കാര്‍ വാങ്ങണമെന്ന് മോഹം തോന്നിയാല്‍, ഇടത്തരക്കാരാണെങ്കില്‍ സങ്കോചത്തോടെയും സംശയത്തോടെയും ആശങ്കയോടെയുമായിരുന്നു ഷോറൂമിലെത്തിയിരുന്നത്. സമ്പാദ്യത്തില്‍ വാഹനത്തിന് മാറ്റിവച്ച തുകയും വായ്പ തിരിച്ചടവിന്റെ തോതും കണക്കുകൂട്ടി വേവലാതിപ്പെടേണ്ടി വന്നിരുന്നു പലര്‍ക്കും. പക്ഷേ, കൊറോണ കൊണ്ടുവന്ന മാറ്റം വലുതാണ്. വാഹന കമ്പനിയും വില്‍ക്കുന്ന ഷോറൂമും ഉപഭോക്താവിന്റെ വീട്ടിലേക്ക് വരുന്നു. കൂടിക്കാണാന്‍ സമയവും അനുമതിയും ചോദിക്കുന്നു. നിങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ അവതരിപ്പിക്കുന്നു. ‘റിവേഴ്സ് ക്വാറന്റീന്’ എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് തോന്നുന്നതു പോലെ, കൊറോണക്കാലത്തിനു ശേഷം പ്രവര്‍ത്തനങ്ങള്‍ ‘റിവേഴ്സ് പ്രോസസി’ലാണ്. നിങ്ങള്‍ കമ്പനികളെയല്ല, കമ്പനികള്‍ നിങ്ങളെ തേടിയെത്തുന്നു. ഉപഭോക്താവാണ് രാജാവ് എന്ന് വീണ്ടും സ്ഥാപിക്കപ്പെടുകയാണ്.
വാഹന വിപണിയിലും കടുത്ത മാന്ദ്യം സംഭവിക്കുമെന്നായിരുന്നു കൊറോണയും ലോക്ഡൗണും വിശകലനം ചെയ്ത സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചത്. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം മൂക്കു കുത്തി വീഴും, പുരോഗതി പോയി പിന്നാക്കം വീഴും, കൊടും പ്രതിസന്ധി വരും എന്നെല്ലാമായിരുന്നു വിശകലനം. പക്ഷേ, 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോഴും അതിനു മുമ്പ് രണ്ടാം ഭരണ കാലത്തെ ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ധനസ്ഥിതി ഭദ്രതയില്‍ ഇന്ത്യ ലോകരാജ്യങ്ങളുടെ ഒന്നാം നിരയിലെത്തുമെന്ന്. കൊറോണയ്ക്ക് ശേഷം, ലോക്ഡൗണിലെ ഒന്നാംഘട്ട ഇളവിനു ശേഷം കാണുന്ന പ്രവണത അതാണ്.
വാഹന വിപണിയെന്നാല്‍, ആഡംബരക്കാരുടെ വളര്‍ച്ചയാണെന്ന സാമ്പത്തിക ശാസ്ത്രത്തിന്റെ കാലം കഴിഞ്ഞു. ദാരിദ്ര്യ രേഖ മാറ്റി വരച്ചാലും ഇല്ലെങ്കിലും ജീവിത സൗകര്യങ്ങളുടെ കാര്യത്തില്‍ വീട്, കാറ്, കമ്പ്യൂട്ടര്‍, ടിവി, സ്മാര്‍ട്ഫോണ്‍ തുടങ്ങിയവ ആഡംബരങ്ങളോ ആര്‍ഭാടങ്ങളോ അല്ലാതായി. വാഹനമില്ലാത്തവരെ വാഹനം വാങ്ങിപ്പിക്കുകയെന്ന ആസൂത്രണത്തിലാണ് വാഹനക്കമ്പനികളും ഡീലര്‍മാരും. അങ്ങനെയാണ് അവര്‍ നിങ്ങളെ തേടി വീട്ടിലേക്ക് വരുന്നത്.
വാഹനക്കമ്പനികള് പ്രതീക്ഷ വയ്ക്കുന്ന മൂന്നു മേഖലകള്‍ ഇവയായിരുന്നു. ഒന്ന്: 15 വര്‍ഷം പഴക്കമുളള വാഹനങ്ങള്‍ പിന്‍വലിച്ച് മലിനീകരണത്തോത് കുറവുള്ള വാഹനങ്ങള്‍ മാത്രം അനുവദിക്കുന്ന സര്‍ക്കാര്‍ പദ്ധതി. രണ്ട്: പഴയ വാഹനങ്ങളെടുത്ത് പുതിയവ നല്‍കുകയും അതിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്ന കേന്ദ്ര പദ്ധതി. മൂന്ന്: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു പകരം ഇലക്ട്രിക്-പാരമ്പര്യ ഊര്‍ജ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന പുതിയ വാഹനങ്ങള്‍ക്കുള്ള അനുമതി. ഈ ദീര്‍ഘ പദ്ധതിക്കിടയിലാണ് കൊറോണയും ലോക്ഡൗണും വന്നത്. അകലം പാലിച്ച് വൈറസിനെ തോല്‍പ്പിക്കുകയെന്ന നിയന്ത്രണം ജനങ്ങളുടെ ആരോഗ്യ ബോധത്തില്‍ മാറ്റം സൃഷ്ടിച്ചു. കുറഞ്ഞ ചെലവില്‍, സ്വന്തമായി നാലുചക്ര വാഹനം എന്നത് പൊതു ഗതാഗതം പേടിക്കുന്ന ഇടത്തരക്കാരുടെയും ആസൂത്രണമായി. അങ്ങനെ ഇടത്തരം വാഹനങ്ങള്‍ക്ക് ഡിമാന്‍ഡുമായി.
കേരളത്തില്‍ മാരുതി വാഹനങ്ങളുടെ മലബാര്‍ മേഖലയിലെ പ്രമുഖ വില്‍പ്പന ഡീലര്‍ കമ്പനിയിലെ മുതിര്‍ന്ന എക്സിക്യൂട്ടീവ് സുജിത് പറയുന്നു: ‘ഞെട്ടിച്ചു, ലോക്ഡൗണിനു ശേഷമുള്ള കാര്‍ വില്‍പ്പന. മെയ് 22 മുതല്‍, ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലാണ് കാര്‍ വില്‍പ്പന. തികച്ചും അപ്രതീക്ഷിതം. എക്സിക്യൂട്ടീവുകള്‍ എങ്ങനെ ടാര്‍ഗറ്റ് തികയ്ക്കും എന്ന് ആശങ്കപ്പെട്ടിരിക്കെയാണ് ഏതാണ്ട് ഇരട്ടിയോളം വില്‍പ്പന നടന്നത്. ഇടത്തരക്കാരാണ് പുതിയ വാഹനം വാങ്ങുന്നത്. പ്രവാസികള്‍ ആഡംബരക്കാറുകള്‍ ആവശ്യപ്പെടുമ്പോള്‍ ചെറു കാറുകളാണ് കൂടുതല്‍ വിറ്റു പോകുന്നത്. ഇത് മറ്റു വാഹനകമ്പനികള്ക്കില്ല. അവര്‍ക്ക് ഇടത്തരം വാഹനങ്ങളില്ല, പെട്ടെന്ന് വാഹനം നല്കാന് കഴിയാത്ത സ്ഥിതിയുണ്ട്. എന്തായാലും കാര്യങ്ങള്‍ ഭയന്നതില്‍ നിന്ന് വിരുദ്ധമായി പലമടങ്ങ് പ്രതീക്ഷയും സന്തോഷവും നല്‍കുന്നതാണ്.’
കമ്പനികള്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഏറെയുണ്ടാക്കി. ഞങ്ങള്‍ കസ്റ്റമര്‍ക്ക് ദീര്‍ഘനാള്‍ വാഹനം ഉപയോഗിക്കാതിരിക്കുമ്പോള്‍ എടുക്കേണ്ട കരുതലുകള്‍ എസ്എംഎസ് വഴി അറിയിച്ച് ലോക്ഡൗണ്‍ കാലത്തും സമ്പര്‍ക്കം നിലനിര്‍ത്തി. പഴയ വാഹനം മാറ്റി, പുതിയത് വാങ്ങാനും സഹായസന്നദ്ധത അറിയിച്ചു. വാട്സാപ്, ഇമെയില്‍, സൂം ഒക്കെ വഴി സമ്പര്‍ക്കവും വിവര കൈമാറ്റവും നടത്തി. ഉപഭോക്താക്കള്‍ക്ക് സമ്മതമെങ്കില്‍ വീടുകളിലെത്തി കൂടിയാലോചനകള്‍ക്ക് തയാറെന്ന് അറിയിച്ചു. അത്തരം റിലേഷന്‍ ഓഫീസര്‍മാര്‍ കൊറോണാ പ്രാഥമിക പരിശോധനകള്‍ നടത്തി, കുഴപ്പമില്ലാത്തവരാണെന്ന തെളിവുകള്‍ ഉപഭോക്താക്കള്‍ക്ക് നല്കി വിശ്വാസ്യത നേടി.
ഓണ്‍ലൈന്‍ അന്വേഷണങ്ങളും ആവശ്യങ്ങളുമായിരുന്നു ഏറെ. എന്‍ആര്‍ഐകളുടെ കാര്യത്തില്‍ കമ്പനികളും റിലേഷന്‍സ് ഓഫീസര്‍മാരും കൂടുതല്‍ കരുതലെടുത്തു.
മാരുതിയുടെ കാറുകള്‍ വാങ്ങുന്നവര്‍ക്ക് കമ്പനിയും ഡീലര്‍മാരും പല സാമ്പത്തിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. അതായത്, ലക്ഷം രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് തിരിച്ചടവ് 990 രൂപയാക്കി. ഒരു വര്‍ഷം കഴിഞ്ഞ് അടവുതുക മാറും. അതൊരു മികച്ച ആകര്‍ഷണമായി. സാധാരണ രീതിയില്‍ ഈ തുക 2300 രൂപവരെയാണ്. ആള്‍ട്ടോ, വാഗണാര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ഏല്ലാ അനുബന്ധ സംവിധാനങ്ങളുമുള്‍പ്പെടെ നാലു ലക്ഷം രൂപയ്ക്ക് ലഭ്യമാക്കി. 9200 രൂപയെങ്കിലും തവണ അടയ്ക്കേണ്ടവര്‍ക്ക് 3600 രൂപ കൊടുത്താല്‍ വാഹനം സ്വന്തം. പേപ്പര്‍ ജോലികളെല്ലാം തീര്‍ത്ത് മുമ്പ് നാലു ദിവസത്തില്‍ വണ്ടി കൈമാറിയിരുന്നത് ഇപ്പോള്‍ പരമാവധി എട്ടു ദിവസമായി എന്നു മാത്രം.
പ്രവാസികള്‍ തിരഞ്ഞെടുക്കുന്നത് വിലകൂടിയ വണ്ടികളാണ്. അവര്‍ വാഹനം മാറ്റി വാങ്ങാനും തയാറാകുന്നുണ്ട്. മഴക്കാലത്ത് മാന്ദ്യത്തിലാകുന്ന വാഹന വില്‍പ്പനയ്ക്ക് അപ്രതീക്ഷിത നേട്ടമാണ് കേരളത്തില്‍ സംഭവിച്ചത്. ഇപ്പോള്‍ ഡീലര്‍മാരുടെ തലത്തിലുള്ള ഈ ‘ഓഫറുകള്‍ക്കും സൗകര്യങ്ങള്‍ക്കും’ പുറമേ കമ്പനികളുടെ സൗജന്യങ്ങള്കൂടി വരുമ്പോഴാണ് പുതിയൊരു തലത്തിലേക്ക് ഓട്ടോ മൊബൈല്‍ നിര്‍മാണ മേഖലയും രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ചയും കുതിക്കാന്‍ പോകുന്നത്.
ഉല്‍പ്പാദന ചെലവ് കുറഞ്ഞാല്‍ വില കുറയും. നാലുചക്ര വാഹനം കൂടുതല്‍ സാര്വത്രികമാകും. ഉല്‍പ്പാദന ചെലവ് കമ്പനികള്‍ക്ക് കുറയ്ക്കാം. അവരുടെ നിര്‍മാണ സംവിധാനത്തിലും രൂപകല്‍പ്പനയിലും മാറ്റം വരുത്താം. ഒരു പ്രമുഖ കമ്പനി അവരുടെ ചേസിസ് നിര്‍മിക്കുന്നത് മാനദണ്ഡ പ്രകാരമുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലാണ്. അതിനുപയോഗിക്കുന്ന ഉരുക്കില്‍, മാനദണ്ഡം അനുസരിച്ച് നിര്‍മിച്ചാല്‍ ഏറെ കുറവു വരുത്താം. അപ്പോള്‍ വാഹനം വിലകുറച്ച് വില്‍ക്കാം. ഇത്തരം നീക്കങ്ങള്‍, ഉപഭോക്താവിനെ കൂടുതല്‍ സഹായിക്കും. പക്ഷേ, മൂന്ന് അടിസ്ഥാന വിഷയങ്ങള്‍ ഇതിനൊപ്പം ഉയരുന്നതു കാണാതെ പോകരുത്. ഒന്ന്: കൂടുതല്‍ വാഹനങ്ങള്‍ ഇന്ധന ഉപഭോഗം കൂട്ടും. രണ്ട്: വായു മലിനീകരണത്തോത് കൂടും. മൂന്ന്: പാര്‍ക്കിങ്, റോഡ് സുരക്ഷ, ഗതാഗതക്കുരുക്ക് എന്നിവ പ്രശ്നമാകും. അതെല്ലാം പൊതുവായി പരിഹാരം കണ്ടെത്തേണ്ട കാര്യങ്ങളാണല്ലോ. ടാറ്റായുടെ നാനോ കാര്‍ വിപ്ലവം പരാജയപ്പെട്ടതല്ല, മതിയാക്കിയതാണ്. 2020 ഏപ്രിലിലോടെ ഉല്‍പ്പാദനം നിര്‍ത്തി. പുതിയ സാഹചര്യത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: