കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എക്സൈസ് പരിശോധന ശക്തമാക്കി. ഇന്നലെ നാല് അബ്കാരി കേസുകളും, അഞ്ച് കോട്പ കേസുകളും ഒരു എന്‍ഡിപിഎസ് കേസുമടക്കം 10 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ 14.04 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 50 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും 10 ഗ്രാം വീതം കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി.
നീലേശ്വരം റെയ്ഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ കോട്ടമല കാവുന്തലയില്‍ നടന്ന പരിശോധനയില്‍ 10 ലിറ്റര്‍ ചാരായം പിടികൂടി. ശ്രീധരന് എന്നയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ സി.കെ. അഷ്റഫ്, സിഇഒമാരായ ജോസഫ് അഗസറ്റിന്, സി. സിജിന്‍, വിജിത്ത് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയ് ജോസഫും സംഘവും മഞ്ചേശ്വരത്ത് നടത്തിയ പരിശോധനയില്‍ പെര്‍മുദെയില്‍ നിന്ന് സ്കൂട്ടിയില്‍ കടത്തുകയായിരുന്ന 8.64 ലിറ്റര്‍ കര്‍ണ്ണാടകാ മദ്യം പിടിച്ചെടുത്തു. സതീഷ് നായ്ക് എന്നയാളുടെ പേരില്‍ കേസെടുത്ത് വാഹനം പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ശ്രീജിത്ത്, സിഇഒമാരായ ഹമീദ്, സുധീര്‍, മോഹനകുമാര്‍ എന്നിവരന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ.വി രാജീവനും സംഘവും നടത്തിയ പരിശോധനയില്‍ ബായ്കട്ടയില് നിന്ന് 5.4 ലിറ്റര്‍ കര്‍ണ്ണാടക മദ്യം കൈവശം വെച്ചിരുന്ന ജയറാം നോണ്ട എന്നയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. സിഇഒമാരായ പ്രിഷി, ഹസ്രത് അലി, സത്യന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാസര്‍കോട് റെയിഞ്ച് ഇന്‍സ്പെക്ടര്‍ രമേശും സംഘവും നടത്തിയ പരിശോധനയില്‍ തെക്കില്‍ വില്ലേജില്‍ വടക്കേപ്പള്ളം കോളനിയില്‍ നിന്ന് 50 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.
ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി മുധുസുദനന്‍ പിള്ളയും സംഘവും നടത്തിയ പരിശോധനയില്‍ കാഞ്ഞങ്ങാട് നിന്ന് 10 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് എച്ച്.ബിലാലിനെ അറസ്റ്റ് ചെയ്ത് എന്‍ഡിപിഎസ് കേസെടുത്തു. ബദിയടുക്ക റേഞ്ച് ഇന്‍സ്പെക്ടര്‍ സമീറും സംഘവും നടത്തിയ പരിശോധനയില്‍ ഉക്കിനടുക്കയിലെ ഒരു ബേക്കറിയില്‍ നിന്നും 10 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: