കാക്കനാട്: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം രണ്ടു പതിറ്റാണ്ടു മുമ്പ് വിഭാവനം ചെയ്ത ശബരി റെയില്‍പാത ഉപേക്ഷിക്കാന്‍ സാധ്യത. 1997-98 കാലഘട്ടത്തില്‍ റെയില്‍വേ ഈ പദ്ധതിക്കായി 550 കോടി രൂപ വകയിരുത്തിയെങ്കിലും ഇന്നു 2,815 കോടിയായി ഉയര്‍ന്നു. പാത എരുമേലിയില്‍ നിന്നും പുനലൂരിലേക്ക് നീട്ടാനുള്ള ശിപാര്‍ശയും സജീവമായി പരിഗണിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ടു നിരീക്ഷിക്കുന്ന പദ്ധതിയായ ശബരിപാതക്കു രണ്ടു കാലഘട്ടങ്ങളിലായി 253 കോടി രൂപ റെയില്‍വേ ചെലവഴിച്ചു.
പദ്ധതി ചെലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്നു റെയില്‍വേ റവന്യു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്മാര് അറിയിച്ചതിനാലാണ് സ്ഥലമേറ്റെടുക്കുന്നതിനായി പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പാല എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുറന്നത്.
എന്നാല്‍ 20 വര്‍ഷം പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാരിനു ഒറ്റയ്ക്കു പദ്ധതി നടപ്പിലാക്കുവാന്‍ കഴിയില്ലെന്നു കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്കു കത്തു നല്കി. അങ്കമാലി മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം കഴിഞ്ഞ സെപ്റ്റംബറില്‍ പദ്ധതി റെയില്‍വേ മരിവിപ്പിച്ചത്. പദ്ധതിക്കായുള്ള സ്ഥലം റെയില്‍വേ മരവിപ്പിച്ചതോടെ ഒരുഞ്ചി ഭൂമി പോലും വില്‍ക്കാനോ വീടു നിര്‍മിക്കാനോ കഴിയാതെ ഭൂ ഉടമകള്‍ ദുരിതത്തിലാണ്. റെയില്‍വേ വികസനത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത നിസ്സഹകരണമാണ് പദ്ധതി നിശ്ചലമാകാന്‍ കാരണം.
ഇതിനെതിരെ ശക്തമായ ജനരോഷം ആളിക്കത്തിക്കാനാണ് ഭൂ ഉടമകളുടെ ശ്രമം. അങ്കമാലി മുതല്‍ എരുമേലി വരെ 470 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കാവശ്യം. എറണാകുളം ജില്ലയില്‍ മാത്രം 138 ഹെക്ടര്‍ ഭൂമി. ഇതുവരെ 24.40 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ആലുവ, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളില്‍ നിന്ന് 113.60 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.
അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ചേലാമറ്റം, ഓടക്കാലി, കോതമംഗലം, മൂവാറ്റാപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, കാഞ്ഞിരപ്പിള്ളി, എരുമേലി എന്നിവയാണ് ശബരിപാത സ്റ്റേഷനുകള്‍. 116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ അങ്കമാലി, കാലടി വരെ ഏഴര കിലോമീറ്ററും പെരിയാറിനു കുറുകേ പുതിയ പാലവും നിര്‍മിച്ചതല്ലാതെ ഒന്നു നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: