കോഴിക്കോട്: ‘ചൈനയുടെത് എന്നും ചതിയുടെ പാരമ്പര്യമായിരുന്നു. ഇന്ത്യ-ചൈന ഭായിഭായി എന്ന് അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് 1962 ല്‍ ചൈന ഭാരതത്തെ ആക്രമിച്ചത്’. 1962 ലെ ചൈനീസ് ആക്രമണകാലത്ത് അതിര്‍ത്തിയില്‍ മദ്രാസ് റജിമെന്റിന്റെ ഒന്നാം ബറ്റാലിയന്റെ കൂടെ യുദ്ധനിരയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ക്യാപ്റ്റന്‍ കെ.വേലായുധന് കൊടിഞ്ഞി അനുഭവങ്ങള്‍ ഓര്‍ക്കുന്നു. ‘അക്സായി ചിന് മലനിരകള്‍ക്ക് ബദലായ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ ഇന്ന് ഭാരതത്തിന്റെ സ്വാധീനത്തിലാണ്. ഇത് ചൈനയ്ക്ക് കനത്ത തിരിച്ചടിയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ലോക രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഏറെ ഗുണകരമായ മാറ്റം വന്നിട്ടുണ്ട്.
ശത്രുരാജ്യങ്ങള്‍ പോലും ഇന്ത്യയുമായി ഇന്ന് സൗഹൃദത്തിലാണ്. ഇത് ചൈനക്ക് സഹിക്കാവുന്നതല്ല. കൊറോണ വൈറസിന്റെ ഉറവിടം ചൈനയാണെന്ന് തിരിച്ചറിഞ്ഞത് അവര്‍ക്കേറ്റ മറ്റൊരു തിരിച്ചടിയാണ്. ചൈനയുടെ ജൈവായുധമായിരുന്നു കൊറോണ. ഇത് ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതില്‍ നിന്നൊക്കെ ശ്രദ്ധതിരിക്കാനാണ് അവര്‍ യുദ്ധത്തിന്റെ മാര്‍ഗ്ഗം അവലംബിച്ചിരിക്കുന്നത്’. 31 വര്‍ഷത്തെ സൈനിക സേവന പാരമ്പര്യമുള്ള വേലായുധന് വിലയിരുത്തുന്നു. നെഹ്റുവിന്റെ തെറ്റായ നയങ്ങളാണ് ഒരു കാലത്ത് ഇന്ത്യയെ പരാജയത്തിലെത്തിച്ചത്. എന്നാല്‍ പഴയ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് ചൈന തിരിച്ചറിയേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ കൂടപ്പിറപ്പാണ് ചതി. ഒരു രാജ്യമായാലും സംഘടനയായായലും ആ സ്വഭാവം അവര്‍ക്ക് ഒഴിവാക്കാനാകില്ല.
ഇപ്പോഴത്തേത് ഒരു യുദ്ധ സാഹചര്യത്തിലേക്ക് എത്താനിടയില്ലെന്ന് 65 ലെ ഇന്ത്യ പാക്ക് യുദ്ധം, 71 ലെ ബംഗ്ലാദേശ് യുദ്ധം എന്നിവയില്‍ പങ്കെടുത്ത അനുഭവത്തോടെ വേലായുധന് വിവരിക്കുന്നു. 62 ലെ നിരവധി യുദ്ധാനുഭവങ്ങള്‍ ഈ ധീരയോദ്ധാവിന് ഓര്‍ക്കാനുണ്ട്. ഇന്നത്തെ അരുണാചല്‍ പ്രദേശിന്റെ തവാങ് എന്ന പ്രദേശത്ത് ജസ്വന്ത് കി കിലായെന്ന ക്ഷേത്രം ധീരനായ പട്ടാളക്കാരന്റെ സ്മരണയ്ക്കായി പണി കഴിപ്പിച്ചതാണ്. 62 ലെ യുദ്ധത്തില്‍ മലവെള്ളം പോലെ മുന്നിലെത്തിയ ചൈനീസ് പട്ടാളത്തെ തദ്ദേശീയരായ മൂന്ന് വനിതകളുടെ സഹായത്തോടെ തടഞ്ഞ് നിര്‍ത്തി തന്ത്ര പ്രധാനമായ കേന്ദ്രങ്ങള്‍ വെടിയുതിര്‍ത്ത് സംരക്ഷിക്കുകയായിരുന്നു ജസ്വന്ത്. യഥാസമയം വെടിയുണ്ടകളെത്തിച്ചത് തദ്ദേശീയരായ സ്ത്രീകളായിരുന്നു. നാലാം ദിവസമാണ് ചൈനീസ് പട്ടാളക്കാര്‍ക്ക് കാര്യം മനസ്സിലായത്. അപ്പോഴേക്കും വെടിയുണ്ടകളുടെ സ്റ്റോക്ക് തീര്‍ന്നിരുന്നു. ചൈനീസ് പട്ടാളം നാല് പേരെയും വധിച്ചു. യുദ്ധവിരാമത്തിന് ശേഷം വീരസൈനികന്റെ അര്‍ദ്ധകായ പ്രതിമ അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. ആയുധ ബലത്തേക്കാള്‍ ആത്മബലം കൊണ്ടാണ് സൈനികര്‍ അതിര്‍ത്തികള്‍ കാത്തു സംരക്ഷിച്ചതെന്ന് വേലായുധന് ഓര്‍ക്കുന്നു.
1962 ഡിസംബര്‍ 17 ന് ദിറാങ് പര്‍വ്വത നിരകള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ക്യാപ്റ്റന്‍ വേലായുധന് കൊടിഞ്ഞിയുടെ നേതൃത്വത്തിലുള്ള ബറ്റാലിയനായിരുന്നു. ധീരമായ ചെറുത്തു നില്പ്പിലൂടെയാണ് മേഖല സംരക്ഷിക്കാനായത്. യുദ്ധോപകരണങ്ങളും ഭക്ഷണസാധനങ്ങളുമെത്തിക്കാന്‍ അന്ന് സൗകര്യങ്ങള്‍ പരിമിതമായിരുന്നു. എന്നാല്‍ സൈനികരുടെ ഐതിഹാസികമായ പോരാട്ടമാണ് അതിര്‍ത്തിയെ കാത്തു സംരക്ഷിച്ചത്. ഇന്ന് ഈ മേഖലയില്‍ വലിയ പരിവര്‍ത്തനമാണ് വന്നിരിക്കുന്നത്. അത് കൊണ്ട് ഇന്ത്യക്ക് പിന്നോട്ട് പോകേണ്ടിവരില്ല അദ്ദേഹം പറഞ്ഞു. വിവാദ നോവലെഴുത്തുകാരനായ എസ്.ഹരീഷ് പട്ടാള ഉദ്യോഗസ്ഥരെ ഫെയ്സ്ബുക്കിലോടെ വിമര്‍ശിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി സമൂഹ മാധ്യമങ്ങളില്‍ വേലായുധന് കൊടിഞ്ഞിയുടെ സാന്നിദ്ധ്യമുണ്ട്.
ക്യാപ്റ്റന്‍ കെ.വേലായുധന് കൊടിഞ്ഞി
പ്രതികരിക്കാൻ ഇവിടെ എഴുതുക: