കോഴിക്കോട്: കക്കോടിയില്‍ ആത്മഹത്യ ചെയ്ത ബസ് ഡ്രൈവര്‍ മക്കട കീഴൂര്‍വീട്ടില്‍ സന്തോഷിന്റെ വീട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു എന്നിവര്‍ സന്ദര്‍ശിച്ചു. സന്തോഷിന്റെ ഭാര്യ രജിഷയ്ക്ക് ജോലിയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ മണ്ഡലത്തിലാണ് ഒരു ബസ് ഡ്രൈവര്‍ മരിച്ചത്. എന്നാല്‍ ഈ വീട് സന്ദര്‍ശിക്കാനോ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. കൂടുതല്‍ ജീവനക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതിന് പകരം തൊഴിലാളികളെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ലോക്ഡൗണില്‍ ബസ് ഓട്ടം നിലച്ചതിനാല്‍ കോഴിക്കോട് സിറ്റി ബസില്‍ ഡ്രൈവറായിരുന്ന സന്തോഷിന് ജോലി ഇല്ലാതാവുകയായിരുന്നു.
മൂന്നു മാസത്തോളം അമ്മയുടെയും ഭാര്യയുടെയും ചികില്‍സയ്ക്കും നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടിലായിരുന്നു. വിഹിത സംഖ്യ അടക്കാന്‍ പണമില്ലാത്തതിനാല്‍ ക്ഷേമനിധിയില്‍ നിന്നുള്ള ആശ്വാസ ധനവും ലഭിച്ചില്ല. പ്ലസ് വണ്ണിനും പത്താം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുമടങ്ങുന്ന നാലംഗ കുടുബത്തിന്റെ ഏക ആശ്രയമായിരുന്നു സന്തോഷ്.
ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് സി.പി. സതീശന്, ജില്ല സെക്രട്ടറി ഇ. പ്രശാന്ത് കുമാര്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്സുധീര് മലയില്‍, മണ്ഡലം ട്രഷറര്‍ വിനീത് കുറ്റിയാട്ട്പൊയില്, യുവമോര്‍ച്ച മുന്‍ ജില്ല പ്രസിഡന്റ് സാലു ഇരഞ്ഞിയില്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എ.കെ. മോഹനന്. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി കെ. രാജേഷ് നമ്പുതിരി എന്നിവരും കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: