ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് ബി ജെ പി പ്രവര്ത്തകന് നേരെ അക്രമം . ഇരു കാലുകൾക്കും കൈക്കും തലക്കും സാരമായി പരിക്കേറ്റ നെല്ലിക്ക വീട്ടിൽ വിപിൻ എന്ന കുട്ടനെ (30 ) തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30 തോടെ ആയിരുന്നു സംഭവം .
വീട്ടിൽ നിന്നും ബൈക്കിൽ ഹാജി റോഡിലേക്ക് വരികയായിരുന്ന വിപിനെ നാലുപേർ അടങ്ങുന്ന സംഘം തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. നീ പാർട്ടിയിലേക്ക് ആളെക്കൂട്ടുന്നെല്ലേടാ എന്ന് പറഞ്ഞായിരുന്നു അക്രമം എന്നും കണ്ടാൽ അറിയാവുന്നവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും വിപിൻ പറഞ്ഞു. വടിവാളും ഇരുമ്പു ദണ്ഡുകളും ഉപയോഗിച്ചായിരുന്നു അക്രമം. വടിവാൾ വീശുന്നതിനിടെ കൈകൊണ്ട് തടുത്തതിനാൽ ഇടതുകൈക്ക് പരിക്കേറ്റു. ഇരുമ്പ് ദണ്ഡുകൊണ്ട് ഇരു കാലുകളും അടിച്ച് ഒടിക്കാനുള്ള ശ്രമവും നടന്നു.
മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സജീവ ബിജെപി പ്രവർത്തകനായ നെല്ലിക്ക വിപിനെ ആക്രമിച്ച് അപായപ്പെടുത്താൻ നടത്തിയ ശ്രമത്തിൽ സമഗ്രാന്വേഷണം വേണമെന്നും അക്രമികളെ ഉടൻ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഘർഷ മേഖലയില്ലാത്ത പ്രദേശത്ത് കരുതിക്കൂട്ടി പ്രശ്ങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. സിപിഎമ്മിനും എസ് ഡി പി ഐക്കും സ്വാധീനമുള്ള മേഖലയാണ് ഇവിടം .
ചാക്കാട് മേഖലയിൽ ലോക്ക് ഡൗണിന്റെ ഭാഗമായി വിപിന്റെ നേതൃത്വത്തിൽ സേവാഭാരതി യൂണിറ്റ് എല്ലാ വീടുകളിലും ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തിരുന്നു. ഇത് പ്രദേശത്തെ സിപിഎമ്മിലും എസ്ഡിപിഐ പ്രവർത്തകരിലും പ്രതിഷേധത്തിനും അമർഷത്തിനും ഇടയാക്കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഭാഗമായി നടന്ന അക്രമമാണ് ഇത് എന്നാണ് കരുതുന്നത്.
പ്രദേശത്തെ ക്രമസമാധാന നില തകർക്കാനുള്ള ഇത്തരം ശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്നും അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ബി ജെ പി മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, പ്രിജേഷ് അളോറ , എൻ. ശകുന്തള, സത്യൻ കൊമ്മേരി, പി.വി. അജി, എൻ.വി. ഗിരീഷ് എന്നിവർ ആക്റവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: