തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വന്ദേ ഭാരത് മിഷന് അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിദേശത്തു നിന്ന് വരുന്ന എല്ലാവര്ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കൊണ്ടുള്ള മന്ത്രിസഭയുടെ തീരുമാനം പ്രവാസികളോടുള്ള കടുത്ത ക്രൂരതയാണെന്ന് സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലേക്കുള്ള എല്ലാ വിമാനങ്ങളിലും വരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം അംഗീകരിക്കാനാകില്ല.വിദേശ രാജ്യങ്ങളിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രിക്കുള്‍പ്പടെ എല്ലാവര്ക്കും അറിയുന്നതാണ്. അവിടെ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് പരിശോധന നടത്താനാകില്ല. എമ്പസികളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതും പ്രായോഗികമല്ല. അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന് കാലതാമസം വരും. കേരളത്തിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന മലയാളികളുടെ യാത്ര മുടക്കാനേ ഈ തീരുമാനം ഉപകരിക്കു എന്ന് സുരേന്ദ്രന് പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളൊന്നും ഇത്തരം നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടില്ലാത്തതിനാല്‍ അവിടങ്ങളിലേക്ക് വന്ദേ ഭാരത് മിഷന് പ്രകാരമുള്ള വിമാനങ്ങള്‍ യാത്ര ചെയ്യും. കേരളത്തിലേക്കുള്ളവ വൈകിക്കാനോ റദ്ദാക്കപ്പെടാനോ ഉള്ള സാധ്യതയാണുള്ളത്. പ്രവാസികളാണ് കേരളത്തിന്റെ നട്ടെല്ല് എന്ന് ഇതുവരെ പറഞ്ഞിരുന്നവരാണിപ്പോള്‍ അവരെ നികൃഷ്ട ജീവികളായി കണക്കാക്കുന്നത്. എല്ലാ പ്രവാസികളും രോഗ വാഹകരും മരണത്തിന്റെ വ്യാപാരികളുമാണെന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും പ്രചരണം അപലപനീയമാണ്.
കേരളത്തിലേക്ക് എത്ര പേര് വന്നാലും സ്വീകരിക്കാന്‍ തയ്യാറെന്നും എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും ഹൈക്കോടതിയില്‍ വരെ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. കോവിഡ് പ്രതിരോധ കാര്യത്തില്‍ പിണറായി വിജയന് സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.പ്രവാസികളെ വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരാന്‍ വിമാനത്തില്‍ കയറ്റണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം പിന്‍വലിക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: