തിരുവനന്തപുരം: 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കനല്‍ത്തരി മാത്രമായി ചുരുങ്ങിയിട്ടും അഹന്തയും ഹിന്ദുമത വിശ്വാസികളുടെ മേല്‍ എന്തുമാകാമെന്ന ഹുങ്കും പൂര്‍ണ്ണമായും തീര്‍ന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഇന്നലെ രാവിലെ വരെ പലരുടെയും മുഖത്തും വാക്കുകളിലും കണ്ട അമിത ആത്മ വിശ്വാസം ഉച്ചയായപ്പോള്‍ കാറ്റു പോയ ബലൂണായില്ലേ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം- ശബരിമലയില്‍ ഭക്തരെ കേന്ദ്ര മാനദണ്ഡപ്രകാരം കയറ്റുമെന്ന് ആവര്‍ത്തിച്ച ദേവസ്വംമന്ത്രിക്കും സര്‍ക്കാരിനും ഇന്നത്തെ യോഗത്തില്‍ തന്ത്രി പറഞ്ഞത് കേട്ട് സത്ബുദ്ധിയുണ്ടായതില്‍ സന്തോഷം.
ഈ കൊവിഡ് കാലത്ത് കാണിക്കയിലും നടവരവിലും കണ്ണു നട്ട ഇടതുസര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ശബരിമല യുവതി പ്രവേശനം നടപ്പാക്കിയതിന്റെ പൊള്ളല്‍ ഇത്ര വേഗം മാറിയോ എന്ന് പലരും ആശ്ചര്യപ്പെടുന്നത് കണ്ടെങ്കിലും ഈ പാര്‍ട്ടിയുടെയും നേതാക്കളുടെയും തൊലിക്കട്ടി കുറച്ചു കൂടുമെന്നറിയാവുന്നതിനാല്‍ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല.2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കനല്‍ത്തരി മാത്രമായി ചുരുങ്ങിയിട്ടും അഹന്തയും ഹിന്ദുമത വിശ്വാസികളുടെ മേല്‍ എന്തുമാകാമെന്ന ഹുങ്കും പൂര്‍ണ്ണമായും തീര്‍ന്നിട്ടില്ല. ഇന്ന് രാവിലെ വരെ പലരുടെയും മുഖത്തും വാക്കുകളിലും കണ്ട അമിത ആത്മ വിശ്വാസം ഉച്ചയായപ്പോള്‍ കാറ്റു പോയ ബലൂണായില്ലേ?
തന്ത്രിയുടെ കത്ത് കിട്ടിയില്ല, തന്ത്രിയോട് ചോദിച്ചിട്ടല്ലേ തീയതി കുറിച്ചത്, ബി ജെ പി ക്കാര് മതസ്പര്‍ധയുണ്ടാക്കുന്നു….എന്തൊക്കെയായിരുന്നു ദേവസ്വം മന്ത്രിയുടെയും പ്രസിഡന്റിന്റെയും മാറി മാറിയുള്ള വാഗ്ധോരണി ? മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ തോന്നും എല്ലാ ക്ഷേത്രങ്ങളും തുറക്കാനും ഭക്തരെ മുഴുവന്‍ കയറ്റാനും കേന്ദ്രം അദ്ദേഹത്തെ നിര്‍ബന്ധിച്ചെന്ന്! മെയ് 30ന് കേന്ദ്രം ഇറക്കിയ ഉത്തരവില്‍ ജൂണ്‍ 8 ന് ക്ഷേത്രം തുറക്കാമെന്ന് പറഞ്ഞത് ഒക്കെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ സന്ധ്യാ പ്രഭാഷണത്തിലെ വാദം!
കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്നറിയാത്ത രോഗികളും രോഗലക്ഷണമില്ലാത്ത വൈറസ് വാഹകരുമുള്ള സാഹചര്യത്തില്‍ ഭക്തരെ കയറ്റേണ്ടെന്ന് തന്ത്രി പറഞ്ഞിട്ടും അത് ദഹിക്കാതെ എന്നെയും ഇതേ അഭിപ്രായം പറയുന്നവരെയും വ്യക്തിപരമായി ആക്ഷേപിച്ച് നടന്നിട്ട് ഇന്നിപ്പോള്‍ എന്തായി? ഉള്ളതു പറഞ്ഞാല്‍ കൊള്ളരുതാത്തവനാക്കുന്ന നയവും നിലപാടും നിങ്ങളുടെ ശീലമാണെന്നറിയാം. അതുകൊണ്ട് ഒന്നേ പറയാനുള്ളൂ… വിശ്വാസികളെ വെല്ലുവിളിക്കരുത് !
പ്രതികരിക്കാൻ ഇവിടെ എഴുതുക: