കാസര്‍കോട്: ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കപ്പെട്ടതോടെ നഗരജീവിതം സജീവമാകുന്നു. ഇന്നലെ ക്ഷേത്രങ്ങളടക്കം പല ആരാധനാലയങ്ങളും വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറന്നതിനാല്‍ തന്നെ നാമമാത്രമായ ഭക്തര്‍ മാത്രമാണ് ദര്‍ശനത്തിനെത്തിയത്. റസ്റ്റോറന്റുകളും ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടകള്‍ രാത്രി ഏഴ് മണി വരെ എന്നത് ഇന്നലെ മുതല്‍ ഒമ്പത് മണിവരെ തുറക്കാമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വളരെ ജാഗ്രതയോടെയായിരിക്കണം ഓരോ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കേണ്ടതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കോറോണ പ്രതിരോധത്തിന്റെ ഭാഗമായ ലോക്ഡൗണിനെ തുടര്‍ന്ന് മൂന്നുമാസമായി അടഞ്ഞ് കിടക്കുകയായിരുന്ന ആരാധനാലയങ്ങള്‍ ഇന്നലെ മുതല്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി തുറന്നു കൊടുക്കാന്‍ അനുമതിയുണ്ടെങ്കിലും കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഭൂരിഭാഗം ആരാധനാലയങ്ങളും തുറന്നിട്ടില്ല. തല്‍ക്കാലത്തേക്ക് തല്‍സ്ഥിതി തുടരാനാണ് തീരുമാനം. എന്നാല്‍ കാസര്‍കോട് നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നിട്ടുണ്ട്.
പതിവ് പൂജാസമയങ്ങളില്‍ ഉള്‍പ്പെടെ ദര്‍ശനം അനുവദിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളോടെയാണ് ജില്ലയിലെ ചില ക്ഷേത്രങ്ങളില്‍ ദര്‍ശനം പുനരാരംഭിച്ചത്. ജില്ലയിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ ഒന്നായ മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ പൂജാ സമയത്തുള്ള ദര്‍ശനത്തിന് വിലക്കുണ്ട്.
അതേസമയം കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം തല്ക്കാലം തുറക്കില്ല. വിഗ്രഹം, ബലിക്കല്ലുകള്‍, കൊടിമരം എന്നിവയില്‍ സ്പര്‍ശിക്കരുതെന്നാണ് നിര്‍ദ്ദേശം. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലും നിയന്ത്രണങ്ങളോടെ ദര്‍ശനം അനുവദിച്ചു.
ഒരു അറിയിപ്പുണ്ടാകുന്നത് വരെ ബലിതര്‍പ്പണം ഉണ്ടായിരിക്കില്ല. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ ജൂണ്‍ 30 വരെ ദര്‍ശനം അനുവദിക്കില്ല. പെര്‍ഡാല ഉദനേശ്വര ക്ഷേത്രം, കുമാരമംഗലം സുബ്രഹ്മണ്യക്ഷേത്രം, നാരമ്പാടി മഹാലിംഗേശ്വര ക്ഷേത്രം, ഇടിയടുക്ക ദുര്‍ഗാപരമേശ്വരി ക്ഷേത്രം, മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളില്‍ സാമൂഹിക അകലത്തോടെ ദര്‍ശനം ആരംഭിച്ചു. ആശങ്കാജനകമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ തിരക്കിട്ട് ആരാധനാലയങ്ങള്‍ തുറന്നതില്‍ ഹൈന്ദവ സംഘനടകള്‍ ആശങ്ക വ്യക്തമാക്കിയിരിക്കുകയാണ്.
റസ്റ്റോറന്റുകളും മാളുകളും തുറന്നെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടിവരും. ഇവിടങ്ങള്‍ സന്ദര്‍ശിച്ച ആര്‍ക്കെങ്കിലും പിന്നീട് രോഗബാധ സ്ഥിരീകരിച്ചാല്‍ പ്രസ്തുത സ്ഥാപനങ്ങള്‍ അടച്ചിടേണ്ട സാഹചര്യം വരും. കടകള്‍ രാത്രി ഒമ്പത് മണിവരെ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ നഗരങ്ങളിലടക്കം രാത്രികാലങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. പല സ്ഥലങ്ങളിലും ജനങ്ങള്‍ സ്വയം സാമൂഹിക അകലമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കാത്തത് സാധാരണക്കാരില്‍ ആശങ്കയുളവാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: