കൊയിലാണ്ടി: കാസര്‍കോട് തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയില്‍ പ്രോജക്ട് (സില്‍വര്‍ ലൈന്‍ പ്രോജക്ട്) പുതിയ അലൈന്മെന്റ് പ്രകാരം ജനസാന്ദ്രത കൂടിയ പ്രദേശത്തുകൂടെ റെയില്‍ കടന്നു പോകുന്നത് പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ടാക്കുന്നു.
കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന റൂട്ടാണ് നാട്ടുകാരില്‍ ആശങ്ക ഉളവാക്കിയിരിക്കുന്നത്. 530 കിലോമീറ്റര്‍ റെയില്‍ പാത നിര്‍മ്മിക്കുന്നതിന് 66000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. തെക്കന്‍ ജില്ലകളില്‍ നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായി കടന്നു പോകുന്ന നിര്‍ദിഷ്ട പാത കോഴിക്കോട് ജില്ലയിലെ മൂടാടിയില്‍ വെച്ച് നാലു കിലോമീറ്ററോളം കിഴക്കോട്ടു മാറിയാണ് സഞ്ചരിക്കുന്നത്.
നിലവിലുള്ള റെയില്‍വേ ലൈനിനോട് ചേര്‍ന്ന് റെയില്‍വേയ്ക്ക് സ്ഥലം ഉണ്ടെന്നിരിക്കെയാണ് പുതിയ അലൈന്മെന്റ് ഉണ്ടാക്കിയിരിക്കുന്നത്. മൂടാടി മുതല്‍ മടപ്പള്ളിവരെയുള്ള ഭാഗത്തെ റെയില്‍ പാത ജനസാന്ദ്രതയേറിയ ചിങ്ങപുരം, പുറക്കാട്, പള്ളിക്കര, കീഴൂര്‍, അയനിക്കാട്, പാലേരി ഭാഗത്തുകൂടി കടന്നു പോയി മടപ്പള്ളിയ്ക്കപ്പുറം നിലവിലെ പാതയ്ക്ക് ഓരം ചേര്‍ന്ന് രീതിയിലാണ് ഇപ്പോഴുണ്ടാക്കിയിരിക്കുന്നത്. റെയിലിന് പടിഞ്ഞാറുഭാഗം ചേര്‍ന്ന് പോകാന്‍ തയ്യാറാക്കിയ ആദ്യത്തെ പ്രോജക്ട് മാറ്റുകയായിരുന്നു. കോവിഡ് 19 ന്റെ ഭീതിയില്‍ ജനം കഴിയുമ്പോള്‍ 2019 എന്ന് എഴുതിയിട്ടുള്ള സര്‍വ്വേ കല്ലുകള്‍ ഈ റൂട്ടില്‍ സ്ഥാപിച്ചതും ജനങ്ങളില്‍ സംശയം ബലപ്പെടുത്തുന്നു.
മൂടാടിക്കും ഇരിങ്ങലിനും ഇടയ്ക്കു തന്നെ ആയിരക്കണക്കിന് വീടുകള്‍ പൊളിച്ചു മാറ്റേണ്ടി വരും. മൂടാടി മുതല്‍ അലൈന്മെന്റില് മാറ്റം വരുത്തുകയും ആദ്യത്തെ രീതിയില്‍ കീഴരിയൂര്‍ മേപ്പയൂര്‍ ഭാഗത്തുകൂടി കടന്നു പോകുന്നതരത്തില്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളെ ദുരിതത്തിലാക്കുന്ന അലൈന്മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി സമരം ആരംഭിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എസ്.ആര്. ജയ്ക്കിഷ് അധ്യക്ഷനായി. വി.കെ. ജയന്, അഡ്വ.വി. സത്യന്, ടി. കെ. പദ്മനാഭന്, ഉണ്ണികൃഷ്ണന് മുത്താമ്പി, കെ.വി. സുരേഷ്, വിശ്വനാഥന് തിക്കോടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: