വിജിത്ത് കക്കോടി
കോഴിക്കോട്: കക്കോടിയിലെ മക്കട കീഴൂര്‍വീട്ടില്‍ കരച്ചിലൊടുങ്ങുന്നില്ല. നിത്യവൃത്തിക്കും ചികിത്സ ചെലവുകള്‍ക്കും പണം കണ്ടെത്താന്‍ കഴിയാതെ ജീവനൊടുക്കിയ ബസ് ഡ്രൈവര്‍ സന്തോഷിന്റെ വീട്ടില്‍ അനാഥരാണ് നാലു പേര്‍. രോഗക്കിടക്കയിലായ അമ്മ സത്യവതി, നട്ടെല്ലിന് അസുഖം ബാധിച്ച് ചികിത്സയിലായ ഭാര്യ രജിഷ, പ്ലസ് വണ്ണിനും പത്താം ക്ലാസിലും പഠിക്കുന്ന ജിഷ്ണുവും ഷാനിയയും. ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലാണ് ഒരു ബസ് ജീവനക്കാരന് ആത്മഹത്യ ചെയ്യേണ്ടി വന്നത്.
കോഴിക്കോട് സിറ്റി ബസില്‍ ഡ്രൈവറായിരുന്ന സന്തോഷ് മൂന്നു മാസത്തോളം ജോലി ഇല്ലാത്തതിനാല്‍ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടിലായതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് ആത്മഹത്യ ചെയ്തത്. ലോക്ഡൗണില്‍ ബസ് ഓട്ടം നിലച്ചതിനാല്‍ സന്തോഷിന് ജോലി ഇല്ലാതെയായി. വിഹിത സംഖ്യ അടക്കാന്‍ പണമില്ലാത്തതിനാല്‍ ക്ഷേമനിധിയില്‍ നിന്നുള്ള ആശ്വാസ ധനം പോലും സന്തോഷിന് ലഭിച്ചില്ല. മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്ത സമ്മേളനങ്ങളുടെ കരുതലിന്റെ പരിധിയില്‍ സന്തോഷിന് ഇടം കിട്ടിയില്ല.
വീടിന്റെ പെരുകി വരുന്ന കടവും അമ്മയ്‌ക്കും ഭാര്യയ്‌ക്കും ആവശ്യമായ ഭാരിച്ച ചികിത്സാ ചെലവും താങ്ങാനാവാതെയാണ് സന്തോഷ് ആത്മഹത്യയില്‍ അഭയം കണ്ടെത്തിയത്. പത്താം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസ ചെലവുകള്‍ അടക്കം കുടുംബത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു. മുത്തമകന്‍ ജിഷ്ണു ചെറുകുളം പിവിഎസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്ണിലും മകള്‍ ഷാനിയ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസിലുമാണ് പഠിക്കുന്നത്. തളര്‍ന്നിരിപ്പാണ് രജിഷ. ഭര്‍ത്താവിന് താങ്ങായി ടൈലറിങ്ങ് ജോലിയ്‌ക്ക് പോയിരുന്നത് അസുഖമായതോടെ നിര്‍ത്തേണ്ടി വന്നു. അമ്മയുടെയും തന്റെയും ചികിത്സയ്‌ക്ക് മാത്രം രണ്ടായിരം രൂപ വേണം.
നാട്ടില്‍ കല്യാണമാകട്ടെ പൊതുകാര്യങ്ങളിലെല്ലാം മുന്‍പന്തിയിലുണ്ടാകുമായിരുന്നു സന്തോഷ്. ഈ വേര്‍പാട് ഇപ്പോഴും നാട്ടുകാര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. അത്രയ്‌ക്ക് പ്രിയങ്കരനായിരുന്നു വീട്ടിലും നാട്ടിലും. കടക്കെണിക്കിടയിലും പതറാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അതോടെ വരുമാനമില്ലാതായി. അവസാന പ്രതീക്ഷയായ ക്ഷേമനിധിയില്‍ നിന്നു പോലും സഹായം നിരസിക്കപ്പെട്ടതോടെ പ്രതീക്ഷയറ്റ സന്തോഷിന് തുണയായി സര്‍ക്കാരും ഉണ്ടായില്ല. ഒപ്പമുണ്ടെന്ന് പറയുകയല്ലാതെ സന്തോഷിനൊപ്പം ആരുമുണ്ടായില്ല. ഗതാഗത മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ അനാഥമായിരിക്കുകയാണ് ഒരു ബസ് ജീവനക്കാരന്റെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: