പതിവുപോലെ പ്രഭാതത്തില്‍ അയാള്‍ നടക്കാനിറങ്ങി. ഒരു കുന്നിന് ചരിവിലാണ് വീട്. വിദേശത്തെ ഉയര്‍ന്ന ഉദ്യോഗം മതിയാക്കിയാണ് അയാള്‍ ഇവിടം സ്വന്തമാക്കിയത്. മുളം ചില്ലകളും പവിഴമല്ലികളും മന്ദാരപ്പൂക്കളും നിറഞ്ഞ തൊടി പര്‍ണ്ണശാലയുടെ അങ്കണം പോലെ തോന്നിച്ചു. മിക്കപ്പോഴും അയാളുടെ സ്നേഹിതര്‍ അവിടെ എത്തുമായിരുന്നു; ശുദ്ധവായു ശ്വസിക്കാനും പ്രകൃതിയുടെ മാറില്‍ കിടന്നു മയങ്ങി മനസ്സിനെ സ്വസ്ഥമാക്കുവാനും.
ഈയിടെയായി ആരും വരാറില്ല. മുഖാവരണങ്ങളും ശാരീരിക അകലങ്ങളും അവിടെയും ബാധിച്ചു. അയാളുടെ ചിത്രകാരിയായ ഭാര്യയാകട്ടെ നിറങ്ങളില്‍ നിന്ന് മുഖമുയര്‍ത്തിയതേയില്ല. അതിനാല്‍ അയാള്‍ കൂടുതല്‍ സമയവും പുതിയ ചെടികള്‍ നട്ടുപിടിപ്പിക്കാനും പച്ചക്കറിത്തോട്ടങ്ങള്‍ വിശാലമാക്കാനും തുടങ്ങി. ഒപ്പം അതുവരെ മറഞ്ഞിരുന്ന ചില സ്വപ്നങ്ങള്‍ അയാളെ മൃദുവായി തൊടുകയും ചെയ്തു.
അയാള്‍ ഉദ്യാനത്തെ ആദ്യം കാണുംപോലെ വീക്ഷിക്കാന്‍ തുടങ്ങി. ഈയിടെയായി അങ്ങനെയാണ്. ജീവിതത്തിന്റെ നിസ്സഹായതയെക്കുറിച്ചും നശ്വരതയെക്കുറിച്ചും വല്ലാതെ ഓര്‍ത്തു പോകുന്നു. ചുറ്റിനും ഒരുപാടു പേരുണ്ടാകണമെന്ന് വല്ലാതെ ആഗ്രഹിക്കും. മക്കള്‍ വിദേശത്തു നിന്ന് മുടങ്ങാതെ വിളിക്കാറുണ്ട്. അവിടവും അത്ര സുരക്ഷിതമല്ല. ഓരോ ദിവസവും ഉണര്‍ന്ന് പ്രഭാതത്തെ നോക്കുന്നതു പോലും ആദ്യം കാണുന്ന പോലെയാണ്. ജീവിതം വല്ലാതെ വില പിടിപ്പുള്ളതാണെന്ന് അയാള്‍ ഓര്‍ക്കും.
അയാള്‍ വിശാലമായ ഉദ്യാന വളപ്പിലൂടെ മെല്ലെ നടന്നു. എന്നത്തേയും പോലെ പൂക്കളും കിളികളും ശലഭങ്ങളും മഞ്ഞുതുള്ളികളും.
ദൂരെ ആകാശത്തിന് അതിരിട്ട മലനിരകള്‍ മഞ്ഞുപുതച്ച് കാണപ്പെട്ടു. ഉദ്യാനത്തിന് അങ്ങേയറ്റത്തു കാണപ്പെട്ട മരം പരുന്തുകളുടെ താവളമാണ്. മനുഷ്യ സാന്നിദ്ധ്യമുള്ളിടത്തു പരുന്തുകള്‍ വീടുവയ്ക്കുമോ? അറിയില്ല. പക്ഷേ സ്നേഹത്തിന്റെ സൗമ്യത പ്രസരിക്കുന്ന ഇടങ്ങള്‍ മറ്റേതൊരിടത്തേക്കാളും സുരക്ഷിതമാണെന്ന് ജീവജാലങ്ങള്‍ക്കുപോലും തിരിച്ചറിയാം.
പലവര്‍ണ്ണത്തിലെ പൂക്കള്‍, പുല്‍ത്തകിടി, കൃത്രിമ ജലാശയം, കുറുകെയുള്ള കുഞ്ഞു പാലം എന്നിങ്ങനെ പലതും അയാളുടെ ഉദ്യാനത്തെ വേറിട്ടതാക്കി.
ഒരരികില്‍ ചെമ്പകം പൂത്തുനില്‍പ്പുണ്ട്. അതിന്റെ മണം അയാള്‍ക്ക് വളരെയിഷ്ടമാണ്. പക്ഷേ പൂക്കള്‍ പറിക്കുന്നത് തെല്ലും ഇഷ്ടമായിരുന്നില്ല. കൊഴിഞ്ഞു വീഴുന്ന പൂക്കള്‍ മാത്രമേ അയാള്‍ പെറുക്കിയെടുക്കുമായിരുന്നുള്ളൂ. പൂവ് ചെടിയുടെ സ്വന്തമല്ലേ. അതങ്ങനെ നില്ക്കുന്നതു കാണാനല്ലേ ഭംഗി.
എന്തിന് അതൊക്കെ നുള്ളിയെടുത്ത് ചെടിയെ വേദനിപ്പിക്കണം. അതിന്റെ സന്തോഷമില്ലാതാക്കണം. അയാള്‍ അങ്ങനെ കരുതി.
ചെറുപ്പത്തില്‍ തറവാട്ടുവളപ്പില്‍ ഒരു കുറുമൊഴി മുല്ല വളര്‍ന്നു നിന്നിരുന്നത് അയാള്‍ ഓര്‍ക്കും. വിട്ടു പോന്നയിടങ്ങള്‍ വിദൂരമായ ഓര്‍മ്മത്തുള്ളികളാണ്. ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളാണ് ഭൗതിക സാന്നിദ്ധ്യമില്ലെങ്കിലും പലതിനെയും പലതിനോടും ചേര്‍ത്തു പിടിക്കുന്നത്.
മുല്ലയ്ക്ക് അയാള്‍ എന്നും വെള്ളമൊഴിക്കുമായിരുന്നു. പിന്നീട് കുറെക്കഴിഞ്ഞാണ് ഒരു കാര്യം ശ്രദ്ധിച്ചത്, താന്‍ അടുത്തു വരുമ്പോള്‍ അതിനുണ്ടാകുന്ന മാറ്റം. കാറ്റു വീശുന്നില്ലെങ്കിലും വള്ളികള്‍ മെല്ലെ ചാഞ്ചാടുന്നത്. സ്നേഹത്തിന്റെ പുതപ്പിക്കല്‍ പോലെ ഒരനുഭവം. മുല്ലവള്ളിയുടെ വാക്കുകളില്ലാത്ത സ്നേഹപ്രകടനങ്ങള്‍. സ്നേഹിക്കുന്നവരെ ഏതു ജീവിയും തിരികെ സ്നേഹിക്കുമല്ലോ. അതിന് ജീവജാലങ്ങളെന്നോ വൃക്ഷലതാദികളെന്നോ ഒരു വ്യത്യാസവുമില്ല.
ഉദ്യാനത്തിന്റെ ഒരറ്റത്ത് മഞ്ചാടി വളര്‍ത്തണമെന്ന് അയാള്‍ ഓര്‍ത്തു. മഞ്ചാടിത്തോട്ടങ്ങള് വേണം. എന്നിട്ട് ഒരു അത്ഭുതം പോലെ ആ തോട്ടം തന്റെ സ്നേഹിതയ്ക്ക് സമ്മാനിക്കണം.അയാള്‍ ഓര്‍ത്തു. അവളിപ്പോള്‍ എവിടെ ആയിരിക്കും? അറിയില്ല. ഏറെ നാളായി അവളെക്കുറിച്ച് ഒന്നുമറിയുന്നില്ല. അയാള്‍ അവളുടെ പിറന്നാളുകളില്‍ ചെമ്പകപ്പൂക്കളും മഞ്ചാടിയുമാണ് സമ്മാനിക്കാറ്.
അവളുടെ വിചിത്രവും പ്രായത്തിനു ചേരാത്തതുമായ കുട്ടിത്തം നിറഞ്ഞ ആഗ്രഹങ്ങളെ അയാള്‍ സൗമനസ്യപൂര്‍വ്വം സ്വീകരിച്ചിരുന്നു. അതവളെ വിസ്മയിപ്പിച്ചുമിരുന്നു.
ഏറ്റവും നനുത്ത ഇഷ്ടങ്ങളാണ് ഏറ്റവും വലിയ ആഗ്രഹങ്ങളെന്ന് അയാള്‍ അറിഞ്ഞു. അതുകൊണ്ടാണ് അവള് വെറുതെ പറഞ്ഞ ഒരു ചോക്കലേറ്റിന് ഒരു പെട്ടി ചോക്കലേറ്റ് സമ്മാനിച്ചത്.
പ്രഭാത സഞ്ചാരത്തിനിടെയാണ് പലവിധ ചിന്തകള്‍ വന്ന് അയാളെ തൊടുന്നത്. ജീവിതത്തെ പ്രസന്നതയോടെ സമീപിക്കാനുതകുന്ന ചിന്തകള്‍. നടത്തം കഴിഞ്ഞ് വിശ്രമിക്കും നേരത്ത് അതൊക്കെ വാട്ട്സപ് വഴി തന്റെ സുഹൃത്തുക്കള്‍ക്കായി പങ്കുവച്ചിരുന്നു. പ്രഭാതങ്ങളെ ഉന്മേഷഭരിതമാക്കാന്, പ്രശ്നങ്ങളെ സമചിത്തതയോടെ വീക്ഷിക്കാന്‍ ആ സന്ദേശങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
ഒരേ ഉദ്യാനം ഓരോ ദിവസവും വ്യത്യസ്തമായ എന്തെല്ലാം കാഴ്ചകളും അനുഭവങ്ങളുമാണ് നല്‍കുന്നതെന്ന് അയാള്‍ അറിഞ്ഞു. ഒരേ നിറവും മണവും ആകാം. പക്ഷേ ഓരോ ദിവസവും പുതിയ പൂക്കളാണ് വിടരുന്നത്. പുതിയ വായു, പുതിയ കാറ്റ്. എന്നിട്ടും നമ്മളറിയുന്നതേയില്ല.
പ്രകൃതി ബഹളങ്ങളേതുമില്ലാതെ എത്ര സൗമ്യമായാണ് അതിന്റെ സന്തോഷങ്ങളെ വിടര്‍ത്തുന്നത്.
സൗമ്യതകളില്‍ കവിള് ചേര്‍ത്തു നില്‍ക്കെ അപ്പോള്‍ കൊഴിഞ്ഞു വീണ ഇലകളിലേക്ക് കണ്ണുടക്കി. അതിന്റെ തണ്ടറ്റത്ത് ഉണങ്ങിപ്പിടിച്ച നീര്‍ത്തുള്ളി പോലെ. ഓരോ വേര്‍പാടും എത്ര വേദനാജനകമാണ്. ലോകത്ത് രക്തത്തിനു മാത്രമല്ല, കണ്ണീരിനും ഒരേ നിറമാണ്. അയാളോര്‍ത്തു. വേദനകളെയും പ്രകൃതി എത്ര മനോഹരമായാണ് പരിലാളിക്കുന്നത്. വിടര്‍ന്ന പൂക്കളിലും ശലഭങ്ങളിലും നമ്മുടെ കണ്ണുകളെ പിടിച്ചു നിര്‍ത്തിയിട്ട് മറ്റെല്ലാം മായ്ച്ചുകളയുന്നു.
അയാള്‍ ചുറ്റിനും നോക്കി. താന്‍ വരുന്നതു കാണാന്‍ കാത്തിരുന്നിട്ട്, കണ്ടതിനുശേഷം മാത്രം ഭക്ഷണം തേടി പോകുന്ന ചില പരുന്തുകള്‍. പേടി കൂടാതെ കയ്യെത്തും ദൂരത്തിരിക്കുന്ന പച്ചക്കിളികള്‍, കരിയിലക്കിളികള്‍, അണ്ണാറക്കണ്ണന്മാര്, തേന്‍ കുരുവികള്‍, ശലഭങ്ങള്‍. തന്റെ സാന്നിദ്ധ്യത്തില്‍ സന്തോഷ പുളകിതരായി ചില്ലകള്‍ മീട്ടുന്ന, ഇലകളിളക്കുന്ന മരങ്ങളും ചെടികളും. അയാളുടെ കണ്ണുനിറഞ്ഞൊഴുകി. സന്തോഷം വരുമ്പോഴും അയാളങ്ങനെയാണ്.
നടത്തം കഴിഞ്ഞ് അയാള്‍ ഉദ്യാനത്തിലെ ചെറു ജലാശയത്തിനരികെ വന്നിരുന്നു.
മനുഷ്യര്‍ ഒരു പുഴ പോലെയാണ്. അയാളോര്‍ത്തു. എന്തുവന്നാലും പുഴയിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. ഒഴുക്കിനെ തടയുന്ന പലതും വരും. അത് എല്ലാറ്റിനെയും സ്വീകരിക്കുന്നു. കിട്ടുന്നതൊക്കെ കൂടെ കൊണ്ടുപോകും. നല്ലതായാലും മോശമായാലും. അതിന് ഒഴുകാതിരിക്കാന്‍ കഴിയില്ല. കാണുന്നവരുടെ കണ്ണിന് ഇമ്പം നല്കി, മനസ്സിനും ശരീരത്തിനും കുളിര്‍മ നല്കി പുഴയിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. തനിക്ക് മറ്റുള്ളവര്‍ എന്തു നല്കുന്നു എന്ന ചിന്തയേതുമില്ലാതെ സാന്ത്വനത്തിന്റെ തണുപ്പ് ഏവര്‍ക്കും പകര്‍ന്നു കൊടുക്കും. അയാള്‍ക്ക് ആനന്ദം കൊണ്ട് പൊട്ടിക്കരയണമെന്നു തോന്നി. കവിളിലൂടെ നീര്‍ച്ചാലുകള്‍ ഒഴുകി. അത് വീണ് ജലാശയം നിറഞ്ഞു. പിന്നെ ജലം പുറത്തേക്കൊഴുകി. ഉദ്യാനത്തിന്റെ അതിരുകള്‍ പിന്നിട്ട് ജലം പുഴരൂപിയായി ഒഴുകിക്കൊണ്ടിരുന്നു. ഉദ്യാനം ആ അഭൗമ കാഴ്ചയില്‍ അത്ഭുതപ്പെട്ടു നില്‍ക്കെ ചെമ്പകം മാത്രം തന്റെ പൂക്കള്‍ മുഴുവന്‍ ആ പുഴയിലേക്കു കുടഞ്ഞിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: