നാട്ടിടവഴിയിലാണ്ടു നില്ക്കും
കമ്മ്യൂണിസ്റ്റ് പച്ച
നനുത്ത രാവില്‍ ചൊല്ലുന്നത്
പ്രത്യയശാസ്ത്രത്തിന്റെ രസതന്ത്രങ്ങള്‍.
ജീവിതത്തിന്റെ കീറിത്തുന്നലുകളുടെ
പട്ടിക ചൊല്ലി പഠിക്കുമ്പോള്‍
കരുതലിന്റെ ബാക്കിയിലകള്
ഒരു പൂവിരിയുന്നതും നോക്കിയിരുപ്പാണ്.
ഉറ്റ നിറങ്ങള്‍ പച്ചയിലയ്ക്കിടെ
ഹൃദയനിറപ്പൂ ചാര്‍ത്തുമ്പോള്‍
ഋതുക്കളെ പ്രണയിച്ച ആട്ടിടയന്
കൂട്ടം തെറ്റിയവരുടെ വിലാപ
കാവ്യകടത്തിലാണ്ടു പേരറിയാത്ത
നിഴല്‍ക്കാടുകള്‍ തേടി.
വേദന മൊട്ടായ് ശരമെയ്തിടുമ്പോള്
വ്യസനങ്ങളുടെ ഭാണ്ഡമഴിച്ച്
ഉയിര്‍പ്പിന്റെ ഓലക്കെട്ടുകളില്‍
മറ്റൊരു പെയ്തിറങ്ങലിനായ്
കണ്ണീല് മുത്തമിട്ടുറക്കത്തിലാണ്ടു.
വിത്തിനകത്തിലൊളിപ്പിച്ച
സത്യം
പകലിന്റെ താരാട്ട് മോഹിച്ച്
ജനിതക രഹസ്യം വിളിച്ചോതുവാനായ്
നാലുവരി കവിതയ്ക്ക്
തളിരിലചാര്ത്തി താളത്തിനൊത്ത്
മണ്ണിന്റെ മാറില്‍ വേരുകളാഴ്ത്തി.
വിഭീഷ് തിക്കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: