ചാത്തന്നൂര്‍: കൊറോണയില്‍ കൈത്തറി മേഖലയും തകര്‍ന്നടിഞ്ഞു. ജീവിതത്തിന്റെ ഇഴയടുപ്പിക്കാനാകാതെ തൊഴിലാളികള്‍ വലയുന്നു. കൈത്തറി മേഖലയെ തകര്‍ക്കുകയാണ് കേരളത്തിലെ സര്‍ക്കാരുകള്‍ ചെയ്തതെന്ന് ചാത്തന്നൂര്‍ ഗാന്ധി സ്മാരകനിധികേന്ദ്രത്തിലെ ദീപ രോഷത്തോടെ പറയുന്നു. ‘കൂലി തോന്നുമ്പോഴാണ് തരിക. ലോക്ക്ഡൗണ്‍ കാലത്ത് കുടുംബം പട്ടിണിയായിരുന്നു. പകലന്തിയോളം പരുത്തിയോട് മല്ലടിച്ചിട്ട് കിട്ടുന്ന കൂലി കൊണ്ടാണ് കഴിഞ്ഞുപോന്നത്, ഇപ്പം അതില്ലാതായി.’ 30 വര്‍ഷമായി ഖാദി നൂല്നൂല്പ് തൊഴിലാളിയായ മണിയമ്മയുടെ വാക്കുകള്‍. ഇതൊക്കെ മതി പ്രതിസന്ധി നേരിടുന്ന ഖാദി മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍.
‘എങ്ങനെയാണ് ദിവസങ്ങള്‍ കടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്കേ അറിയൂ. ഇങ്ങനെയൊരവസ്ഥ ഉണ്ടാകല്ലേ എന്ന പ്രാര്‍ഥന മാത്രമേ ഇനിയുള്ളൂ.’ വര്‍ഷങ്ങളായി നൂല് നൂല്പ് തൊഴിലാളിയായ ഗീതയുടെ വാക്കുകളില്‍ കണ്ണുനീരിന്റെ നനവ്. കൈത്തറിമേഖല നേരിടുന്ന പ്രതിസന്ധിയിലും മുന്നോട്ട് പോകുന്ന ചാത്തന്നൂര്‍ ഗാന്ധി സ്മാരകനിധി കേന്ദ്രത്തിലെ തൊഴിലാളികളുടെ വാക്കുകളാണിത്.
ഇതിന്റെ കീഴില്‍ മാത്രം 150 തൊഴിലാളികളുണ്ട്. ഒരുദിവസം 250 രൂപയില്‍ താഴെയാണ് ലഭിക്കുന്ന കൂലി. മിനിമം കൂലി 400 രൂപയായി കണക്കാക്കി ബാക്കി തുക സര്‍ക്കാര്‍ നല്‍കാറുണ്ടെങ്കിലും അത് മാസങ്ങളായി കുടിശ്ശികയാണ്. ഒരുദിവസത്തെ കൂലിയില്‍നിന്ന് ഒന്നും ബാക്കിവയ്ക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് മൂന്നുമാസത്തോളം ഒരു വരുമാനവുമില്ലാതെ തൊഴിലാളി വീട്ടിലിരിക്കേണ്ടിവന്നത്.
ഖാദി സ്ഥാപനങ്ങള്‍ക്ക് റിബേറ്റിനത്തിലും തുണി വിറ്റ വകയിലും കോടിക്കണക്കിന് രൂപ സംസ്ഥാനസര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ട്. ഖാദി സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തുക മുഴുവന്‍ അനുവദിച്ചാല്‍ മാത്രമേ ലോക്ഡൗണിനു ശേഷവും തൊഴിലാളികള്‍ക്ക് എല്ലാദിവസവും തൊഴില്‍ ലഭിക്കൂ. കൊറോണ കാലത്തെ നിയന്ത്രണംമൂലം ജോലിചെയ്യാന്‍ കഴിയാതിരുന്ന ദിവസങ്ങളില്‍ കൂലിയോടുകൂടിയുള്ള അവധിയായി കണക്കാക്കിയാല്‍ മാത്രമേ ഖാദി തൊഴിലാളികളെ ഇന്നത്തെ ദുരവസ്ഥയില്‍നിന്ന് കരകയറ്റാന്‍ കഴിയൂ. ഒപ്പം തന്നെ തൊഴിലാളികളുടെ കുടിശ്ശിക ആനുകൂല്യങ്ങള്‍ അടിയന്തരമായി നല്‍കുകയും ഇനിയുള്ള കാലത്തെങ്കിലും തുടര്‍ച്ചയായി തൊഴില്‍ ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്യണം.
കെട്ടിക്കിടക്കുന്ന ഖാദി തുണികള്‍ വിറ്റഴിക്കാന്‍ പ്രത്യേക റിബേറ്റുകള്‍ പ്രഖ്യാപിക്കുകയും പൂരക വരുമാനപദ്ധതി നവീകരിച്ച് തൊഴിലാളികള്‍ക്ക് നിശ്ചിത വരുമാനം പ്രതിമാസം ഉറപ്പുവരുത്തുകയും ചെയ്യണം. മിനിമംകൂലി കുടിശ്ശികയും ആയിരംരൂപ സഹായവും നല്‍കിയത് ഖാദി തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കിയെങ്കിലും പ്രത്യേക സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കുന്നതിലൂടെ മാത്രമേ ഖാദി തൊഴിലാളിയെ സംരക്ഷിക്കാന്‍ കഴിയൂ. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കയ്യെടുക്കണം.
കേന്ദ്രസര്‍ക്കാര്‍ കൈത്തറി മേഖലയെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പാക്കേജൂകള് നല്‍കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തികസഹായവും നല്‍കുന്നുണ്ട്. എന്നാല്‍ ഇതൊന്നും നേടിയെടുത്ത് കൈത്തറി മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാനം ശ്രമിക്കുന്നില്ലെന്നാണ് പരാതി.
അരുണ്‍ സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: