കോഴിക്കോട്: ചെങ്ങോട്ടു മല ഖനനാനുമതിക്ക് നിയമപരമായി സാധുത നല്കാന് നീക്കം. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിയാണ് ഇതിനായി പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന ഏക ജാലക സംവിധാനത്തിലൂടെ നിയമപരമായി ഖനനാനുമതി നല്കാന് പറ്റാത്ത സാഹചര്യത്തില്‍ ക്വാറി ഉടമയ്ക്ക് അനുകൂലമാകുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
107 ഏക്രയോളം വിവിധ കമ്പനികളുടെ പേരില്‍ ക്വാറി ഉമടകളുടെ പേരിലുണ്ട്. ഇതില്‍ 12 ഏക്രയിലാണ് ഇപ്പോള്‍ ഖനനാനുമതി തേടിയിരിക്കുന്നത്. ഇതില്‍ 300 മീറ്ററിനിടയില്‍ വീടുകളോ മറ്റേതെങ്കിലും സംരംഭങ്ങളോ ഉള്ളതായി സബ് കമ്മിറ്റിക്ക് കാണാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഡോ. പി.എസ്. ഈശ, കൃഷ്ണ പണിക്കര്‍ എന്നിവര്‍ അംഗങ്ങളായ ഉപസമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
പ്രദേശം വനനിബിഡമല്ലെന്നും പത്ത് കിലോമീറ്ററിനുള്ളില്‍ വന്യ മൃഗ സംരക്ഷണ കേന്ദ്രം ഉണ്ടെങ്കിലും അത്തരത്തിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ വന്യ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ അപേക്ഷിച്ച പ്രമാണ പത്രമുണ്ടെന്നുമാണ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഖനനത്തിന് അനുമതി നല്കാന് തക്ക കാരണങ്ങള്‍ കണ്ടെത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാകും.
പ്രകൃത്യാ ഉള്ള നീര്‍ച്ചാലുകള്‍ നിര്‍ദ്ദിഷ്ഠ ഖനന മേഖലയിലുണ്ടെന്ന് പഠനം കണ്ടെത്തുന്നുണ്ടെങ്കിലും ഖനനത്തിന് അനുകൂലമായ വാദഗതികളാണ് റിപ്പോര്‍ട്ടിലുള്ളത്. ചെങ്ങോട്ടുമലയില്‍ ഖനനം അനുവതിക്കരുതെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നാട്ടുകാരെയോ ഖനനാനുമതി നല്‍കുന്നത് പാരിസ്ഥിതി ആഘാതമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചെയ്ത വിദഗ്ധ സംഘത്തെയോ ഉപസമിതി അംഗങ്ങള്‍ കണ്ടിരുന്നില്ല. സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍, ജൈവ വൈവിധ്യ ബോര്‍ഡ്, ജില്ലാ കലക്ടര്‍, സിഡബ്ല്യു ആര്‍ഡിഎം വിദഗ്ധ സംഘം, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ചെങ്കോട്ടുമലയിലെ ഖനന നീക്കത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഗ്രാമപഞ്ചായത്തിലെ ഏഴ് ഗ്രാമസഭകളും ഖനനം പാടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇവരാരെയും ഉപസമിതി സമീപിച്ച് അഭിപ്രായം തേടിയില്ല. ഈമാസാവസാനം നടക്കുന്ന ഏകജാലക ബോര്‍ഡ് യോഗത്തില്‍ ഖനനത്തിന് അനുമതി നല്‍കാനാണ് നീക്കം നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇത്തരം അനധികൃത ഖനനങ്ങള്‍ക്ക് അനുമതി നല്കാന് ധൃതിപിടിച്ചുള്ള നീക്കം നടക്കുന്നുണ്ട്. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: