തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിച്ച ഓണ്‍ലൈന്‍ പഠനക്ലാസുകള്‍ പിന്നാക്ക പട്ടികജാതി/പട്ടികവര്‍ഗ മേഖലകളിലും മറ്റു വിഭാഗങ്ങളില്‍പ്പെട്ട പാവപ്പെട്ടവരുടെയും വിദ്യാഭ്യാസ അവകാശം നഷ്ടപ്പെടുത്തുമെന്ന് പട്ടികജാതി പട്ടികവര്‍ഗ ഐക്യവേദി. ഈ നയം സംസ്ഥാനത്ത് രണ്ടുതരം വിദ്യാഭ്യാസ രീതി സൃഷ്ടിക്കപ്പെടും.
വാസയോഗ്യമായ വീടുപോലുമില്ലാത്തപാവപ്പെട്ടവര്ക്ക് ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍, വെബ്ക്യാമറ, ഇന്റര്‍നെറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെക്കുറിച്ചുള്ള അറിവുപോലുമില്ലെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ മനസ്സിലാക്കണം. കേരള സമഗ്ര ശിക്ഷാ സര്‍വെ പ്രകാരം സംസ്ഥാനത്ത് ലക്ഷോപലക്ഷം വിദ്യാര്‍ഥികളുടെ വീടുകളില്‍ ആധുനിക സൗകര്യങ്ങളൊന്നും തന്നെയില്ല എന്ന വസ്തുത മനസ്സിലാക്കിയിട്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ സര്‍ക്കാര്‍ നടപടി തീര്‍ത്തും നിരുത്തരവാദപരമാണ്.
മലപ്പുറം വാളാഞ്ചേരിയില്‍ പട്ടികജാതിയില്‍പ്പെട്ട ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിനോടൊപ്പം പട്ടികജാതി പിന്നാക്കവകുപ്പും ഉത്തരവാദിയാണ്. യാഥാര്‍ഥ്യം വിലയിരുത്തി ബദല്‍സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാനത്താകെ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കേരള പട്ടികജാതി-വര്‍ഗ ഐക്യവേദി യോഗം തീരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കരമന ജയചന്ദ്രന്, വര്‍ക്കിംഗ് പ്രസിഡന്റ് ഷിബു ഇലവുംതിട്ട, ജില്ലാ പ്രസിഡന്റ് ശിവപ്രസാദ് പുരവൂര്‍, ആറ്റിങ്ങല്‍ അനില്‍കുമാര്‍, ഓമനടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: