പരപ്പ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ വായിക്കാനം, കുണ്ടാരം പട്ടിക വര്‍ഗ കോളനികളിലെ സാംസ്കാരിക നിലയങ്ങള്‍ അപകടാവസ്ഥയില്‍. സാംസ്കാരിക നിലയങ്ങള്‍ ഇല്ലാത്തതിനാല്‍ സാമൂഹിക പഠനകേന്ദ്രങ്ങളൊരുക്കാന്‍ കഴിയാതെ അധികൃതര്‍. 15 വര്‍ഷം മുമ്പാണ് സാംസ്കാരിക നിലയങ്ങള്‍ സ്ഥാപിച്ചത്. ഇവയുടെ ജനല്‍, വാതിലുകള്‍ എന്നിവ പൂര്‍ണമായും നശിക്കുകയും കോണ്‍ക്രീറ്റ് മേല്‍ക്കൂര ഏതവസരത്തിലും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലുമാണ്.
വായിക്കാനത്തെ സാംസ്കാരിക നിലയത്തിനുമുന്നില്‍ സ്ഥാപിച്ച മഴവെള്ള സംഭരണിയും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വിശ്രമ സമയങ്ങളില്‍ ഈ കേന്ദ്രത്തിന്റെ പരിസരത്താണ് കുട്ടികള്‍ കളിക്കുന്നത്. ഇത് പൊളിച്ചുനീക്കണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെടുന്നു.
കോളനികളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ കുറവായതിനാല്‍, സാമൂഹിക പഠനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സ്കൂള്‍ അധികൃതര്‍ അന്വേഷണം നടത്തി ഒരു പൊതു ഇടം കണ്ടെത്താന്‍ ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് വായിക്കാനത്തും കുണ്ഡാരത്തും കോളനിയിലെ ഓരോ വീടുകളാണ് പൊതു ഇടമായി കണ്ടെത്തിയത്. അസൗകര്യങ്ങള്‍ കുറഞ്ഞ വീടുകളില്‍ പരിസരത്തെ കുട്ടികള്‍ക്ക് കൂടി സൗകര്യമേര്‍പ്പെടുത്തേണ്ടി വരുന്നത് വീട്ടുകാരെ ബുദ്ധിമുട്ടിലാകും.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ മീനഞ്ചേരി, അതിരുമാവ്, കോട്ടക്കുന്ന്, വിയറ്റ്നാം എന്നീ കോളനികളിലും ബളാല്‍ പഞ്ചായത്തിലെ അത്തിയടുക്കം കോളനിയിലും സംസ്കാരിക നിലയങ്ങളില്ല. ഇവിടെയും പൊതു ഇടങ്ങള്‍ കണ്ടെത്താന്‍ സ്കൂള്‍ അധികാരികള്‍ ബുദ്ധിമുട്ടി. കോളനിയില്‍ പരിമിതമായ സൗകര്യങ്ങളുള്ള വീടുകള്‍ തന്നെയാണ് എല്ലായിടത്തും പഠനകേന്ദ്രങ്ങളാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: