ജോര്‍ദ്ദാനിയന്‍ മരുഭൂമികളുടെ ചക്രവാളം പ്രതീക്ഷകളുടേതായിരുന്നു. വൈരുദ്ധ്യങ്ങളെ പകര്‍ത്തിയ ക്യാമറാക്കണ്ണുകള്‍ക്ക് അപ്പുറം ചില ചിന്തകളും തിരിച്ചറിവുകളും പകര്‍ന്നുനല്‍കിയ 58 ദിനരാത്രം. രാത്രിയുടെ ഏകാന്തതകള്‍ പോലും ചില നിയോഗങ്ങളെ അനുഭവിച്ച് അറിയുകയായിരുന്നു.
ജീവിതത്തിലെ നന്മകളെ അടുത്തറിയുക, അതിന് അല്‍പ്പം സമയം കണ്ടെത്തുക. ഇതൊക്കെ ഇന്നത്തെ ശരാശരി മനുഷ്യന് സാധിച്ചെന്നു വരില്ല. അത്തരം ചില യാഥാര്‍ത്ഥ്യങ്ങളെ പഠിപ്പിക്കുകയായിരുന്നു ജോര്‍ദ്ദാന്‍. ഇന്നുവരെ അനുഭവിച്ചറിയാത്ത ആശങ്കകളും അതിലേറെ അഭ്യൂഹങ്ങളും അങ്ങനെ പലതും ആ മരുഭൂമി പറഞ്ഞുതന്നു. ജീവിതത്തില്‍ മറക്കാനാകാത്ത ഓര്‍മ്മകളുടെ ഗന്ധമാണ് ആ നാട്.
മാര്‍ച്ച് പതിനാറിനായിരുന്നു ജോര്‍ദ്ദാനില്‍ ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മരുഭൂമിയില്‍ നിന്നുള്ള നിര്‍ണായക രംഗങ്ങളാണ് വാദിറാമില്‍ ചിത്രീകരിച്ചത്. 58 പേരുടെ ഇന്ത്യന്‍ സംഘത്തിനൊപ്പം മുപ്പതോളം ജോര്‍ദ്ദാന്‍ സ്വദേശികളും ചിത്രീകരണ സംഘത്തില്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ അറുപത് ശതമാനവും പൂര്‍ത്തിയായി. നിലവിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷമായിരുന്നു മടക്കം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇടയ്‌ക്ക് ചിത്രീകരണം നിന്നുപോയിരുന്നു. എന്നാല്‍ ഏപ്രില്‍ 24 ന് ചിത്രീകരണം പുനരാരംഭിച്ചു. മൂന്ന് മാസം നീണ്ടുനിന്ന ചിത്രീകരണത്തിനാണ് കഴിഞ്ഞ ദിവസം അവസാനമായത്.
ജീവിതത്തില്‍ വൈരുദ്ധ്യമാര്‍ന്ന അനുഭവങ്ങളെ അടുത്തറിയണം. അത് ദൈവനിശ്ചിതമായ നിയോഗമാണ്. അത്തരം ഒരു നിയോഗമായിരുന്നു ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ദിനങ്ങള്‍. ബെന്യാമന്റെ നോവല്‍ ആസ്പദമാക്കി ചെയ്യുന്ന ഈ സിനിമയുടെ ജോലികള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. മരൂഭൂമിയില്‍ അകപ്പെട്ട് പട്ടിണിയും ദുരിതവുംകൊണ്ട് ശോഷിച്ചുപോയ കഥാനായകന്റെ രൂപത്തിലേക്ക് പൃഥ്വി എത്തിയത് ഭക്ഷണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയും വ്യായാമം ചെയ്തുമാണ്. ഇങ്ങനെ ഏറെ ത്യാഗങ്ങള്‍ സഹിച്ച് സിനിമ അറുപത് ശതമാനം പൂര്‍ത്തിയായപ്പോഴാണ് കോവിഡ് എത്തിയത്. കഥാ സന്ദര്‍ഭത്തിന്റെ എല്ലാ വൈരുദ്ധ്യങ്ങളും ഇതോടെ അനുഭവിച്ചറിയാന്‍ തുടങ്ങി. ഇത് ഒരു പുതുഅനുഭവമാണ്. ജോര്‍ദാനിലെ ആദ്യദിനങ്ങളില്‍ ആശങ്കയായിരുന്നെങ്കിലും പിന്നീട് അത് ആനന്ദമായി. വൈരുദ്ധ്യങ്ങളുടെ ആടുജീവിതം എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായി.
കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജോര്‍ദാനിലും കര്‍ശനമായിരുന്നു നിയന്ത്രണങ്ങള്‍. അടുത്തുള്ളത് വളരെ കുറച്ചു പേര്‍ താമസിക്കുന്ന ചെറിയ ഗ്രാമമാണ്. ഇന്ത്യക്കാരായി 58 പേരും മുപ്പതോളം ജോര്‍ദാനികളുമാണ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇവിടെയുണ്ടായിരുന്നത്. പുറമേനിന്ന് ആരും വരാറില്ല. ജോര്‍ദാന്‍ തന്നെ ഒരു കോടിയില്‍ താഴെ ജനസംഖ്യയുള്ള രാജ്യമാണ്. പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍. ഇവിടെയെത്തി ഒന്‍പത് ദിവസം ഷൂട്ടിങ് നടന്നു. പിന്നീട് അതിനുള്ള അനുമതി റദ്ദുചെയ്തു. ജോര്‍ദാന്‍ പയനീര്‍ എന്നൊരു കമ്പനിയായിരുന്നു ഇവിടെ ഷൂട്ടിങ്ങിന് സൗകര്യം ഒരുക്കിത്തന്നത്. അവരുടെ പിന്തുണയും സഹായവും ഉള്ളതുകൊണ്ട് വലിയ പ്രയാസമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോയി.
നജീബ് പൃഥ്വിരാജില്‍ ഭദ്രം
പ്രതിസന്ധികളോട് പൊരുതുന്ന നജീബ് എന്ന കേന്ദ്ര കഥാപാത്രം കഥയ്‌ക്ക് നല്‍കുന്ന അതേ പിന്തുണയാണ് കോവിഡ് ആശങ്കകള്‍ക്കിടയിലും ഉണ്ടായിരുന്നത്. ടീമിന്റെ സകല കാര്യങ്ങള്‍ക്കും അദ്ദേഹം ഒപ്പമുണ്ട്. പൃഥ്വിയുടെ പിറന്നാള്‍ ആഘോഷം അടക്കം സെറ്റില്‍ സംഘടിപ്പിച്ചു. പൃഥ്വിയുടെ വീട്ടുകാരും ഞങ്ങള്‍ക്ക് നാട്ടില്‍ നിന്ന് പൂര്‍ണ സപ്പോര്‍ട്ടായിരുന്നു.
തിരികെ വന്ന് ആരോഗ്യ പരിശോധനകള്‍ക്കു ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറോടിച്ചാണ് പൃഥ്വിരാജ് പോയത്. ക്വാറന്റൈന്‍ വിശേഷങ്ങള്‍ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഓഫ് ടു ക്വാറന്റൈന്‍ ഇന്‍ സ്റ്റൈല്‍ എന്ന ഹാഷ്ടാഗോടു കൂടിയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.
ആടുജീവിതമെന്ന സിനിമയുടെ ചിന്തതുടങ്ങിയപ്പോള്‍തന്നെ നായകന്‍ ആരെന്നതില്‍ സംശയമില്ലായിരുന്നു. കഥയിലെ കേന്ദ്ര കഥാപാത്രത്തോട് അദ്ദേഹത്തിന് അത്രത്തോളം ഇണക്കമുണ്ട്. 2017 നവംബര്‍ മുതല്‍ മാര്‍ച്ച് 2019 വരെ പല ഘട്ടങ്ങളായിട്ടാണ് സിനിമയുടെ സമയം ഷെഡ്യൂള്‍ ചെയ്തിരുന്നത്. സിനിമയ്‌ക്കു വേണ്ടി അദ്ദേഹം സഹിക്കുന്ന ത്യാഗം പറഞ്ഞറിയിക്കുന്നതിന് അപ്പുറമാണ്. പലഘട്ടത്തിനും വ്യത്യസ്തമായ ഡയറ്റ് തന്നെ നിശ്ചയിക്കേണ്ടി വന്നു.
ഏറെ വെല്ലുവിളി നിറഞ്ഞ വേഷം പൂര്‍ണ മനസോടെയാണ് അദ്ദേഹം കൈകാര്യം ചെയ്തു വരുന്നത്. സിനിമയ്‌ക്കു വേണ്ടി ശാരീരികമായ പരിവര്‍ത്തനങ്ങളിലൂടെയും കടന്നു പോകേണ്ടതിനാലാണ് പല ഷെഡ്യൂളുകളായി ചിത്രം ക്രമീകരിച്ചത്.
ഞാനും പൃഥ്വിയും തളര്‍ന്നാല്‍ അത് ടീമിനെ മുഴുവന്‍ ബാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് ആശങ്കകള്‍ ഉള്ളിലൊതുക്കി ഒപ്പമുള്ളവര്‍ക്ക് കരുത്ത് പകര്‍ന്നു. ലോകത്തിന്റെ സാമ്പത്തിക മേധാവിത്വം പോലും ആടിയുലഞ്ഞപ്പോള്‍ ആദ്യം ഭയന്നു. പിന്നെ അനുഭവിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി. എങ്കിലും അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു എന്ന വാര്‍ത്ത ഞെട്ടിച്ചു. പിന്നീട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിളികള്‍. എങ്കിലും എല്ലാം പോസിറ്റീവായി എടുക്കാനായിരുന്നു ശ്രമിച്ചത്. മരുഭൂമിയോട് ചേര്‍ന്ന് അധികം മനുഷ്യവാസം ഇല്ലാത്ത ഇടത്തായിരുന്നു ക്യാമ്പ്. എല്ലാവരും പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ടു പോയി. ഒരു ഗ്രൂപ്പായി നിന്ന് എല്ലാറ്റിനെയും സധൈര്യം നേരിടുകയാണ്. അതുകൊണ്ടുതന്നെ അങ്ങനെ വലിയരീതിയിലുള്ള മാനസിക സമ്മര്‍ദ്ദമൊന്നും ആര്‍ക്കുമുണ്ടായില്ല.
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ ക്യാമ്പില്‍ ഈസ്റ്ററും വിഷുവുമെല്ലാം ആഘോഷിച്ചു. സിനിമയുടെ കലാസംവിധായകനായ പ്രശാന്ത് മാധവും സംഘവും കൊന്നപ്പൂ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ തുണി കൊണ്ടും മറ്റും ഉണ്ടാക്കി കണിയൊരുക്കി. പായസമുള്‍പ്പെടെയുള്ള വിഷുസദ്യയും ഒരുക്കി. ദുഃഖവെള്ളി ദിവസത്തില്‍ ‘കുരിശിന്റെ വഴി’യും ഒരുക്കി. സംഘത്തിനൊപ്പമുള്ള ഫോട്ടോഗ്രാഫര്‍ അനൂപ് ചാക്കോയാണ് ക്രിസ്തുവിന്റെ വേഷമിട്ടത്. ഇടയ്‌ക്ക് കയ്യൊടിഞ്ഞെങ്കിലും ആവശ്യത്തിലധികം വിശ്രമവും ആരോഗ്യ സഹായവും അധികൃതര്‍ ഏര്‍പ്പെടുത്തിത്തന്നു.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഫോണ്‍ വന്നതോടെ പ്രതീക്ഷകളുടെ കാത്തിരിപ്പായിരുന്നു സംഘത്തിലുണ്ടായിരുന്ന 58 പേര്‍ക്കും. എമ്പസിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ മേല്‍നോട്ടമുണ്ടായിരുന്നു. പലതവണ അദ്ദേഹം ഞങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ, സാമൂഹ്യ അച്ചടക്കത്തിന്റെ എല്ലാ പരിമിതികളും ആസ്വദിക്കുന്ന ദിനങ്ങളായിരുന്നു പിന്നീട്. മലയാളിയും സാമൂഹ്യ പ്രവര്‍ത്തകനുമായ തിരുവനന്തപുരം സ്വദേശി സുനില്‍ അടക്കമുള്ളവര്‍ എല്ലാസഹായവും ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളില്‍ ഏറെ നന്ദിയുണ്ട്.
ഇന്ത്യന്‍ അംബാസഡറും അദ്ദേഹത്തിന്റെ കീഴിലുള്ള സെക്രട്ടറിമാരുമെല്ലാം ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചിരുന്നു. മലയാള സിനിമാ മേഖലയില്‍ നിന്നുള്ളവരെല്ലാം ഞങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നു. സുരേഷ് ഗോപിയും മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഇടവേള ബാബുവും രഞ്ജിത്തും അനിലും മറ്റു സിനിമാ സംഘടനാ ഭാരവാഹികളുമൊക്കെ നിരന്തരം വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. സാധ്യമായതൊക്കെ അവര്‍ ചെയ്തു തന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക