ഇരിട്ടി: പ്രതിസന്ധികളിൽ നിന്നും പ്രതിസന്ധികളിലേക്ക് നീങ്ങുന്ന ആറളം ഫാമിനെ രക്ഷിക്കാൻ തൊഴിലുറപ്പിലൂടെ ബഹുമുഖ പദ്ധതികളുമായി ഫാം മാനേജ്മെന്റ്. ഫാമിൽ തൊഴിലുറപ്പ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതോടെയാണ് മാനേജ്മെന്റ് ഇതിനായുള്ള പദ്ധതികൾ ആവിഷ്കരിച്ചത്.
ഫാമിലെ സ്ഥിരം തൊഴിലാളികൾക്കും താൽക്കാലിക തൊഴിലാളികൾക്കും പുറമേ ആറളം പഞ്ചായത്തിലെ 400ത്തോളം തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഫാമിൽ 200 തൊഴിൽ ദിനങ്ങൾ ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തൊഴിലുറപ്പ് പ്രകാരം പൂർത്തീകരിക്കേണ്ട ഒൻപത് പദ്ധതികൾക്കാണ് പ്രത്യേക അനുമതി നൽകിയിരിക്കുന്നത്. തൊഴിലാളികളിൽ 2000 ത്തോളം പേർ ആദിവാസി- പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്ക തൊഴിലും വരുമാനവും ലഭ്യമാകുന്നതിലൂടെ പുനരധിവാസ മേഖലയിലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും.
ഇതോടെ വർഷങ്ങൾക്ക് ശേഷം ആറളം ഫാമിന്റെ അധീനതയിലുള്ള 12000ത്തോളം തെങ്ങുകളുടെ ചുവടുകൾ തുറന്ന് പച്ചിലയും വളങ്ങളും ചേർക്കുന്ന പ്രവ്യത്തി ആരംഭിച്ചു.
ഫാമിന്റെ അധീനതയിലുള്ള ഒൻപത് ടാങ്കുകളും ചെക്ക് ഡാമുകളും ഇതിൽ ഉൾപ്പെടുത്തി നവീകരിക്കും. കൂടാതെ 54 കിലോമീറ്റർ റോഡുകളുടെ പുനർനിർമാണം 24 കിലോമീറ്റർ നീർച്ചാൽ തെളിയിക്കൽ, കാർഷകോത്പ്പന്നങ്ങളും ഉപകരണങ്ങളും സൂക്ഷിക്കുന്നതിനായി ഫാമിലെ എല്ലാ ബ്ലോക്കുകളിലുമായി 17 ധാന്യപുരകളുടെ നിർമ്മാണം എന്നിവയും പൂർത്തിയാക്കും. ഫാം സെൻട്രൽ നേഴ്‌സറിയെ നവീകരിക്കുന്നതിനായി വിവിധ പദ്ധതികളും തൊഴിലുറപ്പിലൂടെതന്നെ നടപ്പിലാക്കും.
നേഴ്‌സറിയിൽ ഒരു ലക്ഷം തൈകൾ പുതുതായി ഉണ്ടാക്കുന്നതിന് കൂട് ഒരുക്കും.15 ഹെക്ടറിൽ നഴ്‌സറിക്ക് ആവശ്യമായ മദർ നേഴ്‌സറിക്കുള്ള നിർമ്മാണവും ഇതോടൊപ്പം പൂർത്തിയാക്കും. കശുമാവ്, വിവിധ തരം മാവുകൾ, പ്ലാവ്, സപ്പോട്ട, കുരുമുളക് ചെടികൾ എന്നിവ സജ്ജമാക്കും. ഫാമിന്റെ അധീനതയിലുള്ള 300 ഹെക്ടർ റബ്ബർതോട്ടത്തിൽ 150 ഹെക്ടറിൽ നീർകുഴികൾ നിർമ്മിക്കും. നേഴ്‌സറിയെ ശാസ്ത്രീയമായി നവീകരിക്കുന്നതിന് പ്രത്യേക ടാക്‌സ് ഫോഴ്‌സിനേയും ചുമതിലപ്പെടുത്തി . ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിൽ നിന്നും ഇവർക്കുള്ള പരിശീലനവും ഇതോടൊപ്പം പൂർത്തിയാക്കും. തൊഴിലാളികൾക്ക് മുടങ്ങാതെ 200 തൊഴിൽദിനമെങ്കിലും കിട്ടുന്ന രീതിയിലാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത് .
ഫാം നേഴ്‌സറിയിൽ നടന്ന ചടങ്ങിൽ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി നെടുംപറമ്പിൽ തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. റോസമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വേലായുധൻ, ഫാം എം ഡി വിമൽ ഘോഷ്, മാർക്കറ്റിംഗ് ഓഫീസർ ആർ. ശ്രീകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രസന്നൻ നായർ, സൂപ്രണ്ട് മോഹൻദാസ് എന്നിവർ പങ്കെടുത്തു . ഫാമിൽ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുന്നതിലൂടെ കരാറുകാർക്കും മറ്റും നൽകുന്ന അരക്കോടിയോളം രൂപ ഇത്തരത്തിൽ ലാഭിക്കാൻ കഴിയും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: