കോഴിക്കോട്: രോഗപ്രതിരോധത്തിന് ആയുര്‍വ്വേദം’എന്ന സന്ദേശവുമായി പകര്‍ച്ച വ്യാധി തടയുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി ജില്ലയില്‍ മുന്നൂറോളം ആയുര്‍ ഷീല്‍ഡ് പ്രതിരോധ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. നിലവിലുള്ള വൈദ്യശാലകളും സ്വകാര്യ ആയുര്‍വ്വേദ ക്ലിനിക്കുകളുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ചില ക്ലിനിക്കുകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ 5000 ആയുര്‍ഷീല്‍ഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. 1500ലധികം ക്ലിനിക്കുകള്‍ ഇതിനോടകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ. ആയുര്‍വേദ മെഡിസിന് മാനുഫാക്ചേഴ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്, കോണ്‍ഫെഡറേഷന്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള ഘടകം എന്നിവര്‍ കൈകോര്‍ത്താണ് പദ്ധതി തയ്യാറാക്കിയത്. ആയുര്‍വ്വേദ രംഗത്തെ പ്രമുഖര്‍ തയ്യാറാക്കിയ പ്രോട്ടോക്കോള്‍ പ്രകാരമാണ് എല്ലാ ക്ലിനിക്കുകളും പിന്തുടരുന്നത്. ഇതിനായി ആയുര്‍ഷീല്‍ഡ് മിഷന് കണ്ട്രോള് പ്രവര്‍ത്തിക്കുന്നുണ്ട്. രോഗപ്രതിരോധത്തിന് ആയുര്‍വ്വേദമെന്ന് ലോകമൊന്നാകെ പറയുന്ന നാളെയാണ് ആയുര്‍ ഷീല്‍ഡ് പദ്ധതിയുടെ ലക്ഷ്യം. വൈദ്യശാലകളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും ആയുര്‍ഷീല്‍ഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ നിശ്ചിത സമയത്തായിരിക്കും എല്ലായിടത്തും പ്രവര്‍ത്തിക്കുക. പരിശോധന സൗജന്യമായിരിക്കും.
ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ ആയുര്‍ ഷീല്‍ഡ് പ്രതിരോധ ക്ലിനിക് കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡോ. മെഹ്റൂഫ് രാജ് ഉദ്ഘാടനം ചെയ്തു. ഡോ. മനോജ് കാളൂര്‍, ഡോ. റീജ മനോജ്, ഡോ. അഭിജിത്ത്, സലീഷ്, ഫാസില്‍ എന്നിവര്‍ പങ്കെടുത്തു. ആര്യവൈദ്യ വിലാസിനി വൈദ്യശാലയിലെ പ്രവര്‍ത്തനം തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നു വരെയായിരിക്കും. ടെലി കണ്സല്ട്ടേഷന് ടോള്‍ഫ്രീ നമ്പറായ 8089202098 വിളിക്കാം.
പുഷ്പ ജംഗ്ഷനിലെ വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്ററില്‍ ആരംഭിച്ച ആയുര്‍ ഷീല്‍ഡ് പ്രതിരോധ ക്ലിനിക്ക് ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒന്നുവരെയും വൈകിട്ട് മൂന്നു മുതല്‍ ആറു വരെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഡോ. കെ.എസ്. വിമല്‍കുമാറാണ് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: