കണ്ണുനീര് തുള്ളികളില്‍ നിന്നുതിര്‍ന്ന
മങ്ങിയ ഭൂതകാലം. നിലയ്ക്കാത്ത
സ്വപ്നങ്ങള്‍ കോറിയിടും പുഞ്ചിരി.
ഇടയില്‍ ക്ഷണികമായ ജീവിതം…
സുശാന്ത് സിങ് രാജ്പുത്, അവസാനമായി ലോകത്തോട് പറഞ്ഞ വാക്കുകളില്‍ വായിച്ചെടുക്കാമായിരുന്നു ആ ജീവിതം. മകന്റെ ഉന്നതി കാണും മുന്‍പ് വിടപറഞ്ഞ അമ്മയുടെ ചിത്രത്തിനൊപ്പം സുശാന്ത് ക്ഷണികമായ ജീവിതത്തെക്കുറിച്ച് ജൂണ്‍ മൂന്നിന് സമൂഹമാധ്യമത്തില്‍ കുറിച്ചപ്പോള്‍ ആ വാക്കുകള്‍ക്ക് അവന്റെ ജീവന്റെ വിലയുണ്ടെന്ന് ആരും കരുതിയില്ല.
പരീക്ഷാ തോല്‍വി ആത്മഹത്യയിലെത്തിച്ച മകനെ പരാജയങ്ങള്‍ നിറഞ്ഞ തന്റെ കഥയിലൂടെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്ന അച്ഛനായാണ് ഒടുവില്‍ സുശാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ചിച്ചോരെ എന്ന ആ ചിത്രം പോലെ ശുഭപര്യാവസാനത്തില്‍ എത്തിയില്ല ആ കലാകാരന്റെ ജീവിതം.
പഠനത്തില്‍ മിടുമിടുക്കനായിരുന്നു സുശാന്ത്. ദല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിങ് പഠനം. പ്രവേശന പരീക്ഷയില്‍ ഏഴാം റാങ്കോടെ ജയം. പഠനകാലത്ത് നൃത്തത്തോടുള്ള ഇഷ്ടവും കൈവിട്ടില്ല. പ്രശസ്ത ബോളിവുഡ് നൃത്തസംവിധായകന്‍ ശ്യാമക് ദാവറിന്റെ ഡാന്‍സ് കമ്പനിയിലേക്ക്. അഭിനയിക്കാനുള്ള കഴിവ് ആദ്യം തിരിച്ചറിഞ്ഞതും ശ്യാമക് തന്നെ.
അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഡ്രാമ ക്ലാസുകളും തിയേറ്ററും. ഓസ്ട്രേലിയയില്‍ 2006 കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിലടക്കം നൃത്തം ചെയ്തു. എഞ്ചിനീയറിങ് എന്‍ട്രസുകള്‍ പതിനൊന്നെണ്ണം വിജയിച്ച, നാഷണല്‍ ഫിസിക്സ് ഒളിംപ്യാഡ് ചാമ്പ്യന്‍ വൈകാതെ പഠനം പാതിയില്‍ ഉപേക്ഷിച്ച് പൂര്‍ണമായും നൃത്തത്തിലേക്കും അഭിനയത്തിലേക്കും.
2008ല്‍ ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസ് ഒരുക്കിയ കിസ് ദേശ് മേ ഹേ മേരാ ദില്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മിനിസ്ക്രീനിലേക്ക്. 2009ല്‍ പവിത്ര രിശ്താ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരവും നേടി. സിനിമയിലേക്കുള്ള ചവിട്ടുപടികളായിരുന്നു ഇതെല്ലാം.
ചേതന്‍ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് എന്ന നോവല്‍ ആസ്പദമാക്കി അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത കായ് പോ ചെ എന്ന ചിത്രത്തില്‍ ബോളിവുഡില്‍ അരങ്ങേറ്റം. രാഷ്ട്രീയത്തിന്റെയും ക്രിക്കറ്റിന്റെയും പട്ടംപറത്തലിന്റെയുമെല്ലാം കഥ പറഞ്ഞ ചിത്രം നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയവും ഒരു പോലെ നേടി.
പിന്നീടിറങ്ങിയ ശുദ്ധ് ദേസി റൊമാന്‍സ് എന്ന പ്രണയ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആമിര്‍ ഖാന് നായകനായ പികെ എന്ന ചിത്രത്തിലെ ചെറുതെങ്കിലും പ്രധാനപ്പെട്ട കഥാപാത്രവും സുശാന്ത് മികവുറ്റതാക്കി.
ഇന്ത്യയുടെ ക്രിക്കറ്റ് നായകന് എം.എസ്. ധോണിയുടെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ കായ് പോ ചെയിലെ സുശാന്തിന്റെ ക്രിക്കറ്റ് പ്ലെയറായുള്ള വേഷ പകര്‍ച്ചയാണ് സംവിധായകന് നീരജ് പാണ്ഡെയുടെ മനസ്സില്‍ ആദ്യമെത്തിയത്.
എംഎസ് ധോണി ദി അണ് ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം സുശാന്ത് കാഴ്ചവച്ചു. മികച്ച നടനുള്ള ഫിലിം ഫെയര്‍ നാമനിര്‍ദേശവും ലഭിച്ചു. 2016ലെ ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു ചിത്രം. ഉത്തരാഖണ്ഡ് പ്രളയം ആസ്പദമാക്കി 2018ല്‍ പുറത്തിറങ്ങിയ കേദാര്‍നാഥും ശ്രദ്ധിക്കപ്പെട്ടു.
ഒരു വൈമാനികനാകുക എന്ന സ്വപ്നവും എന്നും സുശാന്തിനുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി വിമാനം പറത്താനുള്ള അവസരവും ലഭിച്ചു. ബഹിരാകാശത്തേക്കുള്ള യാത്രയ്ക്ക് നാസയില്‍ പരിശീലനത്തിനുമൊരുങ്ങിയിരുന്നു. എന്നാല്‍, അഭിനയിക്കാന്‍ ഇനിയുമേറെ കഥാപാത്രങ്ങളും ആടി തീര്‍ക്കാന്‍ ഒത്തിരി നൃത്തച്ചുവടുകളും സ്വപ്നങ്ങളും ബാക്കിയാക്കി ഇന്നലെ ആ യുവ പ്രതിഭ യാത്രയായി.
ദില്‍ ബേചാര എന്ന അവസാനം അഭിനയിച്ച ചിത്രം കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രദര്‍ശനത്തിന് എത്തേണ്ടതായിരുന്നു. എന്നാല്‍ അത് ഈ വര്‍ഷം മെയിലേക്ക് മാറി. അപ്പോഴാണ് കൊറോണ പ്രതിസന്ധി.
വിജയിക്കാതെപോയ ഒന്നിലേറെ പ്രണയങ്ങള്‍, അവസാനത്തെ ആറുമാസം നിരാശാഭരിതമായ ഒറ്റപ്പെട്ട ജീവിതം… ഒടുവില്‍ നൂല് പൊട്ടിയ പട്ടം ഉയരുമ്പോള്‍ കായ് പോ ചേ എന്ന് വിളിച്ചു പറയുന്ന കുട്ടിയെ പോലെ ജീവിതം പൊട്ടിച്ചെറിഞ്ഞ് ആയിരം സ്വപ്നങ്ങള്‍ ഭൂമിയില്‍ ഉപേക്ഷിച്ച്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: