തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് സീറ്റ് വർധിപ്പിച്ചു. കൊറോണ വൈറസ് പടരുന്നതിനാൽ കേരളത്തിന് പുറത്തുപോയി പഠിക്കാനാകാത്തതിനെ തുടർന്ന് 2020–-21 അദ്ധ്യയന വർഷത്തേക്ക് മാത്രമാണ് വർദ്ധനവ്.
ഓരോ കോഴ്സിലും 10 മുതൽ 20 സീറ്റുവരെയാണ് വർദ്ധനവ്. ബിരുദ കോഴ്സുകൾക്ക് നിലവിൽ 50-60 വരെയാണ് സീറ്റുകൾ. ഇത് പമാവധി 70 വരെയാക്കും. ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സയൻസ് വിഷയങ്ങളിൽ പരമാവധി 25 സീറ്റും ആർട്സ്, കൊമേഴ്സ് വിഷയങ്ങളിൽ 30 സീറ്റും വരെയാക്കാം. ഇതിനുള്ള അധികാരം കോളേജുകൾക്കായിരിക്കും. സർക്കാരിന് അധിക സാമ്പത്തികബാധ്യത വരുത്താതെയാണ് സീറ്റുകൾ വർദ്ധിപ്പിക്കുന്നത്.
അടിസ്ഥാന സൗകര്യവും അക്കാദമിക് ശേഷിയും സർവകലാശാലകൾ പരിശോധിച്ച് ഉറപ്പാക്കണം. നിലവിൽ കൂടുതൽ സീറ്റുണ്ടെങ്കിൽ അവ നിലനിൽക്കും. വർധിപ്പിക്കുന്ന സീറ്റുകൾ പുതിയ അക്കാദമിക് വർഷത്തെ അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തും. 71 സർക്കാർ കോളേജ്, 197 എയ്ഡഡ് കോളേജ്, 600 അൺ എയ്ഡഡ് കോളേജ് എന്നിവയാണ് സംസ്ഥാനത്ത് ആർട്സ് ആൻഡ് സയൻസ് മേഖലയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: