പെട്ടു.
















