കോഴിക്കോട്: കോവിഡ് കാലത്തും നിയന്ത്രണങ്ങള്‍ ലംഘിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം കൂടുന്നതില്‍ ആശങ്ക. മഹാമാരിയാണെന്നോ രോഗവ്യാപനകാരണമാകുമെന്നോയുള്ള ചിന്തയില്ലാതെയാണ് ചിലര്‍ എത്തുന്നത്. കടപ്പുറം, പാര്‍ക്കുകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് കുടുംബസമേതം ആളുകള്‍ എത്തുന്നത്.
വൈറസ് വ്യാപന ഭീതി ഉണ്ടാക്കുന്ന ഇവരുടെ നീക്കത്തില്‍ പോലീസിലും ആരോഗ്യ പ്രവര്‍ത്തകരിലും കടുത്ത ആശങ്കയുണ്ട്. ഏതാനും ദിവസങ്ങളായി കോഴിക്കോട് ബീച്ചില്‍ എത്തുന്നവരുടെ എണ്ണം കൂടിവരുന്നതായി പോലീസ് പറഞ്ഞു. കുട്ടികളടക്കമായാണ് ചിലര്‍ എത്തുന്നത്. സമീപജില്ലകളില്‍ നിന്നുവരെ കുടുംബങ്ങള്‍ കാറില്‍ ഇവിടേക്കെത്തുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സൗത്ത് ബീച്ചില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ 12 അംഗ കുടുബത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സമാന അനുഭവമാണ് കൂടരഞ്ഞി ഉറുമി പദ്ധതി പ്രദേശത്തുമുണ്ടായത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് നാല് വിദ്യാര്‍ത്ഥികളാണ് വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിക്കുകയും ചെയ്തു.
കടപ്പുറമടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ട്. അതെല്ലാം ലംഘിച്ചാണ് ആളുകള്‍ മഹാമാരി കാലത്ത് ഉല്ലസിക്കാന്‍ എത്തുന്നത്. ഇത്തരക്കാര്‍ പോലീസിന്റെ ക്ഷമ കൂടിയാണ് പരീക്ഷിക്കുന്നത്. ഇവരെ തടഞ്ഞ് തിരിച്ചയക്കാന്‍ പോലീസ് പാടുപെടുകയാണ്. സന്ദര്‍ശകരെ ഒഴിവാക്കാന്‍ പോലീസ് കടപ്പുറം കേന്ദ്രീകരിച്ച് വാഹനത്തില്‍ അനൗണ്‍സ്മെന്റും നടത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: