കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരഭിമാനമാണ് കേരളത്തിന്റെ പരാജയത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പാളിച്ചയിലും അഴിമതിയിലും പ്രതിഷേധിച്ച് ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് നേതൃപരമായ പങ്കുവഹിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരനുമായി സംസാരിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാവുന്നില്ല. മലയാളിയായ കേന്ദ്രമന്ത്രിയുമായി സംസാരിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട്. മുഖ്യമന്ത്രിയ്ക്ക് ദുരഭിമാനമാണ്. കേരളത്തിലെയും ന്യൂദല്‍ഹിയിലെയും ഉദ്യോഗസ്ഥര്‍ തമ്മിലാണ് ആശയവിനിമയം നടക്കുന്നത്. മുഖ്യമന്ത്രിക്ക് കോംപ്ലക്സ് ആണ്. എല്ലാത്തിന്റെയും മുകളില്‍ താനാണെന്നാണ് പിണറായി വിജയന്റെ ഭാവം. മുഖ്യമന്ത്രിയുടെ ഈ ദുരഭിമാനമാണ് കേരളത്തിന്റെ പരാജയത്തിന്റെ കാരണം.
മുഖ്യമന്ത്രിയും ഒരു കൂട്ടം ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഉദ്യോഗസ്ഥരാജാണ് സംസ്ഥാനത്ത് നടക്കുന്നത്. സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്കുപോലും അറിയാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടാകുന്നത്. കൂട്ടായ പരിശ്രമമോ പ്രവര്‍ത്തനങ്ങളോ നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ വണ്മാന് ഷോയാണ് നടക്കുന്നത്. കോവിഡ് 19 കാലം സിപിഎമ്മിന്റെ സാമ്പത്തിക കലവറ നിറയ്ക്കുന്നതിനുള്ള അവസരമായും സിപിഎം കാണുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണിത്.
പ്രവാസികള്‍ക്കായി രണ്ടര ലക്ഷം ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഒരുക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മുഖ്യമന്ത്രി പ്രവാസികള്‍ എത്തിത്തുടങ്ങിയപ്പോള്‍ അസ്വസ്ഥനായി. വളഞ്ഞ വഴിയിലൂടെ പ്രവാസികളുടെ വരവ് തടസ്സപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് ഇതിനാലാണ്. 48 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടുക എന്നത് പ്രായോഗികമല്ല. ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ പ്രവാസികള്‍ വരണ്ടതില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. വന്ദേഭാരത് മിഷന് വഴി എത്തുന്ന പ്രവാസികളുടെ വരവ് തടയാനും ശ്രമമുണ്ടായി. കേരളത്തിന്റെ കവാടം പ്രവാസികള്‍ക്ക് മുന്നില്‍ കൊട്ടി അടയ്ക്കുകയാണ്. ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നിലപാട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഈ വിഷയത്തില്‍ കേന്ദ്ര നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുറ്റകരമായ അലസതയും അലംഭാവവുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ഇതു മറയ്ക്കാന്‍ കേന്ദ്രവിരുദ്ധ പ്രസ്താവനകളുമായി എത്തുകയാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും. കോവിഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. വൈദ്യുതി ബില്ലിലൂടെ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു. തമിഴ്നാടും കര്‍ണാടകയും കഴിഞ്ഞ മൂന്ന് മാസത്തെ വൈദ്യുതി ബില്‍ വേണ്ടെന്നു വച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: