കരുനാഗപ്പള്ളി: നഗരമധ്യത്തിലുള്ള കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ മലിനജലം കെട്ടിക്കിടക്കുന്നത് മൂലം പകര്‍ച്ചവ്യാധി പിടിപെടുമെന്ന ആശങ്കയില്‍ ജീവനക്കാര്‍. ബസ് സ്റ്റാന്‍ഡിന്റെ കിഴക്കുവശമുള്ള ഗ്യാരേജിനു മുന്നില്‍ മുട്ടോളം മലിനജലമാണ് കെട്ടിക്കിടക്കുന്നത്. മഴ പെയ്തതോടെ സമീപ സ്ഥലങ്ങളില്‍ നിന്നും കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുകിവന്ന് താഴ്ന്ന സ്ഥലമായ ഇവിടെ കെട്ടിക്കിടക്കുകയാണ്.
അറ്റകുറ്റപ്പണിക്ക് എത്തിക്കുന്നതും സര്‍വീസ് കഴിഞ്ഞെത്തുന്നതുമായ വാഹനങ്ങള്‍ ഇവിടെയാണ് പാര്‍ക്കു ചെയ്യുന്നത്. ഗ്യാരേജില്‍ പണിയെടുക്കുന്ന ജീവനക്കാരും ഈ വെള്ളത്തില്‍ കൂടിയാണ് വന്നു പോകുന്നത്.
കഴിഞ്ഞവര്‍ഷം സ്റ്റാന്‍ഡിന്റെ തെക്കുവശമുളള റോഡില്‍ വെള്ളം കെട്ടി നിന്നതുമൂലം അപകടം ഉണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ റോഡിന് ഉയരം കൂട്ടി പണിതതിനാല്‍ മുന്‍വര്‍ഷത്തേതിനെക്കാള്‍ കൂടുതല്‍ ജലം ഇവിടെ കെട്ടിക്കിടക്കുന്നു. ഇത് ഒഴുകി പോകുന്നതിനു മറ്റുമാര്‍ഗം ഒന്നും തന്നെ ഇല്ല.
മഴ ശക്തമാകുന്നതിനു മുമ്പ് അടിയന്തര നടപടി എടുക്കുന്നതിനു വേണ്ടി തഹസില്‍ദാരെയും നഗരസഭാ അധികാരികളേയും സമീപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി അധികൃതര്‍. ഇതിന് ശാശ്വത പരിഹാരമായി ഓട നിര്‍മിച്ച് വെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യം ഒരുക്കുകയോ താഴ്ന്ന ഭാഗം മണ്ണിട്ട് നികത്തുന്നതിനുള്ള സൗകര്യം ഒരുക്കുകയോ വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: