കണ്ണൂര്‍: മന്ത്രി ഇ.പി. ജയരാജനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതരായ 38 ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടു. സംഭവം നടന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഴുവന്‍ പ്രതികളെയും തലശ്ശേരി അഡീ. ജില്ലാ സെഷന്‍സ് കോടതി നാല് വെറുതെ വിട്ടത്. കേസിലെ 20-ാം പ്രതിയായ ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നിരുന്നു. മറ്റൊരു പ്രതി മാസങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടിരുന്നു.
2000 ഡിസംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.പാനൂര്‍ എലാങ്കോട് സിപിഎം പ്രവര്ത്തകന് കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ 2000 ഡിസംബര്‍ രണ്ടിന് വൈകിട്ടാണ് ബോംബെറിഞ്ഞ് ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ഇതിന്റെ പേരില്‍ 38 ആര്‍എസ്എസ്-ബിജെപിക്കാരെ പ്രതികളാക്കിയാണ് കേസെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ ഉള്പ്പെടുത്തിയവര്ക്കെതിരേ തെളിവുകളില്ലെന്നു കണ്ടു ഇവരെ വെറുതേവിട്ടത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെസിഎ മുനീറും അഡ്വ. വിനോദ്കുമാര്‍ ചമ്പളോനും ഹാജരായി. ആർഎസ്എസ്, ബിജെപി പ്രവർത്തകർക്ക് വേണ്ടി അഡ്വ.ടി .സുനിൽ കുമാർ, അഡ്വ. പി.പ്രേമരാജൻ എന്നിവർ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: