Categories: Palakkad

തച്ചമ്പാറയിലെ കുടുംബശ്രീ ജനകീയ ഹോട്ടല്‍ നടത്തിപ്പില്‍ ഭിന്നത; രണ്ടംഗങ്ങള്‍ ഹോട്ടലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

യൂണിറ്റ് സെക്രട്ടറി സാജിതയും മറ്റൊരു അംഗം ഐഷാബിയും ജനകീയ ഹോട്ടലിന്റെ നടപ്പിനെതിരെ തുടക്കം മുതലേ പരാതി ഉന്നയിച്ചിരുന്നു. തച്ചമ്പാറ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നല്‍കിയിരുന്നു.

Published by

തച്ചമ്പാറ: സംസ്ഥാന സര്‍ക്കാരിന്റെ 20 രൂപക്ക് ഊണ് എന്ന പേരില്‍ ഒരുമാസം മുമ്പ് തച്ചമ്പാറയില്‍ തുടങ്ങിയ കുടുംബശ്രീ ജനകീയ ഹോട്ടല്‍ നടത്തിപ്പില്‍ തര്‍ക്കം രൂക്ഷം. ഇതേ തുടര്‍ന്ന് നടത്തിപ്പുക്കാരായ രണ്ടംഗങ്ങള്‍ ഇന്നലെ ഹോട്ടലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

തച്ചമ്പാറ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് ആലിപ്പഴം കുടുംബശ്രീ യൂണിറ്റാണ് മണ്ണാര്‍ക്കാട് ബ്ലോക്കിന് കീഴില്‍ കുടുംബശ്രീ ജനകീയ ഹോട്ടല്‍ തുടങ്ങിയത്.  കുടുംബശ്രീ യൂണിറ്റിലെ അഞ്ചു പേര്‍ക്കാണ് ഹോട്ടല്‍ നടത്തിപ്പിന്റെ ചുമതല. ഇതില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും അയല്‍വാസികളായ രണ്ടുപേരുമാണ് അംഗങ്ങള്‍. വീട്ടുകാരായ അംഗങ്ങളും അയല്‍വാസികളായ അംഗങ്ങളും തമ്മിലാണ് തര്‍ക്കം.

യൂണിറ്റ് സെക്രട്ടറി സാജിതയും മറ്റൊരു അംഗം ഐഷാബിയും ജനകീയ ഹോട്ടലിന്റെ നടപ്പിനെതിരെ തുടക്കം മുതലേ പരാതി ഉന്നയിച്ചിരുന്നു. തച്ചമ്പാറ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നല്‍കിയിരുന്നു. തങ്ങളെ മറയാക്കി ചിലര്‍ ഹോട്ടല്‍ കുടുംബ സ്വത്തായി നടത്തുകയാണെന്നും,  സാധനങ്ങള്‍ ഇവര്‍ വീടുകളിലേക്ക് കൊണ്ടുപോകുകയാണെന്നും, സബ്‌സിഡി തുകയില്‍ തിരുമറി നടത്തിയതായുമാണ് പരാതി. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെ പരാതി പിന്‍വലിച്ചു.  

വീണ്ടും ഭിന്നത രൂക്ഷമായിരിക്കുകയാണ്. രാവിലെ ഹോട്ടല്‍  തുറന്നപ്പോള്‍ സെക്രട്ടറി സാജിത താക്കോല്‍ ആവശ്യപ്പെട്ടപ്പോള്‍ മറുവിഭാഗം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പുതിയ പൂട്ടിട്ട് ഹോട്ടല്‍ പൂട്ടി. എന്നാല്‍ മറുവിഭാഗം പൂട്ട് പൊളിച്ച് ഹോട്ടല്‍ തുറക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന്  സാജിതയും ഐഷാബിയും ഹോട്ടലിനു മുന്‍പില്‍ കുത്തിയിരിപ്പു നടത്തി. ഉച്ചയോടെ കല്ലടിക്കോട് പോലീസെത്തി ഇരു വിഭാഗവുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by