കൊട്ടാരക്കര: മാസങ്ങള്‍ക്കുശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി ദേവസ്വംബോര്‍ഡ് അധീനതയിലുള്ള ക്ഷേത്രങ്ങള്‍ തുറന്നു കൊടുത്തു. എന്നാല്‍ വലിയ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ ഉണ്ടായിരുന്നെങ്കിലും സാധാരണ ക്ഷേത്രങ്ങളില്‍ ആവശ്യമായ മുന്നൊരുക്കങ്ങളൊന്നും ദേവസ്വം ബോര്‍ഡ് ഒരുക്കിയില്ല. ചെറിയ ക്ഷേത്രങ്ങളില്‍ പോലും പൊതുവെ സാധാരണ ദിവസങ്ങളിലുള്ള തിരക്ക് ലോക്ഡൗണ്‍ സമയത്തെ അടച്ചിടലിന് ശേഷം തുറന്ന ക്ഷേത്രങ്ങളില്‍ ഉണ്ടായില്ല. ഇന്നലെ തുറന്ന ദേവസ്വം ബോര്‍ഡിന്റെ ചെറിയ ക്ഷേത്രങ്ങളില്‍ പലയിടത്തും സാനിട്ടൈസര്‍ സൗകര്യം പോലും ഇല്ലായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ ദര്‍ശനത്തിനായി തുറക്കേണ്ടെന്ന നിലപാടാണ് ക്ഷേത്ര സംരക്ഷണ സമിതി, എന്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ അധീനതയിലുള്ള ക്ഷേത്രങ്ങള്‍ എടുത്തത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ ദേവസ്വംബോര്‍ഡിന്റെയും ഉപദേശകസമിതിയുടെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
രാവിലെ 4.10ന് നടതുറന്നു. ഉച്ചയ്ക്ക് 11 വരെയായിരുന്നു ദര്‍ശനസമയം. തെര്‍മല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു ദര്‍ശനത്തിനെത്തിയവരെ കടത്തിവിട്ടത്. ഒരു സമയം ദര്‍ശനത്തിനായി പത്തുപേരില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കില്ലെന്നാണ് നയം. മാസ്ക് ധരിച്ചിരിക്കണം. 10ന് താഴെയും 65ന് മുകളിലും പ്രായമുള്ളവരും ഗര്‍ഭിണികള്‍, മറ്റു രോഗമുള്ളവര്‍, കൊറോണ വ്യാപന സ്ഥലങ്ങളില്‍ നിന്നുമെത്തുന്നവര്‍ എന്നിവര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കില്ല. ദര്‍ശനം നടത്തുന്നവരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രജിസ്റ്റര്‍ ചെയ്യും.
അകലം പാലിച്ചേ നില്ക്കാന് പാടുള്ളൂ എന്നതനുസരിച്ച് ക്രമീകരണങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു. ഭക്തര്‍ക്ക് ആവശ്യമുള്ള വഴിപാടുകള്‍ കൗണ്ടറില്‍ നിന്നും പണം ഒടുക്കി രസീതികള്‍ വാങ്ങാം. എന്നല്‍ ഇതിനുള്ള പ്രസാദം ഭക്തര്‍ക്ക് നല്‍കില്ല. തീര്‍ഥം, ചന്ദനം എന്നിവയും ലഭിക്കില്ല. ഒരു വഴിയിലൂടെ ദര്‍ശനം നടത്തി മറുവഴിയിലൂടെ പുറത്തേക്കു പോകാനാണ് ക്രമീകരണം ചെയ്തിരിക്കുന്നത്. തീ പടര്‍ന്നു പൊള്ളല്‍ ഏല്ക്കാന് സാധ്യത ഉള്ളതിനാല്‍ സാനിറ്റൈസര്‍ ഉപയോഗിച്ചശേഷം കൈ ദീപത്തില്‍ തൊട്ട് തൊഴരുതെന്ന പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു. ഭക്തജനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ക്ഷേത്രത്തിന് പുറത്തായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: