ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ കാര്യക്ഷമമല്ലെന്ന് പരാതികളേറെ. പോര്‍ട്ടല്‍ മുഖേന പാസ് എടുക്കുന്നവര്‍ ആവശ്യമായ യാത്രാമാര്‍ഗവും മേല്‍നോട്ടവും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാകുമെന്നു കരുതിയാണ് എത്തുന്നത്. എന്നാല്‍ പലയിടത്തും ഏകോപനം താറുമാറാണ്. യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നുമില്ല. ഓരോരുത്തരും ഓരോരോ ചട്ടങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പോര്‍ട്ടലിലൂടെയുള്ള ആലപ്പുഴ ജില്ലയിലെ 237 പരാതികളില്‍ 26 എണ്ണത്തിലാണ് പരിഹാരം കണ്ടിട്ടുള്ളത്.
പാസ് എടുക്കുന്നവര്‍ എത്തുന്ന സ്ഥലത്തെ ആരോഗ്യ വിഭാഗത്തെയും ആശാ പ്രവര്‍ത്തകരേയും മറ്റും നേരിട്ട് വിളിച്ച് അറിയിച്ചില്ലെന്ന കാരണം പറഞ്ഞ് ചിലയിടങ്ങളില്‍ നടപടി എടുക്കാനായി പോലീസിന് വിവരം കൈമാറുന്നതും അന്വേഷണം നടത്തുന്നതും ഏറെ വലയ്ക്കുന്നു. വളരെ ബുദ്ധിമുട്ടി അനേക ആഴ്ചകള്‍ കാത്തിരുന്നശേഷം നാട്ടിലെത്തുന്നവര്‍ ഇത്തരത്തില്‍ ഓരോ ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു അവരുടെ അനുമതി നേടിയേ മുന്നോട്ടു പോകാവൂ എന്നാവശ്യപ്പെടുന്നത് ക്രൂരതയാണെന്നാണ് പരാതി. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ നമ്പരുകള്‍ എങ്ങനെ ലഭ്യമാകുമെന്നാണ് പാസ് എടുത്ത് വരുന്നവര്‍ ചോദിക്കുന്നത്.
കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു ഇപ്പോഴും പൊതുജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അത് യൂസര്‍ ഫ്രണ്ട്ലി അല്ല എന്നുള്ള പരാതി തുടക്കം മുതലുണ്ട്. പോര്‍ട്ടലില്‍ നിന്നുള്ള സന്ദേശങ്ങള്‍ വ്യക്തതയുള്ളതല്ല. പരാതികള്‍ ഫയല്‍ ചെയ്താല്‍ കൈപ്പറ്റു രസീതു പോലും നല്‍കുന്നില്ല. പാസ്, പെര്‍മിറ്റ് തുടങ്ങിയവ നിരസിക്കുന്നത് എന്തു കൊണ്ടാണെന്നു അറിയിക്കുന്നില്ല എന്നത് പോരായ്മയാണ്. അത് അറിഞ്ഞാലേ തടസം എന്താണെന്നു അപേക്ഷകര്‍ക്കു മനസിലാകൂ. അപേക്ഷ അപ്ഡേറ്റ് ചെയ്യുമ്പോള്‍ വിശദമായ വിവരങ്ങള്‍ അടങ്ങിയ മറുപടിയല്ല ലഭ്യമാകുന്നത്.
കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തത്സമയ നിരീക്ഷണം, പരിചരണം, പിന്തുണ എന്നിവയ്ക്കുള്ള സമഗ്ര പരിഹാരമായാണ് സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലിനെ വിശേഷിപ്പിച്ചിട്ടുള്ളത്. കോവിഡുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള പൊതുജനങ്ങളുടെ വണ്‍ സ്റ്റോപ് പ്ലാറ്റ്ഫോമാണ് ഈ പോര്‍ട്ടല്‍. പൊതുസേവനങ്ങളിലും ക്ഷേമ നടപടികളിലും സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. എവിടെയും ഏതു പ്രശ്നവും നേരിടുന്ന ആര്‍ക്കും ബന്ധപ്പെടാന്‍ കഴിയുമെന്നാണ് പ്രഖ്യാപനമെങ്കിലും ഉടന്‍ പ്രതികരണമോ ഫോളോ അപ്പോ ഇല്ലെന്ന പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: