കൊല്ലം: അഗസ്ത്യാ ബയോഫാം ഇന്ത്യാ ലിമിറ്റഡ് കമ്പനിയെ നശിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കണമെന്ന് കമ്പനിയുടെ ചീഫ് പ്രമോട്ടര്‍ പ്രൊഫ. ഡി. അരവിന്ദാക്ഷന് പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2005 മെയ് 30ന് രജിസ്റ്റര്‍ ചെയ്ത കമ്പനിയെ തകര്‍ക്കാന്‍ മരുന്ന്, മയക്കുമരുന്ന് മാഫിയകള്‍ ആഗോളതലത്തില്‍ ഗൂഢാലോചന നടത്തി. 2007ല്‍ വാഹനാപകടമുണ്ടാക്കി തന്നെ കൊല്ലാന്‍ ശ്രമിച്ചതിനുപിന്നിലും മയക്കുമരുന്ന് മാഫിയകളാണ്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ഭീകരസംഘടനകള്‍ക്കും അതിലെ ചില നേതാക്കള്‍ക്കും ഈ മയക്കുമരുന്നു മാഫിയകളുമായി അടുത്ത ബന്ധമുണ്ട്. അതേക്കുറിച്ചും എന്‍ഐഎ അന്വേഷിക്കണമെന്നും പ്രൊഫ. അരവിന്ദാക്ഷന് ആവശ്യപ്പെട്ടു.
ഔഷധസസ്യങ്ങളില്‍ നിന്നും അലോപ്പതി മരുന്ന് നിര്‍മിക്കാനുള്ള പദ്ധതി തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചതായിരുന്നു തുടക്കം. കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് 27.25 കോടി രൂപ ധനസഹായത്തിനും ശുപാര്‍ശ ചെയ്തു. പാലക്കാട് ജില്ലയിലെ എരുത്തേമ്പതി പഞ്ചായത്തില്‍ 36 ഏക്കര്‍ സ്ഥലം ടെണ്ടറിലൂടെ വിലയ്ക്കു വാങ്ങി. 2008 ജൂണില്‍ അന്നത്തെ കേന്ദ്രമന്ത്രി വയലാര്‍ രവി ബയോപാര്‍ക്കിന്റെ ശിലാസ്ഥാപനം നടത്തി. ബയോടെക്നോളജി സര്‍വകലാശാലയിലും മരുന്നുനിര്‍മാണ ഫാക്ടറികളിലും വിപണനത്തിനും മറ്റു അനുബന്ധ മേഖലകളിലും 5000 പേര്‍ക്ക് നേരിട്ടും ഇരുപതിനായിരം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നാലിതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. കമ്പനിക്കെതിരെ വ്യാജരേഖകള്‍ ചമച്ച് കള്ളക്കേസുകളുണ്ടാക്കി. പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവന്നു. കൊറോണയ്ക്കെതിരെ ആഗോളവ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറിക്വീന് ഗുളിക അഗസ്ത്യ ബയോഫാമില് മികച്ചഗുണനിലവാരത്തില് ഉത്പാദിപ്പിക്കാന്‍ കഴിയുമായിരുന്നു. വര്‍ഷം ആയിരം കോടി രൂപയുടെ ഹൈഡ്രോക്സി ക്ലോറിക്വീന്‍ കയറ്റുമതി ചെയ്യാമായിരുന്നു. അതിനൊക്കെയുള്ള അവസരമാണ് ചിലരുടെ ഗൂഢാലോചന നിമിത്തം നഷ്ടമായതെന്നും ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സി വിശദമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ഔഷധി പദ്ധതി ഉപദേശകസമിതി അംഗമാണ് കേരള ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മുന്‍ എംഡി കൂടിയായ പ്രൊഫ. അരവിന്ദാക്ഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: